4.7 ബില്യൺ ഡോളറിന്റെ കയറ്റുമതി എന്ന നേട്ടം കൈവരിച്ച് സ്‌പൈസസ് ബോർഡ്
തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തിൽ സ്‌പൈസസ് ബോർഡ് 4.7 ബില്യൺ ഡോളറിന്റെ സുഗന്ധവ്യഞ്ജന കയറ്റുമതി എന്ന നിർണായക നേട്ടം കൈവരിച്ചതായി സ്‌പൈസസ് ബോർഡ് ഡയറക്ടർ ഡോ. എ ബി രമ ശ്രീ. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന ഏലത്തിന്റെ നിരസിക്കൽ നിരക്ക് കേവലം 0.5% മാത്രമാണെന്നും ഡോ. രമ കൂട്ടിച്ചേർത്തു. കൊച്ചിയിലെ സ്‌പൈസസ് ബോർഡ് ആസ്ഥാനത്ത് സംഘടിപ്പിച്ച ഇന്റർ-മീഡിയ പബ്ലിസിറ്റി കോർഡിനേഷൻ കമ്മിറ്റി (ഐഎംപിസിസി) യോഗത്തിൽ സംസാരിക്കുകയായിരുന്നു ഡോ. രമ. ശുദ്ധവും സുരക്ഷിതവുമായ രീതിയിൽ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്യുക, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് സ്‌പൈസസ് ബോർഡ് ലക്ഷ്യമിടുന്നതെന്നും ഡോ. രമ സൂചിപ്പിച്ചു. പൊതുജനവുമായുള്ള മികച്ച ആശയവിനിമയം ഭരണനിർവഹണത്തിന്റെ ശക്തമായ ഒരു ഉപകരണമാണെന്ന് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവേ സ്പൈസസ് ബോർഡ് സെക്രട്ടറി ശ്രീമതി പി. ഹേമലത ഐഎഎസ്, എടുത്തുകാട്ടി. വിവിധ കേന്ദ്ര സർക്കാർ വകുപ്പുകൾക്ക് അവരുടെ പ്രവർത്തനങ്ങൾ വിവരിക്കുന്നതിനും, പരസ്പരം വിവരങ്ങൾ കൈമാറി മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിനും, സഹകരണത്തിനും മെച്ചപ്പെടുത്തലിനുമുള്ള വഴികൾ തിരിച്ചറിയുന്നതിനും ഐഎംപിസിസി യോഗം മികച്ച അവസരം നൽകുന്നുവെന്ന് ശ്രീമതി ഹേമലത അഭിപ്രായപ്പെട്ടു. കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങളും, കർഷകർക്കും ഉൽപ്പാദകർക്കും വേണ്ടിയുള്ള നിരവധി പദ്ധതികളുടെ നടപ്പാക്കലും യോഗത്തിൽ സ്പൈസസ് ബോർഡ് എടുത്തുകാട്ടി. സുഗന്ധവ്യഞ്ജനങ്ങളെയും പാചകത്തിൽ ഉപയോഗിക്കുന്ന സസ്യങ്ങളെയും ആഗോള നിലവാരത്തിലേക്ക് വികസിപ്പിക്കുന്ന, സ്പൈസസ് ബോർഡ് ആതിഥേയത്വം വഹിക്കുന്ന കോഡെക്സ് കമ്മിറ്റി ഓൺ സ്പൈസസ് ആൻഡ് കലിനറി ഹെർബ്സിന്റെ (CCSCH) പ്രവർത്തനങ്ങളെക്കുറിച്ചും ബോർഡ് യോഗത്തിൽ വിശദീകരിച്ചു. ആഗോള സുഗന്ധവ്യഞ്ജന വ്യാപാര രംഗത്ത് ഇന്ത്യയുടെ നേതൃത്വം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര കുരുമുളക് സമ്മേളനത്തെക്കുറിച്ചും ബോർഡ് പരാമർശിച്ചു.
