ആണവ കരാര്‍: നിലപാട് മയപ്പെടുത്തി അമേരിക്ക; ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍
1 min readകരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറാകുകയാണെങ്കില്‍ ആണവ കരാറിലേക്ക് മടങ്ങിവരാമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടെന്ന് യൂറോപ്യന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു
വാഷിംഗ്ടണ്‍: 2015ലെ ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതിനായി ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്ക. ആണവായുധ നിര്‍മാണത്തില്‍ നിന്നും ഇറാനെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നിര്‍ണായക കരാറില്‍ നിന്നും പിന്മാറാനുള്ള മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനമാണ് ജോ ബൈഡന്‍ ഭരണകൂടം തിരുത്തുന്നത്. കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറാകുകയാണെങ്കില്‍ ആണവ കരാറിലേക്ക് മടങ്ങിവരാമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടെന്ന് യൂറോപ്യന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.
ഇറാന്‍ ഉള്‍പ്പടെ ആണവ കരാറില്‍ കക്ഷികളായ രാജ്യങ്ങളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പിന്നീട് വ്യക്തമാക്കി. ഇത്തരമൊരു ചര്‍ച്ചയ്ക്ക് വേദിയൊരുക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തില്‍ വന്നതിന് ശേഷം ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ബൈഡന്‍ ഭരണകൂടം നടത്തുന്ന ഏറ്റവും കാര്യക്ഷമമായ ഇടപെടലാണിത്.
എന്നാല്‍ അമേരിക്കയുടെ ഈ ഓഫര്‍ ഇറാന്‍ സ്വീകരിക്കില്ലെന്ന സൂചനയാണ് അമേരിക്കയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ ട്വിറ്ററിലൂടെ പ്രതികരിച്ച ഇറാന്റെ വിദേശകാര്യ മന്ത്രാലയം വക്താവ് സയീദ് ഖാതിബ്‌സദേഹിന്റെ ട്വീറ്റ് നല്‍കുന്നത്. കരാറില്‍ നിന്നും അമേരിക്ക പിന്മാറിയതിനാല്‍ ഇപ്പോള്‍ അംഗരാജ്യങ്ങള്‍ നാല് മാത്രമേയുള്ളുവെന്ന് സയീദ് ഓര്‍മ്മിപ്പിച്ചു. അമേരിക്കയുടെ നീക്കങ്ങള്‍ നല്ലതാണെങ്കിലും p5+1 എന്ന പൂര്‍വ്വാവസ്ഥയിലേക്ക് എത്തണമെങ്കില്‍ അമേരിക്ക ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്നും അപ്പോള്‍ തങ്ങള്‍ പ്രതികരിക്കാമെന്നും സയീദ് ട്വിറ്ററില്‍ എഴുതി.
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കരാറിലെ മറ്റ് അംഗങ്ങളും തങ്ങളുടെ പ്രതിജ്ഞകള്‍ പാലിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ഇറാന്‍ ആണവ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. അമേരിക്കയും യൂറോപ്യന്‍ ശക്തികളും ആദ്യം കരാറിലെ ബാധ്യതകളിലേക്ക് മടങ്ങി വരണമെന്ന ആവശ്യമാണ് ഇറാന്‍ മുന്നോട്ട് വെക്കുന്നത്.
കരാര്‍ പ്രകാരമുള്ള കടമകള്‍ പാലിച്ചില്ലെങ്കില്‍ ഇറാനിലെ ആണവ പദ്ധതി പ്രദേശങ്ങളില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഈ മാസം നടത്താന്‍ നിശ്ചയിച്ചിരുന്ന പരിശോധനകള്‍ അനുവദിക്കില്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ യുഎന്‍ ആണവോര്‍ജ ഏജന്‍സിയുടെ പരിശോധനകള്‍ തടയാന്‍ ശ്രമിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്ന് ഇ3 എന്നറിയപ്പെടുന്ന ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ ശക്തികളും അമേരിക്കയും ഇറാന് താക്കീത് നല്‍കി. ആണവ കരാര്‍ വ്യവസ്ഥകള്‍ ഇറാന്‍ കര്‍ശനമായി പാലിച്ച് തുടങ്ങിയാല്‍ അമേരിക്കയും അത് തന്നെ ചെയ്യുമെന്നും ആ ദിശയില്‍ ഇറാനുമായി ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നും പാരീസില്‍ വെച്ച് നടന്ന യോഗത്തിന് ശേഷം ഈ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി.
എന്നാല്‍ ആദ്യ നടപടി അമേരിക്കയുടെ ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പ്രതികരിച്ചു. ഇറാനെതിരെ കള്ളന്യായം നിരത്തുകയും കുറ്റങ്ങള്‍ ചാര്‍ത്തുകയും ചെയ്യുന്നതിന് പകരം യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ കടമകള്‍ പാലിക്കണമെന്നും ഇറാനെതിരെ ട്രംപ് മുന്നോട്ടുവെച്ച സാമ്പത്തിക ഭീകരതയെന്ന പാരമ്പര്യം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടണമെന്നും സരീഫ് ട്വിറ്ററില്‍ കുറിച്ചു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നടത്തുന്ന ലംഘനങ്ങള്‍ക്കുള്ള മറുപടിയാണ് തങ്ങള്‍ സ്വീകരിക്കുന്ന നടപടികളെന്നും അതിന്റെ ആഘാതത്തെ ഭയക്കുന്നുണ്ടെങ്കില്‍ ആദ്യം കാരണം ഇല്ലാതാക്കൂ എന്നും സരീഫ് എഴുതി. ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ അമേരിക്ക നിരുപാധികവും കാര്യക്ഷമമായും പിന്‍വലിക്കണമെന്നും അങ്ങനെ വന്നാല്‍ തങ്ങളും ഉടനടി പ്രതിരോധ നീക്കങ്ങള്‍ അവസാനിപ്പിക്കുമെന്നും മറ്റൊരു ട്വീറ്റില്‍ സരീഫ് വ്യക്തമാക്കി. നേരത്തെ അമേരിക്കയുമായും കരാറിലെ മറ്റ് അംഗങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സരീഫ് സൂചന നല്‍കിയിരുന്നു.