December 22, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ഇന്നൊവേഷന്‍ ട്രെയിന്‍’: യാത്രികരായി 950 ലധികം യുവസംരംഭകര്‍

1 min read

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്‌യുഎം) നൂതന സംരംഭമായ ‘ഇന്നൊവേഷന്‍ ട്രെയിന്‍’ തലസ്ഥാനത്ത് നിന്ന് കാസര്‍കോഡിലേക്ക് യാത്ര ആരംഭിച്ചു. വിദ്യാര്‍ത്ഥി സംരംഭകര്‍ക്കായി കെഎസ്‌യുഎം സംഘടിപ്പിക്കുന്ന ഇന്നൊവേഷന്‍ ഐഇഡിസി (ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍) ഉച്ചകോടിയുടെ ഭാഗമായാണ് ‘ഇന്നൊവേഷന്‍ ട്രെയിന്‍’ പുറപ്പെട്ടത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ട്രെയിന്‍ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തുടനീളമുള്ള ഏകദേശം 950 യുവസംരംഭകരാണ് ചാര്‍ട്ടേഡ് ട്രെയിനിലുള്ളത്. ചലനാത്മക സംരംഭകത്വ-ആശയ പ്ലാറ്റ് ഫോമാണ് ‘ഇന്നൊവേഷന്‍ ട്രെയിന്‍’. വിവിധ ജില്ലകളിലൂടെ കടന്നു പോകുന്ന ‘ഇന്നൊവേഷന്‍ ട്രെയിന്‍’ ഡിസംബര്‍ 22 (തിങ്കളാഴ്ച) ന് കാസര്‍കോഡ് നടക്കുന്ന ഐസിഡിസി ഉച്ചകോടിയോടനുബന്ധിച്ച് സമാപിക്കും. വിദ്യാര്‍ത്ഥി സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഉച്ചകോടിയുടെ പത്താം പതിപ്പാണ് ഇത്തവണത്തേത്. ഉച്ചകോടിയ്ക്ക് കാസര്‍ഗോഡ് എല്‍.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള കാസര്‍ഗോഡ് എന്നിവ ആതിഥേയത്വം വഹിക്കും. ‘ഇന്നൊവേഷന്‍ ട്രെയിന്‍’ ലെ ഓരോ കോച്ചും പ്രത്യേക വിഷയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഐഡിയേഷന്‍ സോണായി പ്രവര്‍ത്തിക്കും. പ്രോബ്ളം സ്റ്റേറ്റ്മെന്‍റ് ബോര്‍ഡുകള്‍, ഗൈഡഡ് ഡിസൈന്‍-തിങ്കിംഗ് സെഷനുകള്‍, റാപ്പിഡ് വാലിഡേഷന്‍ ടൂളുകള്‍, മെന്‍റര്‍ ഇന്‍ററാക്ഷന്‍ സ്ലോട്ടുകള്‍, ലൈവ് പിച്ച് കോര്‍ണറുകള്‍ എന്നിവ ഐഡിയേഷന്‍ സോണിന്‍റെ ഭാഗമാണ്. ഉപജീവനമാര്‍ഗ്ഗങ്ങള്‍, പൊതു സേവനങ്ങള്‍, കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കല്‍, കൃഷി, മത്സ്യബന്ധനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ പ്രശനങ്ങള്‍ യാത്രയിലുടനീളം തിരിച്ചറിഞ്ഞ് പരിഹാരാശയങ്ങള്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കിതിലൂടെ അവസരം ലഭിക്കും. ‘ഇന്നൊവേഷന്‍ ട്രെയിന്‍’ യാത്രയ്ക്കിടെ യുണീക്ക് വേള്‍ഡ് റോബോട്ടിക്സ് (യുഡബ്ല്യുആര്‍) ‘ട്രെയിനത്തോണ്‍’ സംഘടിപ്പിക്കും. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ‘ട്രെയിനത്തോണ്‍’ ആരംഭിക്കുക. കാസര്‍ഗോഡ് വരെയുള്ള യാത്രയ്ക്കിടയിലെ അനുഭവങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ട്രെയിന്‍ സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താനുള്ള അവസരം യുവസംരംഭകര്‍ക്ക് ഇതിലൂടെ ലഭിക്കും. ഐസ് ബ്രേക്കിംഗ് സെഷനോടെ ആരംഭിച്ച യാത്രയില്‍ മെന്‍റര്‍ഷിപ്പ്, സ്കില്ലിംഗ് സെഷനുകള്‍, വിദ്യാര്‍ത്ഥി സംരംഭകരുടെ പ്രഭാഷണങ്ങള്‍ എന്നിവയും നടന്നു. ഐഇഡിസിയും തിങ്കര്‍ഹബ്ബും സംഘടിപ്പിക്കുന്ന മൂവിംഗ് ഹാക്കത്തോണ്‍ യാത്രയിലെ പ്രധാന ആകര്‍ഷണമാണ്. ഐഇഡിസി ഉച്ചകോടിയ്ക്ക് മുന്നോടിയായി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള കാമ്പസില്‍ നോഡല്‍ ഓഫീസര്‍ മീറ്റും കാസര്‍ഗോഡ് ജില്ലയിലെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ ഉള്‍പ്പെടുത്തിയുള്ള സ്ഥാപകമീറ്റും സംഘടിപ്പിച്ചിരുന്നു. നോഡല്‍ ഓഫീസര്‍ മീറ്റില്‍ കെഎസ്‌യുഎം സിഇഒ അനൂപ് അംബിക ക്ലസ്റ്റര്‍ ലെവല്‍ അവതരണം നടത്തി. വര്‍ക്ക്ഷോപ്പുകള്‍, സെമിനാറുകള്‍, ഓപ്പണ്‍ മൈക്ക് സെഷന്‍ എന്നിവ നോഡല്‍ ഓഫീസര്‍ മീറ്റിനെ ആകര്‍ഷകമാക്കി. സമൂഹത്തിന് ഗുണകരമാകുന്നതും നടപ്പിലാക്കാനാകുന്നതുമായ ഇരുന്നൂറോളം നൂതനാശയങ്ങള്‍ ഇതിലൂടെ രൂപപ്പെടുമെന്ന് കരുതുന്നു. ഇന്നൊവേഷന്‍ ട്രെയിനിന്‍റെ ഭാഗമായി രൂപപ്പെടുന്ന ആശയങ്ങള്‍ക്ക് ഉച്ചകോടിയിലെ പിച്ച് സെഷനുകള്‍, ഇന്നൊവേഷന്‍ ഷോകേസുകള്‍, ഫണ്ടിംഗ് ഏജന്‍സികളുമായുള്ള നെറ്റ് വര്‍ക്കിംഗ് എന്നിവയില്‍ മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുത്ത ആശയങ്ങള്‍ക്ക് വിദഗ്ധ മാര്‍ഗനിര്‍ദേശം, പ്രൂഫ്-ഓഫ്-കണ്‍സെപ്റ്റ് വികസനം, ഇന്‍കുബേഷന്‍ അവസരങ്ങള്‍ എന്നിവയും കെഎസ്‌യുഎം ലഭ്യമാക്കും. പ്രാദേശിക തലത്തിലെ അടിസ്ഥാന പ്രശ്നങ്ങളെ യുവസംരംഭകര്‍ തിരിച്ചറിയുന്നതിനൊപ്പം പരിഹാര ആശയങ്ങളിലേക്കും വിപണി സാധ്യതകളിലേക്കും തുറക്കുന്ന പാതകളിലൊന്നാണ് ‘ഇന്നൊവേഷന്‍ ട്രെയിന്‍’ എന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂതനാശയക്കാര്‍ക്ക് ഇതിന്‍റെ ഭാഗമാകാനാകും. എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊള്ളുന്നതും തുല്യപങ്കാളിത്തവും താഴെത്തട്ടിലുള്ള നവീകരണവും ഉറപ്പുവരുത്തുന്നതിനുമുള്ള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രതിബദ്ധത ഇത്തരം സംരംഭങ്ങളിലൂടെ ഉയര്‍ത്തിക്കാട്ടാനാകും. സമൂഹത്തിന് പ്രയോജനകരമായ നൂതനാശയങ്ങള്‍ കണ്ടെത്താന്‍ അടുത്ത തലമുറയെ ഇതിലൂടെ പ്രചോദിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിരുദതലത്തില്‍ തന്നെ സ്റ്റാര്‍ട്ടപ്പ് അവബോധം സൃഷ്ടിക്കാനും സംരംഭക അഭിരുചിയുള്ളവരെ കണ്ടെത്താനും ലക്ഷ്യമിട്ട് കെഎസ്‌യുഎം ആവിഷ്കരിച്ച സംരംഭമാണ് ഐഇഡിസി. വിദ്യാര്‍ത്ഥി സംരംഭകരെ അവരുടെ ആശയങ്ങളും അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കാന്‍ സഹായിക്കുന്ന പ്രധാന ഉദ്യമമാണ് ഐഇഡിസി ഉച്ചകോടി. സാങ്കേതികവിദ്യ, സംരംഭകത്വം, നൈപുണ്യ വികസനം തുടങ്ങി ഒട്ടനവധി മേഖലകളുടെ സംയോജനമാണിത്. വ്യവസായ നേതാക്കള്‍, വിവിധ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ തുടങ്ങിയവരുമായി വിദ്യാര്‍ത്ഥി സമൂഹത്തെ നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള വേദിയുമുണ്ടാകും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപരിചയം നേടാനും കൂടുതല്‍ വിദഗ്ധരുമായി ആശയവിനിമയം നടത്താനും സാധിക്കും. യുവജനങ്ങളില്‍ നൂതന ചിന്തകളും സംരംഭകത്വ കാഴ്ചപ്പാടുകളും വളര്‍ത്തുന്നതിനൊപ്പം കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സംരംഭകര്‍, വ്യവസായ വിദഗ്ധര്‍ എന്നിവരെ ഒരുമിപ്പിക്കുന്ന വേദിയാകും ഇത്. വിദ്യാര്‍ത്ഥികളുടെ ആശയങ്ങളെ പ്രായോഗിക സ്റ്റാര്‍ട്ടപ്പുകളായി വളര്‍ത്താനുള്ള അവസരങ്ങള്‍ ഒരുക്കി കേരളത്തിന്‍റെ സംരംഭക ഭാവി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ഷം തോറും ഈ പരിപാടി സംഘടിപ്പിച്ചു വരുന്നത്. സംസ്ഥാനത്തുടനീളമുള്ള 550-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 1000-ത്തിലധികം അധ്യാപകരും 10,000-ത്തിലധികം വിദ്യാര്‍ത്ഥികളും ഇതിന്‍റെ ഭാഗമാകും. വിവിധ ഐഇഡിസി സെന്‍ററുകള്‍, സ്റ്റാര്‍ട്ടപ്പ് പ്രതിനിധികള്‍, ഗവേഷകര്‍, വ്യവസായ വിദഗ്ധര്‍, നവോത്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ ഈ ഉച്ചകോടിയില്‍ പങ്കെടുക്കും.

  ഓഗസ്റ്റ് റയ്‌മണ്ട് ഇന്ത്യൻ വിപണിയിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3