November 8, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐ.കെ.ജി.എസ്: താല്‍പര്യപത്രം ഒപ്പിട്ടതില്‍ 36.23% നിര്‍മ്മാണ ഘട്ടത്തില്‍

1 min read

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ താല്‍പര്യപത്രം ഒപ്പുവച്ച നിക്ഷേപ പദ്ധതികളില്‍ നൂറ് പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങി. എന്‍.ഡി.ആര്‍ സ്പെയ്സിന്‍റെ വെയര്‍ഹൗസിംഗ് ആന്‍റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കാണ് നിര്‍മ്മാണ ഘട്ടത്തിലേക്ക് പ്രവേശിച്ച നൂറാം പദ്ധതി. ആലുവയിലാണ് പദ്ധതി നിര്‍മ്മാണം തുടങ്ങിയത്. നിക്ഷേപക സംഗമത്തില്‍ താല്‍പര്യപത്രം ഒപ്പിട്ട പ്രമുഖ ആഗോള കമ്പനികള്‍ ഉള്‍പ്പെടെ അവരുടെ നിക്ഷേപ പദ്ധതികളുടെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. ഇത്രയും ചുരുങ്ങിയ സമയത്തില്‍ നൂറ് പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങുന്നത് രാജ്യത്തെ തന്നെ റെക്കോഡാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. സമ്മിറ്റില്‍ ഒപ്പുവച്ച 449 നിക്ഷേപ താല്‍പര്യപത്രങ്ങളില്‍ ഭൂമി ലഭ്യമായ 276 പദ്ധതികളില്‍, 100 പദ്ധതികള്‍ താല്‍പര്യപത്രത്തില്‍ നിന്ന് നിര്‍മ്മാണഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പരിവര്‍ത്തനിരക്ക് 36.23% ആണ്. 35,111.750 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് നിര്‍മ്മാണഘട്ടത്തിലുള്ളത്. 49.732 തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. 449 സ്ഥാപനങ്ങളില്‍ നിന്നായി 1.80 ലക്ഷം കോടി രൂപയുടെ താല്‍പര്യപത്രങ്ങളാണ് ഐ. കെ. ജി. എസിലൂടെ ഒപ്പിട്ടത്. ഇതില്‍ അനിമേഷന്‍ രംഗത്തെ പ്രമുഖരായ ഇറ്റാലിയന്‍ കമ്പനി ഡൈനിമേറ്റഡ്, പ്രമുഖ ലോജിസ്റ്റിക് കമ്പനി അവിഗ്ന തുടങ്ങിയവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങി. അദാനി ലോജിസ്റ്റിക് പാര്‍ക്ക്, കോവിഡ് വാക്സിന്‍ വികസിപ്പിച്ച കൃഷ്ണ എല്ലയുടെ ഭാരത് ബയോടെകിന്‍റെ കീഴിലുള്ള ലൈഫ് സയന്‍സ് കമ്പനി, സിസ്ട്രോം, എസ്.എഫ്. ഒ ടെക്നോളജീസ്, ഗാഷ സ്റ്റീല്‍സ് ടി.എം. ടി പ്ളാന്‍റ്, കെ.ജി.എ ഇന്‍റര്‍നാഷണല്‍, കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, അക്കോസ ടെക്നോളജീസ്, വിന്‍വിഷ് ടെക്നോളജീസ്, ഡബ്ള്യു. ജി.എച്ച് ഹോട്ടല്‍സ്, ജേക്കബ്ബ് ആന്‍റ് റിച്ചാര്‍ഡ് തുടങ്ങിയ സംരഭങ്ങളുടെ നിര്‍മ്മാണവും ഇതില്‍ ഉള്‍പ്പെടുന്നു. ടൂറിസം, ഐ ടി, ഭക്ഷ്യ സംസ്കരണം, ഇലക്ട്രോണിക് ഘടകങ്ങളുടെ നിര്‍മ്മാണം, ഫാര്‍മ സ്യൂട്ടിക്കല്‍സ്, മര അധിഷ്ഠിത വ്യവസായങ്ങള്‍, ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ മേഖലകളിലാണ് ഇതിനകം നിക്ഷേപം നടത്തിയിട്ടുള്ളത്. 100 കോടി രൂപ വരെ മുതല്‍ മുടക്കുള്ള പദ്ധതികള്‍ക്ക് വ്യവസായ വാണിജ്യ വകുപ്പാണ് മേല്‍നോട്ടം വഹിക്കുന്നത്. 100 കോടിക്ക് മുകളില്‍ നിക്ഷേപമുള്ള പദ്ധതികള്‍ക്ക് കെ.എസ്. ഐ.ഡി.സി. യും കിന്‍ഫ്ര പാര്‍ക്കുകളില്‍ ആസൂത്രണം ചെയ്ത പദ്ധതികളില്‍ കിന്‍ഫ്രയും മേല്‍നോട്ടം വഹിക്കുന്നു. വ്യവസായമന്ത്രി അധ്യക്ഷനായ ഉപദേശക സമിതി സമയ ബന്ധിതമായി പദ്ധതികളുടെ അവലോകനം നടത്തുന്നു. മുഖ്യമന്ത്രിയുടെ മുന്‍ഗണന പദ്ധതി അവലോകനത്തിലും പുരോഗതി വിലയിരുത്തുന്നുണ്ട്. പദ്ധതി നിര്‍വ്വഹണം വേഗത്തിലാക്കുന്നതിന് 22 നയപരിഷ്കാരങ്ങള്‍ നടപ്പിലാക്കി. ഐ.കെ.ജി.എസ് പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനായി തദ്ദേശ വകുപ്പില്‍ ടാസ്ക് ഫോഴ്സിനും രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ഇതുവരെയുള്ള നിക്ഷേപക സംഗമങ്ങളില്‍ ഏറ്റവുമധികം പരിവര്‍ത്തന നിരക്ക് രേഖപ്പെടുത്തിയാണ് ഐ.കെ.ജി. എസ് തുടര്‍പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. അടുത്ത മാസങ്ങളില്‍ നിര്‍മ്മാണമാരംഭിക്കുന്ന പദ്ധതികള്‍ക്കായി നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

  കൊച്ചിയില്‍ 800 കോടിയുടെ ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക്
Maintained By : Studio3