കോവിഡിനെതിരായ ആയുര്‍വേദ മരുന്ന്: പതഞ്ജലി ഗവേഷണ റിപ്പോര്‍ട്ട് പുറത്തിറക്കി
1 min read158 രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയക്കുമെന്ന് പതഞ്ജലി
ന്യൂഡെല്‍ഹി: കൊറോണ വൈറസിനെതിരായ ആയുര്‍വേദ മരുന്നിനെ കുറിച്ചുള്ള ഗവേഷണ റിപ്പോര്‍ട്ട് പതഞ്ജലി പുറത്തിറക്കി. കേന്ദ്രമന്ത്രിമാരായ ഹര്‍ഷ് വര്‍ദ്ധന്‍, നിതിന്‍ ഗഡ്കരി എന്നിവരുടെ സാന്നിധ്യത്തില്‍ പതഞ്ജലി സ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. കൊറോണ വൈറസിനെതിരെ ‘ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട’ കൊറോനില്‍ എന്ന മരുന്നിനെ കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ്. നേരത്തെ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തില്‍ ഈ മരുന്നിനെതിരെ വിവാദമുയര്‍ന്നിരുന്നു.
ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കേഷന്‍ സ്‌കീം പ്രകാരം ആയുഷ് വകുപ്പിന്റെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ഫാര്‍മസ്യൂട്ടിക്കല്‍ പ്രോഡക്ട് സര്‍ട്ടിഫിക്കറ്റ് കൊറോനിലിന് ലഭിച്ചിട്ടുണ്ടെന്ന്് പതഞ്ജലി പ്രസ്താവനയിലൂടെ അറിയിച്ചു. ആയുഷ് അംഗീകാരം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ 158ഓളം രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുമെന്നും കമ്പനി അറിയിച്ചു. കോവിഡ്-19 വാക്‌സിന്‍ നിര്‍മിക്കാന്‍ ലോകം കഷ്ടപ്പെടുന്നതിനിടയില്‍ ഇന്ത്യയുടെ പാരമ്പര്യ ചികിത്സാരീതിയായ ആയുര്‍വേദത്തിലൂടെ രോഗത്തിനെതിരെ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആദ്യ മരുന്ന് നിര്‍മിക്കാന്‍ പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് സാധിച്ചതായി കമ്പനി അവകാശപ്പെട്ടു. പകര്‍ച്ചവ്യാധിക്കെതിരെ നാച്ചുറോപ്പതിയെ അടിസ്ഥാനപ്പെടുത്തിയുള്ള താങ്ങാവുന്ന ചിലവിലുള്ള ചികിത്സയാണ് ഈ മരുന്നിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ബാബ രാംദേവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് പതഞ്ജലി കൊറോനില്‍ ഗുളികള്‍ ആദ്യമായി പുറത്തിറക്കിയത്. കോവിഡിനെ പ്രതിരോധിക്കുമെന്ന അവകാശവാദത്തോടെ ആയിരുന്നു അന്ന് കമ്പനി ഈ മരുന്ന് പുറത്തിറക്കിയത്. എന്നാല്‍ ഈ വാദം തെളിയിക്കുന്നതിനുള്ള തെളിവുകളുടെ അഭാവത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നതോടെ കമ്പനിക്ക് ‘ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍’ (പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നത്) എന്ന് ലേബല്‍ മാറ്റി മരുന്ന് പുറത്തിറക്കേണ്ടതായി വന്നു. മരുന്നിന്റെ ഫലപ്രാപ്തി തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളുടെയും പരീക്ഷണ വിവരങ്ങളുടെയും അഭാവമാണ് കൊറോനിലിനെ വിവാദത്തിലെത്തിച്ചത്. മരുന്നിന്റെ ഫലപ്രാപ്തി ചോദ്യം ചെയ്ത് ഉത്തരാഖണ്ഡ് സര്‍ക്കാരും പതഞ്ജലിക്കെതിരെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കൊറോനില്‍ കോവിഡ്-19 ചികിത്സിച്ച് ഭേദമാക്കുമെന്ന് തങ്ങള്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല എന്നായിരുന്നു കമ്പനിയുടെ മറുപടി.