സമൂഹമാധ്യമങ്ങള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു
ന്യൂഡെല്‍ഹി: സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നടപടിയെടുക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആക്ഷേപകരമായ ഉള്ളടക്കം 24 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യേണ്ടതുണ്ടെന്നും അതിന്‍റെ ഉറവിടം വെളിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതികള്‍ പരിഹരിക്കുന്നതിന് ഒടിടി അപ്ലിക്കേഷനുകള്‍ക്ക് ഒരു ഫോറം ആവശ്യമാണ്. അതുപോലെ സോഷ്യല്‍ മീഡിയ ദുരുപയോഗത്തിന് എതിരായ പരാതികള്‍ പരിഹരിക്കുന്നതിനും ഉപയോക്താക്കള്‍ക്കായി സംവിധാനമുണ്ടാകണം.
ട്വീറ്റിന്‍റെ ആദ്യ ഉറവിടം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വെളിപ്പെടുത്തേണ്ടതുണ്ടെന്ന് പുതിയ മാനദണ്ഡങ്ങളെക്കുറിച്ച് വിശദീകരിച്ച് മന്ത്രി പറഞ്ഞു. കോടതിയോ സര്‍ക്കാര്‍ അതോറിറ്റിയോ ആവശ്യപ്പെടുമ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ തെറ്റായ ട്വീറ്റിന്‍റെയോ സന്ദേശത്തിന്‍റെയോ ഉറവിടം വെളിപ്പെടുത്തേണ്ടതുണ്ട്. ഇതില്‍ ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും, ഭരണകൂടത്തിന്‍റെ സുരക്ഷ, പൊതു ക്രമം, വിദേശരാജ്യങ്ങളുമായുള്ള ബന്ധം, അല്ലെങ്കില്‍ ബലാത്സംഗം, ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം തുടങ്ങിയ ഉള്‍പ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് വര്‍ഷങ്ങളായി ആശങ്കകള്‍ ഉയര്‍ന്നുവരികയാണെന്നും പ്രസാദ് പറഞ്ഞു.
ഇതിനായി മന്ത്രാലയം വ്യാപകമായ കൂടിയാലോചനകള്‍ നടത്തി.2018 ഡിസംബറില്‍ ഇതുസംബന്ധിച്ച ഒരു കരട് തയ്യാറാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളുടെ അന്തസിനെതിരെ, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള പരാതികള്‍ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. സ്വകാര്യ ഭാഗങ്ങള്‍ തുറന്നുകാട്ടുതും നഗ്നത, ലൈംഗിക പ്രവര്‍ത്തി അല്ലെങ്കില്‍ ആള്‍മാറാട്ടം എന്നിവയ്ക്കെതിരായ പരാതികള്‍ ഉണ്ടെങ്കില്‍ പരാതി നല്‍കി 24 മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്യേണ്ടതുണ്ടെന്നും പ്രസാദ് പറഞ്ഞു. ഡിജിറ്റല്‍ മീഡിയയിലെ വാര്‍ത്തകളുടെ പ്രസാധകര്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ജേണലിസ്റ്റിക് പെരുമാറ്റത്തിന്‍റെ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദഹം പറഞ്ഞു.