കഴിഞ്ഞ വര്‍ഷം ഡിഎക്‌സ്ബി എന്റെര്‍ടെയ്ന്‍മെന്റ്‌സില്‍ 2.7 ബില്യണ്‍ ദിര്‍ഹം നഷ്ടം
1 min readദുബായ്: ദുബായ് പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ് ഉടമ ഡിഎക്‌സ്ബി എന്റെര്‍ടെയ്ന്‍മെന്റസില്‍ കഴിഞ്ഞ വര്‍ഷം 2.7 ബില്യണ്‍ ദിര്‍ഹം നഷ്ടം. കഴിഞ്ഞ വര്‍ഷം അവസാനം വരെയുള്ള കണക്കനുസരിച്ച് 144 മില്യണ്‍ ദിര്‍ഹമാണ് കമ്പനിയുടെ വരുമാനം. തീം പാര്‍ക്കുകളില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷവും കമ്പനി ഏറ്റവുമധികം വരുമാനം സ്വന്തമാക്കിയത്. 2019ല്‍ ഡിഎക്‌സ്ബി 855 മില്യണ്‍ ഡോളര്‍ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.
2020ല്‍ 802,121 ആളുകളാണ് ഡിഎക്‌സ്ബി തീംപാര്‍ക്കുകള്‍ സന്ദര്‍ശിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 69 ശതമാനം ഇടിവുണ്ടായി. ആകെ സന്ദര്‍ശകരുടെ 36 ശതമാനം വരുന്ന അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണത്തിലും 7 ശതമാനം വാര്‍ഷിക ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ ഡിഎക്‌സ്ബിയുടെ ആകെ വരുമാനത്തിന്റെ ഏറിയ പങ്കും, 97 മില്യണ്‍ ദിര്‍ഹം തീംപാര്‍ക്കുകളില്‍ നിന്നാണ്. തീംപാര്‍ക്ക് കഴിഞ്ഞാല്‍ ഡിഎക്‌സ്ബിയില്‍ ഏറ്റവുമധികം വരുമാനം വരുന്നത് ലാപിറ്റ ഹോട്ടല്‍, റിവല്‍ലാന്‍ഡ് എന്നിവയില്‍ നിന്നുമാണ്- യഥാക്രമം 38 മില്യണ്‍ ദിര്‍ഹവും 7 മില്യണ്‍ ദിര്‍ഹവും.
മുന്‍വര്‍ഷത്തെ അപേക്ഷി്ച്ച് 2020ല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 49 ശതമാനം ഇടിഞ്ഞ് 285 മില്യണ്‍ ദിര്‍ഹമായി കുറഞ്ഞു. കോവിഡ്-19 പകര്‍ച്ചവ്യ.ാധിയെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറുമാസക്കാലം ഡിഎക്‌സ്ബി സ്ഥാപനങ്ങള്‍ അടഞ്ഞുകിടഞ്ഞതാണ് വരുമാനം കുറയാനുള്ള പ്രധാന കാരണം.
2020 നിരവധി വെല്ലുവിളികളുടെ വര്‍ഷമായിരുന്നുവെന്നും പകര്‍ച്ചവ്യാധിയുടെ ഫലമായി യാത്രാ, വിനോദ സഞ്ചാര മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് കമ്പനിയെ കാര്യമായി ബാധിച്ചുവെന്നും ഡിഎക്‌സ്ബി എന്റെര്‍ടെയ്ന്‍മെന്റ്‌സ് സിഇഒയും സിഎഫ്ഒയുമായ റെമി ഇഷക് പറഞ്ഞു. ആറുമാസത്തോളം സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നത് കമ്പനി പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക പ്രകടനത്തെയും ബാധിച്ചു. അതേസമയം കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ ചിലവ് ചുരുക്കല്‍ നടപടികളിലൂടെ വരുമാനത്തിലുണ്ടായ ഇടിവിന്റെ ആഘാതം ഒരു പരിധി വരെ പിടിച്ചുനിര്‍ത്താനായെന്നും റെമി വ്യക്തമാക്കി.
ഡിഎക്‌സ്ബിയുടെ നൂറ് ശതമാനം ഓര്‍ഡിനറി ഓഹരികളും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മെരാസ് എന്റെര്‍ടെയ്ന്‍മെന്റ് കമ്പനി കഴിഞ്ഞ ഡിസംബറില്‍ അറിയിച്ചിരുന്നു. എല്ലാ ഡിഎക്‌സ്ബി ഓഹരിയുടമകളും മെരാസില്‍ നിന്നുള്ള ഈ ഓഫര്‍ അംഗീകരിക്കണമെന്ന് കമ്പനി ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.