മൂന്ന് യുഎസ് കമ്പനികളിലായി പിഐഎഫ് 3.3 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു
1 min readഅമേരിക്ക ആസ്ഥാനമായ ആക്ടിവിഷന്‍ ബ്ലിസ്സാര്‍ഡ്, ഇലക്ട്രോണിക് ആര്‍ട്‌സ്, ടെയ്ക്-ടു ഇന്റെറാക്ടീവ് എന്നീ കമ്പനികളുടെ ഓഹരികളാണ് പിഐഎഫ് സ്വന്തമാക്കിയത്
റിയാദ്: സൗദി അറേബ്യയിലെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) കഴിഞ്ഞ വര്‍ഷം നാലാാംപാദത്തില്‍ മൂന്ന് അമേരിക്കന്‍ വീഡിയോ-ഗെയിം നിര്‍മാണ കമ്പനികളിലായി 3 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഓഹരികള്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് (എസ്ഇസി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
ആക്ടിവിഷന്‍ ബ്ലിസ്സാര്‍ഡ്, ഇലക്ട്രോണിക് ആര്‍ട്‌സ്, ടെയ്ക്-ടു ഇന്റെറാക്ടീവ് എന്നീ വീഡിയോ-ഗെയിം നിര്‍മാണ കമ്പനികളിലാണ് പിഐഎഫ് നിക്ഷേപം നടത്തിയത്. 1.39 ബില്യണ്‍ ഡോളര്‍ വിപണിമൂല്യം ഉള്ള ആക്ടിവേഷനിലെ 15 മില്യണ്‍ ഓഹരികളാണ് പിഐഎഫ് വാങ്ങിയത്. കമ്പനിയുടെ ആകെ ഓഹരികളുടെ 3.5 ശതമാനം വരുമിത്. ഇലക്ട്രോണിക് ആര്‍ട്‌സിന്റെ 1 ബില്യണ്‍ ഡോളര്‍ മൂല്യം 7.42 മില്യണ്‍ ഓഹരികളും ടെയ്ക്-ടു ഇന്റെറാക്ടീവിലെ 825.5 മില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 3.97 മില്യണ്‍ ഓഹരികളും പിഐഎഫ് വാങ്ങിയിട്ടുണ്ട്. ഇരു കമ്പനികളുടെയും ആകെ ഓഹരികളുടെ യഥാക്രമം 2.6 ശതമാനവും 3.5 ശതമാനവുമാണ് ഇവ പ്രതിനിധീകരിക്കുന്നത്.
ഡിസംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് ഏതാണ്ട് 3.3 ബില്യണ്‍ ഡോളര്‍ മൂന്ന് കമ്പനികളിലുമായി പിഐഎഫ് നിക്ഷേപിച്ചിട്ടുണ്ട്. ഇവ കൂടാതെ മള്‍ട്ടിപ്ലാന്‍ എന്ന കമ്പനിയിലും നാലാംപാദത്തില്‍ പിഐഎഫ് പുതിയതായി നിക്ഷേപം നടത്തി. കമ്പനിയുടെ 409.5 മില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 7.7 ശതമാനം ഓഹരികള്‍, അതായത് 51.3 മില്യണ്‍ ഓഹരികളാണ് പിഐഎഫ് വാങ്ങിച്ചത്.
എസ്ഇസിക്ക് സമര്‍പ്പിച്ച വിവരങ്ങള്‍ അനുസരിച്ച് ഡിസംബര്‍ 31 വരെ 12.77 ബില്യണ്‍ ഡോളറിന്റെ ഓഹരി ആസ്തികളാണ് (13എഫ്) പിഐഎഫിന് ഉള്ളത്. 7.05 ബില്യണ്‍ ഡോളറിന്റെ ഓഹരി ആസ്തികള്‍ ഉണ്ടായിരുന്ന സെപ്റ്റംബറിനെ അപേക്ഷിച്ച് ആസ്തികളില്‍ 81 ശതമാനം വര്‍ധനയുണ്ടായി. പിഐഎഫിന്റെ ഇന്‍വെസ്റ്റ്‌മെന്റ് പോര്‍ട്ട്‌ഫോളിയോയില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ ഉള്ളത് യുബര്‍ ടെക്‌നോളജീസിനാണ്. ഏതാണ്ട് 3,71 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 72.8 മില്യണ്‍ ഓഹരികളാണ് യുബറില്‍ പിഐഎഫിനുള്ളത്. യുഎസ് വിപണിയുടെ ആകെ നിക്ഷേപക മൂല്യത്തിന്റെ 29 ശതമാനം വരുമിത്. യൂട്ടിലിറ്റീസ് സെക്ടര്‍ ഫണ്ടില്‍ 2.07 ബില്യണ്‍ ഡോളര്‍ നിക്ഷേപക മുല്യം വരുന്ന ഓഹരികളും കാര്‍ണിവല്‍ കോര്‍പ്പറേഷനില്‍ 1.1 ബില്യണ്‍ മൂല്യം വരുന്ന 50.8 മില്യണ്‍ ഓഹരികളും പിഐഎഫിനുണ്ട്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ജനുവരിയില്‍ അവതരിപ്പിച്ച, പിഐഎഫിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നയങ്ങള്‍ ഉള്‍പ്പെടുന്ന വിഷന്‍ 2030യുടെ അടുത്ത ഘട്ടം സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിലേക്കുള്ള വഴികാട്ടിയാണ്.