January 20, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെഎസ് യുഎം അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പിന് ദേശീയ ബഹുമതി

1 min read

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) കീഴിലുള്ള അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പായ ഫ്യൂസ് ലേജ് ഇന്നൊവേഷന്‍സിന് നാഷണല്‍ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്‌സ് 5.0 (എന്‍എസ്എ 5.0) ലെ ആസ്പയര്‍ അവാര്‍ഡ് ലഭിച്ചു. ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പുരസ്കാരം സമ്മാനിച്ചു. ഫ്യൂസ് ലേജ് ഇന്നൊവേഷന്‍സ് ഡയറക്ടര്‍ ദേവിക ചന്ദ്രശേഖരന്‍, എംഡി ദേവന്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാര്‍ട്ടപ്പ് നേതാക്കളുമായും സംരംഭകരുമായും സംവദിച്ചു. ഇന്ത്യയിലെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ നിന്നുള്ള നൂതന സ്റ്റാര്‍ട്ടപ്പുകളെയാണ് ആസ്പയര്‍ അവാര്‍ഡിനായി പരിഗണിക്കുന്നത്. നൂതനവും സമൂഹത്തിന് ഗുണകരവുമായ ഉത്പന്നങ്ങളും സേവനങ്ങളും വികസിപ്പിച്ചെടുത്ത മികച്ച സ്റ്റാര്‍ട്ടപ്പുകളെ അംഗീകരിക്കുക, ഇത്തരം സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക, സ്റ്റാര്‍ട്ടപ്പുകളുടെ പുതുമകളെയും പ്രാദേശിക വളര്‍ച്ചയിലുള്ള സംഭാവനകളെയും അംഗീകരിക്കുക, പ്രധാന മെട്രോകള്‍ക്കപ്പുറമുള്ള സംരംഭകത്വ മനോഭാവത്തെ വളര്‍ത്തുക തുടങ്ങിയവ ഇതിലൂടെ ലക്ഷ്യമിടുന്നു. 20 വിഭാഗങ്ങളിലായാണ് എന്‍എസ്എ 5.0 അവാര്‍ഡുകള്‍ നല്‍കുന്നത്. കേരളത്തിന്‍റെ ശക്തമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് ഇതൊരു സുപ്രധാന നേട്ടമാണെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. നവീകരണവും സംരംഭകത്വവും പരിപോഷിപ്പിക്കുന്നതിനുള്ള സംസ്ഥാനത്തിന്‍റെ അചഞ്ചലമായ സമര്‍പ്പണത്തിന് ഇത് തെളിവാണ്. മറ്റു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാതൃകയാക്കാവുന്ന ഉന്നത നിലവാരം ഫ്യൂസ് ലേജ് ഇന്നൊവേഷന്‍സിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി ആസ്ഥാനമായി 2020 ല്‍ സ്ഥാപിതമായ ഫ്യൂസ് ലേജ് ഇന്നൊവേഷന്‍സിന്‍റെ പ്രധാന ഉത്പന്നങ്ങള്‍ കാര്‍ഷിക ടെക്നോളജി, ഡിജിസിഐ സാക്ഷ്യപ്പെടുത്തിയ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം, നിരീക്ഷണം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്.

  പ്രവീൺ കുമാർ വസന്ത രാമചന്ദ്രൻ ആർബിഐ റീജിയണൽ ഡയറക്ടർ

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3