മെഡിക്കല്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ പരിവര്‍ത്തനം ചെയ്യുന്നു: മോദി
1 min readന്യൂഡെല്‍ഹി: രാജ്യത്തെ മുഴുവന്‍ മെഡിക്കല്‍ വിദ്യാഭ്യാസ സമ്പ്രദായത്തെയും കേന്ദ്രസര്‍ക്കാര്‍ പരിവര്‍ത്തനം ചെയ്യുകയാണെന്നും കോവിഡ് -19 മഹാമാരിയില്‍ നിന്നുള്ള പാഠങ്ങള്‍ മറ്റ് രോഗങ്ങള്‍ക്കെതിരെയും പോരാടാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡോ. എംജിആര്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ 33മത് ബിരുദദാന സമ്മേളനത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്തെ എംബിബിഎസ് സീറ്റുകള്‍ 30,000 ത്തിലധികമാണ് വര്‍ദ്ധിച്ചത്. 2014 നെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്. പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ സീറ്റുകളുടെ എണ്ണം 24,000 വര്‍ധിപ്പിച്ചു. ഇത് 2014 നെ അപേക്ഷിച്ച് 80 ശതമാനം വര്‍ധനവാണ്-മോദി പറഞ്ഞു.
കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 15 പുതിയ എയിംസിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014ല്‍ രാജ്യത്ത് ആറ് എയിംസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സമൂഹത്തിലെ ഡോക്ടര്‍മാരുടെ പങ്കിനെക്കുറിച്ച് സംസാരിച്ച മോദി, നമ്മുടെ രാജ്യത്തെ ഏറ്റവും ആദരണീയരായ പ്രൊഫഷണലുകളില്‍ ഡോക്ടര്‍മാരുണ്ടെന്നും ഇന്ന്, പകര്‍ച്ചവ്യാധിക്കുശേഷം ഈ ബഹുമാനം കൂടുതല്‍ ഉയര്‍ന്നതായും പറഞ്ഞു.’ഈ ബഹുമാനത്തിന്‍റെ കാരണം ആളുകള്‍ക്ക് നിങ്ങളുടെ തൊഴിലിന്‍റെ ഗൗരവം അറിയാമെന്നതാണ്. ‘നിങ്ങളുടെ നര്‍മ്മബോധം എപ്പോഴും നിലനിര്‍ത്താന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇത് നിങ്ങളുടെ രോഗികളെ സന്തോഷിപ്പിക്കാനും അവരുടെ മനോവീര്യം നിലനിര്‍ത്താനും സഹായിക്കും,’ മോദി ബിരുദധാരികളായ ഡോക്ടര്‍മാരെ ഉപദേശിച്ചു