പൊണ്ണത്തടി ചികിത്സയ്ക്ക് പരിഹാരമായി പുതിയ മരുന്ന്; ശരീരഭാരം അഞ്ചിലൊന്ന് കുറയും
1 min readപൊണ്ണത്തടി ചികിത്സയില്‍ പുതിയ വഴിത്തിരിവാകുമെന്ന് കരുതുന്ന സെമഗ്ലുറ്റൈഡ് എന്ന ഈ മരുന്നിന് ശരീര സംവിധാനങ്ങളെ നിയന്ത്രിച്ച് ആസക്തി ഇല്ലാതാക്കാനാകുമെന്നാണ് അവകാശവാദം
പൊണ്ണത്തടി കൊണ്ടും അമിത ശരീര ഭാരം കൊണ്ടും കഷ്ടപ്പെടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പൊണ്ണത്തടി ചികിത്സയില്‍ വഴിത്തിരിവാകുമെന്ന് കരുതപ്പെടുന്ന ഒരു മരുന്ന് വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍. തലച്ചോറിലെ സംവിധാനങ്ങളെ നിയന്ത്രിച്ച് കൊണ്ട് സെമഗ്ലുറ്റൈഡ് എന്ന് പേരുള്ള ഈ മരുന്ന് ആസക്തി ഇല്ലാതാക്കുമെന്നാണ് അവകാശവാദം. അതുവഴി വിശപ്പും ശരീരത്തിലെത്തിച്ചേരുന്ന കലോറിയും കുറയും.
പൊണ്ണത്തടിയുള്ളവര്‍ക്ക് ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉത്തമ പരിഹാരമെന്ന നിലയിലാണ് ഈ കണ്ടെത്തല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതുവഴി കോവിഡ്-19 അടക്കമുള്ള നിരവധി രോഗസാധ്യതകള്‍ ഇല്ലാതാക്കാനും അമിതവണ്ണമെന്ന പ്രശ്‌നവുമായി മല്ലിടുന്നവര്‍ക്ക് കഴിയും. പൊണ്ണത്തടി കുറയ്ക്കുന്നതിനായി ഈ മരുന്ന് കഴിച്ച മൂന്നില്‍ ഒരു വിഭാഗം ആളുകളിലും (35 ശതമാനം) ശരീരഭാരം അഞ്ചിലൊന്ന്(20 ശതമാനമോ അതില്‍ കൂടുതലോ) കുറഞ്ഞുവെന്നാണ് ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളെജ് (യുസിഎല്‍) സംഘം ആഗോളതലത്തില്‍ നടത്തിയ പഠനം പറയുന്നത്. പതിനാറ് രാജ്യങ്ങളിലായി ഏതാണ്ട് 2,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിന് നേതൃത്വം നല്‍കിയത് യുസിഎല്ലിലെ ഒബിസിറ്റി റിസര്‍ച്ച് വിഭാഗം തലവനും ഒബിസിറ്റി, ഡയബറ്റിസ്, എന്‍ഡോക്രൈനോളജി പ്രഫസറുമായ റേച്ചല്‍ ബാറ്റര്‍ഹാമാണ്.
പഠനത്തില്‍ നിന്ന് ലഭിച്ച തെളിവുകള്‍ ഉള്‍പ്പടെ പൊണ്ണത്തടി ചികിത്സയ്ക്കായി സെമഗ്ലുറ്റെഡ് എന്ന ഈ മരുന്ന് ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കല്‍ എക്‌സലന്‍സ്, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയെ സമീപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. പൊണ്ണത്തടിയുള്ള ആളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഈ മരുന്ന് വലിയ വഴിത്തിരിവാകുമെന്നാണ് പഠനത്തിലെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നതെന്ന് ബാറ്റര്‍ഹാം പറഞ്ഞു. സെമഗ്ലുറ്റൈഡ് 2.4 എംജി കഴിച്ച മൂന്നിലൊരു വിഭാഗം ആളുകളുടെയും ശരീരഭാരം പത്ത് ശതമാനത്തിലധികം കുറഞ്ഞു. അതിലേറെപ്പേര്‍ക്ക് ഈ മരുന്ന് കഴിച്ചതിലൂടെ ശരീരഭാരം 20 ശതമാനത്തോളം കുറഞ്ഞു. ഇതുവരെ ഒരു മരുന്നിനും ഈ രീതിയിലുള്ള ഫലം നല്‍കാനായിട്ടില്ലൈന്നും അതുകൊണ്ട് തീര്‍ച്ചതായും ഈ മരുന്നിന്റെ കണ്ടെത്തല്‍ ഒരു വഴിത്തിരിവാണെന്നും ബാറ്റര്‍ഹാം അവകാശപ്പെട്ടു. മുമ്പ് ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയിലൂടെ മാത്രം സാധിച്ചിരുന്ന നേട്ടമാണ് ഒരു മരുന്നിലൂടെ ഇപ്പോള്‍ സാധ്യമായിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആരോഗ്യത്തില്‍ പൊണ്ണത്തടിയുണ്ടാക്കുന്ന ആഘാതം കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പൊണ്ണത്തടിയുള്ളവരില്‍ രോഗബാധ മരണസാധ്യത വര്‍ധിപ്പിക്കുമെന്നും ഹൃദ്രോഗം, പ്രമേഹം, കരള്‍ രോഗങ്ങള്‍, അര്‍ബുദം തുടങ്ങി അകാല മരണത്തിന് കാരണമാകുന്ന നിരവധി രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പൊണ്ണത്തടിയുള്ളവരില്‍ കൂടുതലാണെന്നും നേരത്തെ കണ്ടെത്തിയിരുന്നു. പഠനത്തില്‍ പങ്കെടുത്തയാളുകളില്‍ ശരീരഭാരം ശരാശരി 15.3 കിലോയോളം കുറഞ്ഞു. ഇതോടെ, ഹൃദ്രോഗം, പ്രമേഹം, എന്നിവയ്്ക്കുള്ള സാധ്യതയും രക്തത്തിലെ കൊഴുപ്പ്, പഞ്ചസാര എന്നിവയും കുറഞ്ഞതായി കാണപ്പെട്ടു. മാത്രമല്ല ഇവരുടെ ജീവിത നിലവാരവും മെച്ചപ്പെട്ടതായി ഗവേഷകര്‍ അവകാശപ്പെട്ടു.
പൊണ്ണത്തടി ചികിത്സയില്‍ ഇത് നിര്‍ണായകമായ നേട്ടമാണെന്ന് യുകെയില്‍ പഠനത്തിന് നേതൃത്വം നല്‍കിയ ലിവര്‍പൂള്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള പ്രഫസര്‍ ജോണ്‍ വില്‍ഡിംഗ് പറഞ്ഞു. ഇപ്പോള്‍ തന്നെ പൊണ്ണത്തടി ചികിത്സയ്ക്കായി കുറഞ്ഞ ഡോസില്‍ സെമഗ്ലുറ്റൈഡ് ഉപയോഗിക്കുന്നുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ളവരിലും 1എംജി ഡോസില്‍ ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. മനുഷ്യരിലെ ഗ്ലുക്കഗോണ്‍ ലൈക്ക് പെപ്‌റ്റൈഡ്-1 (ജിഎല്‍പി-1) ഹോര്‍മോണിന് സമാനമായ ഘടനയുള്ള സംയുക്തമാണ് ഈ മരുന്നിലും അടങ്ങിയിരിക്കുന്നത്. ഭക്ഷണശേഷം അന്നനാളത്തില്‍ നിന്നും രക്തത്തിലേക്ക് കലരുന്ന ഹോര്‍മോണ്‍ ആണിത്. വിശപ്പ് കുറച്ച് കൊണ്ട് ശരീര ഭാരം കുറയ്ക്കുകയും വയറ് നിറഞ്ഞ പ്രതീതി ഉണ്ടാക്കുകയും അതുവഴി കുറച്ച് ഭക്ഷണം കഴിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും അതുവഴി ശരീരത്തിലെത്തുന്ന കലോറി കുറയ്ക്കുകയുമൊക്കെയാണ് ജിഎല്‍പി-1ന്റെ ജോലി.
സെമഗ്ലൂറ്റൈഡ് 2.4 എംജിയുടെ സുരക്ഷിതമായി ഉപയോഗം സംബന്ധിച്ച് ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളിലായി നടന്ന മരുന്ന് പരീക്ഷണത്തില്‍ മൂന്നാംഘട്ടത്തില്‍ ചിലയാളുകള്‍ ക്ഷീണം, വയറിളക്കം പോലുള്ള പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.