ബഹ്‌റൈന്‍ ഡിജിറ്റല്‍ കോവിഡ്-19 വാക്‌സിന്‍ പാസ്‌പോര്‍ട്ട് പുറത്തിറക്കി
1 min readനാഷണല്‍ വാക്‌സിന്‍ രജിസ്റ്ററുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വാക്‌സിനേഷന്‍ വിവരങ്ങള്‍ ലഭ്യമാകും
ബഹ്‌റൈന്‍: ഡിജിറ്റല്‍ കോവിഡ്-19 വാക്‌സിന്‍ പാസ്‌പോര്‍ട്ട് ബഹ്‌റൈനില്‍ പുറത്തിറങ്ങി. വാക്‌സിനേഷനിലുടെ കോവിഡ്-19യില്‍ നിന്നും പരിരക്ഷ നേടിയവരെ ഡിജിറ്റലായി കണ്ടെത്തുന്നതിനുള്ള പദ്ധതിയാണിത്. ലോകത്തില്‍ തന്നെ ഇത്തരമൊരു പാസ്‌പോര്‍ട്ട് അവതരിപ്പിക്കുന്ന ആദ്യ രാഷ്്ട്രങ്ങളില്‍ ഒന്നാണ് ബഹ്‌റൈന്‍.
‘ബിഅവയര്‍’ എന്ന് പേരുള്ള ആപ്പില്‍ വാക്‌സിന്‍ സ്വീകരിച്ച വ്യക്തികള്‍ക്ക് പച്ച നിറത്തിലുള്ള ഫലകം അടയാളമായി നല്‍കിയിരിക്കും. വ്യക്തിയുടെ പേര്, ജനനത്തീയതി, രാജ്യം, സ്വീകരിച്ച വാക്‌സിന്‍ എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റും ഇതിനൊപ്പം ഉണ്ടായിരിക്കും. 21 ദിവസ ഇടവേളയില്‍ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിട്ടുള്ളവര്‍ക്കും അതിന് ശേഷം ആന്റിബോഡി രൂപപ്പെടാന്‍ രണ്ടാഴ്ച കാത്തുനിന്നവര്‍ക്കുമാണ് വാക്‌സിന്‍ പാസ്‌പോര്‍ട്ട് ലഭിക്കുക.
നാഷണല്‍ വാക്‌സിന്‍ രജിസ്റ്ററുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ ഡിജിറ്റല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്ക് അതിന്റെ സാധുത അറിയാന്‍ കഴിയും.
സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ടുകളും ഉപയോഗപ്പെടുത്തി കോവിഡ്-19നെതിരായ വാക്‌സിനിലൂടെ പ്രതിരോധശേഷി കൈവരിച്ചവരെ കണ്ടെത്തി സമ്പദ് വ്യവസ്ഥകള്‍ തുറന്ന് കൊടുക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് ഗവേഷണം നടത്തുകയാണ് ലോകമെങ്ങുമുള്ള സര്‍ക്കാരുകളും ഡെവലപ്പര്‍മാരും. ഫെബ്രുവരി അവസാനത്തോടെ കൊറോണ വൈറസ് വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ടിന്റെ ആദ്യ പതിപ്പ് പുറത്തിറക്കുമെന്ന് ഡെന്മാര്‍ക്ക് അറിയിച്ചിട്ടുണ്ട്. സമാനമായി സ്വീഡനും വാക്‌സിന്‍ പാസ്‌പോര്‍ട്ട് പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടിന്റെ രൂപത്തെ കുറിച്ച് ആഗോള മാതൃക നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
15 ദശലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള ഗള്‍ഫിലെ ദ്വീപ് രാഷ്ട്രമായ ബഹ്‌റൈന്‍ പൗരന്മാരും നിവാസികളും ഉള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്.