വസന്തോത്സവം-2025 ഡിസംബര്‍ 24 ന് തുടക്കമാകും
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതിനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘വസന്തോത്സവം-2025’ നോടനുബന്ധിച്ച് എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. വസന്തോത്സവത്തിന്‍റെ ഭാഗമായി കനകക്കുന്നില്‍ ഡിസംബര്‍ 24 ന് ആരംഭിക്കുന്ന പുഷ്പമേളയും ദീപാലങ്കാരവും ജനുവരി 4 ന് സമാപിക്കും. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡിടിപിസി) ചേര്‍ന്നൊരുക്കുന്ന ഈ വര്‍ഷത്തെ പുഷ്പോത്സവം ക്യൂറേറ് ചെയ്യുന്നത് പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആണ്. വസന്തോത്സവത്തില്‍ പുഷ്പ സസ്യങ്ങള്‍ അലങ്കാര സസ്യങ്ങള്‍, ബോണ്‍സായി, ഓര്‍ക്കിഡുകള്‍, ആന്തൂറിയം, അഡീനിയം, കാക്റ്റസ് തുടങ്ങിയവയുടെ ആകര്‍ഷകമായ പ്രദര്‍ശന മത്സരം, ഫ്ളോറല്‍ അറെയ്ഞ്ച്മെന്‍റ്, ഫ്ളോറല്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങിയ മത്സര ഇനങ്ങള്‍ മേളയെ ആകര്‍ഷകമാക്കും. വ്യക്തികള്‍, നഴ്സറികള്‍, സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മത്സര വിഭാഗത്തില്‍ പങ്കെടുക്കാവുന്നതാണ്. ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെയും ഓരോ വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍മാരെയും തിരഞ്ഞെടുക്കും. വ്യത്യസ്തവും അപൂര്‍വ്വവുമായ പൂക്കളുടെ ശേഖരം മേളയെ ആകര്‍ഷകമാക്കും. മത്സര വിഭാഗത്തില്‍ ഏകദേശം 15,000 ചെടികള്‍ക്കു പുറമേ 25000-ത്തിലധികം പൂച്ചെടികളും ഈ വര്‍ഷത്തെ വസന്തോത്സവത്തിലുണ്ടാകും. ചെടികള്‍ വാങ്ങുന്നതിനായി വിവിധ നഴ്സറികളുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ഇന്‍സ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തില്‍ ദീപാലങ്കാരങ്ങളും ഒരുക്കും. ഇതിന്‍റെ ഭാഗമായുള്ള ലൈറ്റ് ഷോ തലസ്ഥാന നഗരത്തെ പ്രകാശപൂരിതമാക്കും. മുതിര്‍ന്നവര്‍ക്ക് 50 രൂപ, കുട്ടികള്‍ക്ക് 30 രൂപ എന്നിങ്ങനെയാണ് വസന്തോത്സവത്തിലേക്കുള്ള ടിക്കറ്റ് നിരക്ക്.

https://shorturl.fm/YQWFQ