November 5, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊച്ചിയില്‍ 800 കോടിയുടെ ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക്

1 min read

തിരുവനന്തപുരം: കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ പാനറ്റോണിയും കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് കൊച്ചിയിലെ എടയാര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ 800 കോടി രൂപ മുതല്‍ മുടക്കുള്ള ഗ്രേഡ് എ പ്ലസ് മള്‍ട്ടി ക്ലയന്‍റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് പാര്‍ക്ക് വികസിപ്പിക്കാന്‍ ധാരണയായി. കെഎല്‍ഐസി (കേരള ലോജിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റി) എന്ന എടയാര്‍ സിങ്ക് ലിമിറ്റഡിന്‍റെ നവീകരണ ദൗത്യത്തിലൂടെയാണ് പാനറ്റോണിയുടെ കേരളത്തിലെ ആദ്യത്തെ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവരുടെ സാന്നിധ്യത്തില്‍ പാനറ്റോണി ഇന്‍റര്‍നാഷണല്‍ പ്രോജക്ട് മാനേജ്മെന്‍റ് മാനേജിംഗ് ഡയറക്ടര്‍ നോര്‍ബര്‍ട്ട് സുമിസ്ലാവ്സ്കിയും എടയാര്‍ സിങ്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ബിസ്മിത്തും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ വിഷ്ണുരാജ് പി, കിന്‍ഫ്ര എംഡി സന്തോഷ് കോശി എന്നിവരും സന്നിഹിതരായിരുന്നു. 180 ഏക്കറില്‍ വിഭാവന ചെയ്തിരിക്കുന്ന കേരള ലോജിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍, ആദ്യഘട്ട സംരംഭമായ പാനറ്റോണി പാര്‍ക്ക് 20 ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ 5.2 ലക്ഷം ചതുരശ്ര അടി അടിസ്ഥാന സൗകര്യങ്ങളോട് കൂടിയാണ് വികസിപ്പിച്ചെടുക്കുക. 12 മീറ്റര്‍ ക്ലിയര്‍ ഹൈറ്റ്, എഫ്എം2 ഗ്രേഡ് ഫ്ളോര്‍, 5 ടണ്‍/ചതുരശ്ര മീറ്റര്‍ ലോഡിംഗ് ശേഷി, കെ160 സ്പ്രിങ്കളുറകള്‍, ഐജിബിസി സര്‍ട്ടിഫൈഡ് സുസ്ഥിര ഡിസൈന്‍ എന്നീ സവിശേഷതകളോട് കൂടി ഒരുങ്ങുന്ന ഈ പാര്‍ക്ക്, കേരളത്തിലെ ലോജിസ്റ്റിക്സ് മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ആദ്യത്തെ വികസനമായി മാറുന്നു. ഇ-കൊമേഴ്സ്, എഫ്എംസിജി, 3പിഎല്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളിലെ പ്രമുഖ കമ്പനികളെയാണ് ലക്ഷ്യമിടുന്നത്. 2026 ല്‍ നിര്‍മ്മാണം ആരംഭിച്ച് 2027 ഫെബ്രുവരിയില്‍ ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. പാനറ്റോണിയുടെ വരവോടെ സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയുടെ പ്രാധാന്യം ഗണ്യമായി ഉയര്‍ന്നതായി ചടങ്ങില്‍ സംസാരിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന് തയ്യാറായതിന് പാനറ്റോണിയോട് നന്ദി പറഞ്ഞ മന്ത്രി നയപരിധിക്കുള്ളില്‍ നിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും നിശ്ചിത സമയത്തിനുള്ളില്‍ കമ്പനിയ്ക്ക് നല്‍കുമെന്ന് ഉറപ്പു നല്‍കി. പദ്ധതി നടത്തിപ്പിനായി ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ലോകോന്നത നിലവാരമുള്ള സുസ്ഥിരവും സൗകര്യപ്രദവുമായ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഞങ്ങളുടെ സംയുക്ത പ്രതിബദ്ധതയുടെ പ്രതിഫലനമാണ് എടയാര്‍ സിങ്ക് ലിമിറ്റഡുമായുള്ള ഈ പങ്കാളിത്തം. കൊച്ചിയില്‍ സംജാതമാകുന്ന ഈ പദ്ധതി, ആഗോള വിദഗ്ധതയും പ്രാദേശിക സാധ്യതകളും സംയോജിപ്പിച്ച് വ്യവസായ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, പ്രാദേശിക വളര്‍ച്ചയ്ക്കും തൊഴില്‍ സൃഷ്ടിക്കും വഴിയൊരുക്കുന്ന ഞങ്ങളുടെ മാതൃകയെ പ്രതിനിധീകരിക്കുന്നു’. ചടങ്ങില്‍ പങ്കെടുത്ത പാനറ്റോണിയുടെ ഇന്‍റര്‍നാഷണല്‍ പ്രോജക്ട് മാനേജ്മെന്‍റ് ഡയറക്ടര്‍ നോര്‍ബര്‍ട്ട് സുമിസ്ലാവ്സ്കി അഭിപ്രായപ്പെട്ടു. അതിവേഗം വളരുന്ന പാനറ്റോണിയുടെ വിപണികളിലൊന്നാണ് ഇന്ത്യയെന്ന് പാനറ്റോണി സിഎഫ്ഒ രാജീവ് സിന്‍ഹ പറഞ്ഞു. എടയാര്‍ സിങ്ക് ലിമിറ്റഡുമായും കേരള സര്‍ക്കാരുമായും ഉള്ള കമ്പനിയുടെ സഹകരണം വളര്‍ച്ചാ സാധ്യതയുള്ള മേഖലകളിലേക്ക് വിപുലീകരിക്കാനും രാജ്യത്തിന്‍റെ ലോജിസ്റ്റിക്സ് നവീകരണത്തെ പിന്തുണയ്ക്കാനുമുള്ള തങ്ങളുടെ താത്പര്യം തെളിയിക്കുന്നതാണ്. കൊച്ചിയുടെ ഭൗമവിശേഷത, വ്യവസായ പൈതൃകം, മികച്ച കണക്ടിവിറ്റി എന്നിവ ഈ വികസനത്തിന് തീര്‍ത്തും അനുയോജ്യ കേന്ദ്രമാക്കി മാറ്റുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ലോജിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയെ സുസ്ഥിരവും ആധുനികവുമായ വ്യവസായ കേന്ദ്രമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് എടയാര്‍ സിങ്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ബിസ്മിത്ത് പറഞ്ഞു. 50-തിലധികം വ്യവസായ യൂണിറ്റുകള്‍ സ്ഥാപിച്ച് 5,000 ത്തിലധികം ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വിവിധ വ്യവസായ-ലോജിസ്റ്റിക്സ് പദ്ധതികളിലൂടെ 1500 കോടിയിലധികം നിക്ഷേപം ആകര്‍ഷിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദമാക്കി. കെഎല്‍ഐസിയിലെ ഭാവി വികസന പദ്ധതികളില്‍ ഗ്ലോബല്‍ മെഷീനറി, എക്യുപ്മെന്‍റ് ആന്‍ഡ് ടെക്നോളജി (ജിഎംഇടി) കോറിഡോര്‍ എന്നിവ പ്രധാന ഘടകമായിരിക്കും. ആഗോള തലത്തിലെ ഒഇഎമ്മുകള്‍, സാങ്കേതിക സേവന ദാതാക്കള്‍, വ്യവസായ നേതാക്കള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന നവീന പ്ലാറ്റ് ഫോമായിരിക്കും ഇത്. ഉത്പാദനം, അസംബ്ലി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്‍ഡസ്ട്രിയല്‍ സ്പേസ് വാടകയ്ക്ക് ലഭ്യമാക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഗാല എന്ന പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, സുസ്ഥിര വ്യാവസായിക ആസൂത്രണം, വ്യവസായ പദ്ധതികള്‍, ബിസിനസ് സെന്‍റര്‍, കണ്‍വെന്‍ഷന്‍ സൗകര്യങ്ങള്‍, മെഡിക്കല്‍ സെന്‍റര്‍, കായിക-വിനോദ മേഖലകള്‍, ബാര്‍ജ് ബര്‍ത്തിംഗ്, കണ്ടെയ്നര്‍ സ്റ്റോറേജ്, ഹരിത മേഖലകള്‍ എന്നിവ സംയോജിപ്പിച്ച് കേരളത്തെ സമഗ്ര ഇന്‍ഡസ്ട്രിയല്‍-ലോജിസ്റ്റിക്സ് കേന്ദ്രമായി മാറ്റും. സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയോടെ ദക്ഷിണേന്ത്യയിലുടനീളം പ്രാദേശിക കണക്ടിവിറ്റി, വിതരണ ശൃംഖല, സാമ്പത്തിക വളര്‍ച്ച എന്നിവ കാര്യക്ഷമമാക്കാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആഗോള തലത്തില്‍ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരിലൊന്നായ പാനറ്റോണി ഗ്രൂപ്പിന്‍റെ ഭാഗമാണ് പാനറ്റോണി ഇന്ത്യ ഡെവലപ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്. യൂറോപ്പ്, സൗദി അറേബ്യ, അമേരിക്ക, കാനഡ, ഇന്ത്യ തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പ് പ്രതിവര്‍ഷം 8 ബില്യണ്‍ യൂറോ നിക്ഷേപിക്കുന്നുണ്ട്. 2022 ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാനറ്റോണിക്ക് മുംബൈയിലും ഡല്‍ഹിയിലും ഓഫീസുകളുണ്ട്. ലോകമെമ്പാടും 56.3 ദശലക്ഷം ചതുരശ്ര മീറ്റര്‍ പദ്ധതികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. എടയാര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയെ ആധുനിക വ്യവസായ-ലോജിസ്റ്റിക്സ് കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായുള്ള എടയാര്‍ സിങ്ക് ലിമിറ്റഡ്. കേരള ലോജിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലൂടെ ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സംസ്ഥാനത്തിന്‍റെ സുസ്ഥിര വ്യവസായ വികസനത്തിന് ഊര്‍ജ്ജം പകരുക എന്നിവയും കമ്പനിയുടെ ലക്ഷ്യങ്ങളാണ്.

  ഫ്രാങ്ക്ലിൻ ഇന്ത്യ മൾട്ടി-ഫാക്ടർ ഫണ്ട്
Maintained By : Studio3