വയനാട് വികസന പാക്കേജ് : കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് സജ്ജമാക്കും
1 min readതിരുവനന്തപുരം: വയനാട് വികസന പാക്കേജ് പ്രഖ്യാപിച്ചതിലൂടെ ജില്ലയുടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്ന്ത്. ജില്ലയിലെ പ്രധാനവിളയായ കാപ്പിയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയാണ് പാക്കേജിന്‍റെ പ്രധാന ലക്ഷ്യം. കുരുമുളക്, വാഴ, ഇഞ്ചി തേയില തുടങ്ങിയ വിളകളുടെ അഭിവൃദ്ധി, പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തല്‍, ടൂറിസം,വിദ്യാഭ്യാസ- ആരോഗ്യ രംഗങ്ങളുടെ ഉന്നമനം എന്നിവ പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വയനാട്ടില്‍ ഉത്പാദിപ്പിക്കുന്ന കാപ്പിപ്പൊടി വയനാട് കാപ്പി എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനായി കിഫ്ബി സഹായത്തോടെ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് സജ്ജമാക്കും. കാപ്പിപ്പൊടി ഉത്പാദനത്തിനായി വൈവിധ്യമാര്‍ന്ന പ്ലാന്‍റുകള്‍, സ്വകാര്യ സംരംഭകര്‍ക്ക് കാര്‍ഷിക സംസ്കരണ വ്യവസായങ്ങള്‍ക്കായുള്ള പ്ലോട്ടുകള്‍, വര്‍ക്ക് ഷെഡുകള്‍, ചക്ക തുടങ്ങിയ മറ്റ് കാര്‍ഷിക വിഭവങ്ങള്‍ സംസ്കരിക്കുന്നതിനുള്ള പൊതു സംസ്കരണ സംവിധാനം എന്നിവ പാര്‍ക്കിലുണ്ടാകും.
2022 അവസാനത്തോടെ പൂര്‍ത്തിയാകും വിധമാണ് പ്രവര്‍ത്തനങ്ങള്‍. പാര്‍ക്ക് പൂര്‍ത്തിയാകും വരെ ബ്രഹ്മഗിരി സൊസൈറ്റിയുടെ സഹകരണത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്‍റെ ഭാഗമായി കര്‍ഷകരില്‍ നിന്ന് കാപ്പിക്കുരു സംഭരണം ആരംഭിക്കുകയാണ്. നിര്‍ദ്ദിഷ്ടഗുണനിലവാരമുള്ള കാപ്പിക്കുരുവിന് കിലോയ്ക്ക് 90 രൂപയാണ് വില. കമ്പോളവിലയുടെ ഇരട്ടിയോളം വരും ഇത്.
കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് കുന്നുകളില്‍ വിളയുന്ന കാപ്പിപ്പൊടി എന്നതായിരിക്കും വയനാട് കാപ്പിപ്പൊടിയുടെ സവിശേഷത. കാര്‍ബണ്‍ബഹിര്‍ഗമനം കുറയ്ക്കാന്‍ പ്രത്യേക പദ്ധതിതന്നെ ജില്ലയില്‍ നടപ്പാക്കുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു .