ഇമ്രാന്‍ഖാന്‍റെ ശ്രീലങ്കാ സന്ദര്‍ശനം; പാര്‍ലമെന്‍റിലെ പ്രസംഗം റദ്ദാക്കി
1 min readഇസ്ലാമബാദ്: ശ്രീലങ്കന്‍ പര്യടനത്തിനിടയില്‍ പാര്‍ലമെന്‍റിനെ അഭിസംബോധനചെയ്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്താനിരുന്ന പ്രസംഗം റദ്ദാക്കി. ഖാന്‍റെ രണ്ടുദിവസത്തെ പര്യടനം ഫെബ്രുവരി 22 ന് ആരംഭിക്കും.ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബയ രാജപക്സ, പ്രധാനമന്ത്രി മഹീന്ദ രാജപക്സ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നിക്ഷേപകരുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്യും. ഈ മാസം 24നായിരുന്നു ഖാന്‍ ശ്രീലങ്കന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യേണ്ടിയിരുന്നത്.
പാക് സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഖാന്‍റെ സ്ന്ദര്‍ശനത്തിനിടയില്‍ പാര്‍ലമെന്‍റിലെ പ്രസംഗം ഉള്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇത് റദ്ദാക്കിയതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് -19 ന്‍റെ സാഹചര്യത്തില്‍ ഈ പ്രസംഗം ഒഴിവാക്കണമെന്ന് സ്പീക്കര്‍ മഹീന്ദ യാപ അബീവര്‍ധന അഭ്യര്‍ത്ഥിച്ചതായി ശ്രീലങ്കയിലെ ദിനപത്രം എക്സ്പ്രസിനെ ഉദ്ധരിച്ച് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. എന്നാല്‍ ഇമ്രാന്‍ഖാന്‍ ശ്രീലങ്കന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യുന്നത് ഇന്ത്യ ഇഷ്ടപ്പെടുന്നില്ലെന്നും അത് ന്യൂഡെല്‍ഹിയുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും അവര്‍ ഭയപ്പെടുന്നതായി സ്രോതസുകളെ ഉദ്ധരിച്ച് പ്ത്രം പറയുന്നു.
പ്രസംഗത്തിനിടെ ഖാന്‍ കശ്മീര്‍ വിഷയം ഉന്നയിക്കുമെന്ന് ഉറപ്പായിരുന്നു. ഇത് ഇന്ത്യയെ അസ്വസ്ഥമാക്കും. അതുപോലെ, പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക് അവസരം നല്‍കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇമ്രാന്‍ ഖാനും കൊളംബോ തുല്യത കല്‍പ്പിക്കുന്ന നടപടിയാകും എന്നും അവര്‍ ഭയപ്പെടുന്നു. കൂടാതെ ശ്രീലങ്ക മുസ്ലീങ്ങള്‍ക്കുവേണ്ടി പാക് പ്രധാനമന്ത്രി സംസാരിക്കും എന്നുറപ്പാണ്. അവര്‍ ഭൂരിപക്ഷമായ ബുദ്ധമത അനുയായികളില്‍നിന്നും അടിച്ചമര്‍ത്തല്‍ നേരിട്ടിരുന്നു.
ശ്രീലങ്കയിലെ മുസ്ലിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഖാന്‍ സംസാരിക്കുന്നതില്‍ കൊളംബോയ്ക്ക് താല്‍പ്പര്യമില്ല. ഈസ്റ്റര്‍ ആക്രമണം അവര്‍ മറന്നിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല, കോവിഡ് -19 ബാധിച്ച് മരിക്കുന്നവര്‍ക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ബന്ധിത ശവസംസ്കാരം ബാധകമാക്കിയിരുന്നു. ഇത് രാജ്യത്തെ മുസ്ലീങ്ങള്‍ക്കും ബാധകമാണ്. പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തെ ഖാന്‍ സ്വാഗതം ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഖാന്‍ നടത്തുന്ന പ്രസ്താവനകളോ പ്രസംഗമോ സര്‍ക്കാരിന് തലവേദനയാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്.