കോവിഡ്-19 ജര്‍മനിയില്‍ ലോക്ക്ഡൗണ്‍ മാര്‍ച്ച് 7 വരെ നീട്ടി
1 min readബെര്‍ലിന്‍: കോവിഡ്-19 പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ജര്‍മനി തീരുമാനിച്ചു. ചാന്‍സലര്‍ ആംഗേല മെര്‍ക്കലും പതിനാറ് ഫെഡറല്‍ സ്റ്റേറ്റ് നേതാക്കളും തമ്മില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഈ മാസം പതിനാല് വരെ നിശ്ചയിച്ചിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 7 വരെ നീട്ടാന്‍ തീരുമാനമെടുത്തത്.
സെവന്‍ ഡേ ഇന്‍സിഡന്‍സ് റേറ്റ് മുപ്പത്തിയഞ്ച്(100,000 ജര്‍മന്‍ നിവാസികളില്‍ 35 പുതിയ പൊസിറ്റീവ് കേസുകള്‍ മാത്രം) എന്ന നിലയില്‍ എത്തിയെങ്കില്‍ മാത്രമേ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുകയുള്ളുവെന്നും വീഡിയോ കോണ്‍ഫറന്‍സിന് ശേഷം പുറത്തിറക്കിയ ഉത്തരവില്‍ ഭരണകര്‍ത്താക്കള്‍ അറിയിച്ചു. ഡിസംബര്‍ 22ലെ 198ന് ശേഷം സെവന്‍ ഡേ ഇന്‍സിഡന്‍സ് റേറ്റ് ബുധനാഴ്ച 68 ആയി കുറഞ്ഞിരുന്നു. നവംബര്‍ ആരംഭത്തിലാണ് ജര്‍മനിയില്‍ ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഡിസംബറില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.
പ്രതിദിന കേസുകള്‍ 30,000ത്തില്‍ നിന്ന് 10,000 ആയി കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും വ്യാപനശേഷി കൂടിയ വൈറസ് വകഭേദങ്ങളാണ് അധികാരികളെ ആശങ്കയിലാഴ്ത്തുന്നത്. പഴയ വൈറസ് പോയാലും പുതിയ വൈറസിനൊപ്പമാണ് ജര്‍മന്‍ ജനത ജീവിക്കേണ്ടി വരികയെന്നും അതിന്റെ സ്വഭാവമോ അതുമൂലമുള്ള ആഘാതമോ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വീഡിയോ കോണ്‍ഫറന്‍സിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ മെര്‍ക്കല്‍ പറഞ്ഞു.
ജര്‍മനിയില്‍ ഇതുവരെ 23 ലക്ഷം കോവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 62,969 ആണ്.