പ്രകൃതിയില്‍ സമയം ചിലവഴിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കും
മാനസിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രകൃതിയുടെ കഴിവിനെ പകര്‍ച്ചവ്യാധി ഒട്ടും ബാധിച്ചിട്ടില്ലെന്ന് ഗവേഷകര്‍
ലോക്ക്ഡൗണ്‍ കാലത്തെ വീട്ടിലിരുപ്പ് മാനസിക പിരിമുറക്കം വര്‍ധിപ്പിച്ചുവെന്ന പരാതി പലര്‍ക്കുമുണ്ട്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം അടച്ചുപൂട്ടി വീട്ടിലിരിക്കുന്നതില്‍ അസംതൃപ്തരാണ്. എന്നാണ് ഇതിനുള്ള പരിഹാരം പ്രകൃതിയിലുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. മാനസിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രകൃതിയുടെ കഴിവിനെ പകര്‍ച്ചവ്യാധി ഒട്ടും ബാധിച്ചിട്ടില്ലെന്നാണ് ഇവരുടെ അഭിപ്രായം.
പഠനത്തില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും പകര്‍ച്ചവ്യാധിക്കാലത്ത് മാനസിക പിരിമുറക്കം വര്‍ധിച്ചുവെന്നാണ് ഗവേഷകരോട് പറഞ്ഞത്. എന്നാല്‍ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ആളുകള്‍ക്ക് മാനസിക പിരിമുറുക്കത്തെ ഒരു പരിധി വരെ മറികടക്കാന്‍ സാധിച്ചു. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും പ്രകൃതിയെ കുറിച്ചുള്ള ചിന്തകള്‍ ഒരു വ്യക്തിയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ജോര്‍ജിയ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകനായ ബ്രിയാന്‍ ഡബ്ല്യ ഹാസ് പറഞ്ഞു.
ജപ്പാനിലും അമേരിക്കയിലുമായി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പകര്‍ച്ചവ്യാധി ആളുകളുടെ ജീവിതത്തെയും മാനസികാരോഗ്യത്തെയും എങ്ങനെ ബാധിച്ചുവെന്നും ഗവേഷകര്‍ പഠനവിധേയമാക്കി. പ്രകൃതിയെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ടപ്പാടുകള്‍ മനസിലാക്കാനായിരുന്നു ഗവേഷകരുടെ ശ്രമം. പകര്‍ച്ചവ്യാധി വ്യക്തിജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും സാമ്പത്തിക സ്ഥിതിയെയും എങ്ങനെ ബാധിച്ചുവെന്നും ഗവേഷകര്‍ പഠനത്തില്‍ പങ്കെടുത്തവരില്‍ നിന്നും ചോദിച്ചറിഞ്ഞു.