November 11, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സംരംഭക ട്രെയിൻ ‘ജാഗൃതി’ യാത്രയ്ക്ക് കൊച്ചിയിൽ

1 min read

Person using tablet

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സംരംഭക ട്രെയിന്‍ യാത്രയായ ജാഗൃതി എക്സ്പ്രസ് കൊച്ചിയിലെത്തി. ജാഗൃതി യാത്രയുടെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് സംഘം കൊച്ചി സന്ദര്‍ശിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ യാത്രാംഗങ്ങള്‍ക്ക് ഔദ്യോഗികമായ സ്വീകരണം ഒരുക്കി. കെഎസ് യുഎം സിഇഒ അനൂപ് അംബിക യാത്രയെ അഭിസംബോധന ചെയ്തു. രാജ്യത്തൊട്ടാകെയുള്ള യുവ സാമൂഹിക-സംരംഭക പരിവർത്തകരായ 525 യുവയാത്രികരാണ് 15 ദിവസം നീണ്ടു നില്‍ക്കുന്ന ഈ യാത്രയില്‍ പങ്കെടുക്കുന്നത്. 2008 ല്‍ ആരംഭിച്ച ഈ യാത്ര എല്ലാ വര്‍ഷവും മുംബൈയില്‍ നിന്നാരംഭിച്ച് വിവിധ സ്ഥലങ്ങളിലൂടെ 8000 കി. മിയിലധികം യാത്ര ചെയ്ത് മുംബൈയില്‍ തന്നെ അവസാനിക്കും. വിവിധ മേഖലകളിലുള്ള പന്ത്രണ്ട് കേന്ദ്രങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. സ്റ്റാര്‍ട്ടപ്പ് മേഖലയുടെ ഭാഗമായാണ് കൊച്ചിയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും യാത്ര സന്ദര്‍ശിച്ചത്. കളമശേരിയിലെ ഡിജിറ്റല്‍ ഹബില്‍ നടന്ന പരിപാടിയില്‍ അനൂപ് അംബികയും ജാഗൃതി യാത്രാ ബോര്‍ഡംഗം സുനില്‍ പാങ്ഗോര്‍ക്കറും സംബന്ധിച്ചു. രാജ്യത്തെ ഏറ്റവും ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി കേരളം മാറിയതെങ്ങിനെയെന്ന് അനൂപ് അംബിക വിവരിച്ചു. സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കായി കേരള-കേന്ദ്രസര്‍ക്കാരുകള്‍ നല്‍കുന്ന സഹായപദ്ധതികളും അദ്ദേഹം സദസ്സിന് മുന്നില്‍ അവതരിപ്പിച്ചു. 7500 ലധികം സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തിലിന്നുള്ളത്. സേവന മേഖലയില്‍ നിന്ന് ഡീപ് ടെക്, ഉത്പന്ന വികസനം തുടങ്ങിയവയിലാണ് ഇനി സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുറമുഖം, ബഹിരാകാശം, ആരോഗ്യമേഖല, ക്രിയേറ്റീവ് സമ്പദ് വ്യവസ്ഥ, പുനരുപയോഗ ഊര്‍ജ്ജം എന്നിവയിലാണ് ഇനി പരമ്പരാഗത വ്യവസായങ്ങളില്‍ കേരളത്തിന് ഊന്നല്‍ നല്‍കാവുന്നത്. എന്നാല്‍ ഡീപ് ടെക് മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ അനന്തമാണെന്നും അദ്ദേഹം പറഞ്ഞു. നൂതനത്വം എങ്ങിനെയാണ് രാജ്യത്തിന്റെ ഭാവിയെ വാര്‍ത്തെടുക്കുന്നതെന്ന് നേരിട്ടു കാണാനുള്ള അവസരമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സന്ദര്‍ശനത്തിലൂടെ സംഘാംഗങ്ങള്‍ക്ക് ലഭിച്ചതെന്ന് ജാഗൃതി യാത്രാ സിഇഒ അശുതോഷ് കുമാര്‍ പറഞ്ഞു. സാര്‍ഥകമായ ആശയങ്ങളെ എങ്ങിനെ ഉത്പന്നങ്ങളാക്കി മാറ്റുമെന്നതിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് കേരളം നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ലോകോത്തര അടിസ്ഥാന സൗകര്യങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകയുടെ സാംസ്കാരിക ഹൃദയമായ ഹുബ്ലിയിൽ നിന്നാണ് യാത്ര കൊച്ചിയിലെത്തിയത്. ഇവിടെ നിന്നും മധുര, ശ്രീസിറ്റി, വിശാഖപട്ടണം, ബഹറാംപൂര്‍, നളന്ദ, ദേവരിയ, ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ് വഴിയാണ് മുംബൈയിലെത്തുന്നത്. രണ്ട് പതിറ്റാണ്ടുകളായി, ജാഗൃതി യാത്ര 9,000-ത്തിലധികം യുവാക്കളെ സംരംഭങ്ങളിലൂടെ മേഖലയിലേക്കെത്തിക്കാനും അതു വഴി രാജ്യത്തിന്റെ പരിവർത്തനത്തിന് നേതൃത്വം നൽകാനും പ്രചോദിപ്പിച്ചു, ഇതിലെ പൂർവ്വ യാത്രികരില്‍ 28% പേർ വിദ്യാഭ്യാസം, ആരോഗ്യം, സുസ്ഥിരത, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സംരംഭകരായി മാറിയിട്ടുണ്ട്.

  ടെന്നെകോ ക്ലീന്‍ എയര്‍ ഇന്ത്യ ഐപിഒ നവംബര്‍ 12 മുതല്‍

 

Maintained By : Studio3