സൗദിയിലെ ഫുഡ് ഡെലിവറി വിപണി പ്രതിവര്‍ഷം 10.05 ശതമാനം വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട്
1 min read
കഴിഞ്ഞ വര്‍ഷം വിപണിയുടെ മൂല്യം 511 മില്യണ്‍ ഡോളറായി വളര്‍ന്നു
2026 വരെ പ്രതിവര്‍ഷം 10.05 ശതമാനം വളര്‍ച്ച വിപണി സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്‌ലിങ്കര്‍
റിയാദ്: സൗദി അറേബ്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗ്, ഡെലിവറി വിപണിയുടെ മൂല്യം കഴിഞ്ഞ വര്‍ഷം 511.21 മില്യണ്‍ ഡോളറായി ഉയര്‍ന്നു. 2026 വരെ പ്രതിവര്‍ഷം 10.05 ശതമാനം വളര്‍ച്ച വിപണി സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്‌ലിങ്കര്‍ ഗ്ലോബല്‍ റിസര്‍ച്ച് കമ്പനി റിപ്പോര്‍ട്ട് പുറത്തിറക്കി. പകര്‍ച്ചവ്യാധി മൂലമുള്ള വെല്ലുവിളിയുടെ സാഹചര്യത്തിലും കഴിഞ്ഞ വര്‍ഷം വിപണി സ്ഥിരതയുള്ള വളര്‍ച്ച പ്രകടമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിറ്റല്‍വല്‍ക്കരണം, ആധുനിക ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവ വരുംവര്‍ഷങ്ങളിലും സൗദി അറേബ്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗ്, ഡെലിവറി വിപണിയില്‍ വളര്‍ച്ച കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു.
മത്സരം കടുക്കുന്ന സൗദിയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയിലേക്ക് പുതിയ രണ്ട് കമ്പനികള്‍ കൂടി എത്തുന്ന സാഹചര്യത്തിലാണ് വിപണിയുടെ വളര്‍ച്ചാ സാധ്യതകളെ കുറിച്ച് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ദുബായ് വ്യവസായി മുഹമ്മദ് അലബ്ബറിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആയ നൂണ്‍ സൗദിയില്‍ റെസ്റ്റോറന്റ് ഡെലിവറി സേവനം ആരംഭിക്കുമെന്ന് കഴിഞ്ഞിടെ പ്രഖ്യാപിച്ചിരുന്നു. സൗദിയിലെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പിഐഎഫിന് നൂണില്‍ നിക്ഷേപമുണ്ട്. ഫെബ്രുവരിയോടെ ഇതിനായുള്ള ജീവനക്കാരെ നിയമിക്കാനും വര്‍ഷാവസാനത്തോടെ യുഎഇയിലും സൗദി അറേബ്യയിലും പ്രവര്‍ത്തനം ആരംഭിക്കാനുമാണ് നൂണിന്റെ പദ്ധതി.
മറ്റൊരു ദുബായ് വ്യവസായിയായ വാലിദ് ഹജ്ജും സൗദി സംരംഭകനായ ഫഹദ് അല്‍ഹോകെയിറും യുഎഇയിലും സൗദിയിലുമായി കിച്ച് എന്ന പേരില്‍ പുതിയ ഫുഡ് ഡെലിവറി കമ്പനി ആരംഭിച്ചതിന് പിന്നാലെയാണ് നൂണും ഈ വിപണിയിലേക്ക് രംഗപ്രവേശം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. 2021 ആദ്യപാദത്തില്‍ റിയാദില്‍ നാല് ഡെലിവറി കിച്ചണുകള്‍ തുറക്കാനും വര്‍ഷാവസാനത്തോടെ ജിസിസിയില്‍ ആകെ 15 കിച്ചണുകള്‍ കൂടി തുറക്കാനുമാണ് കിച്ചിന്റെ പദ്ധതി.