ഉത്തർപ്രദേശിൽ സെമികണ്ടക്ടർ യൂണിറ്റിന് കേന്ദ്രഅനുമതി

ന്യൂഡൽഹി: ഇന്ത്യ സെമികണ്ടക്ടർ മിഷന് കീഴിൽ ഒരു സെമികണ്ടക്ടർ യൂണിറ്റ് കൂടി സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി. ഇതിനകം അഞ്ച് സെമികണ്ടക്ടർ യൂണിറ്റുകൾ നിർമ്മാണത്തിന്റെ പുരോഗതിയിലാണ്. ഈ ആറാമത്തെ യൂണിറ്റിലൂടെ, തന്ത്രപരമായ പ്രാധാന്യമുള്ള സെമികണ്ടക്ടർ വ്യവസായം വികസിപ്പിക്കാനുള്ള യാത്രയിൽ ഭാരതം മുന്നോട്ട് നീങ്ങുന്നു. എച്ച്‌സിഎല്ലിന്റെയും ഫോക്‌സ്‌കോണിന്റെയും സംയുക്ത സംരംഭമാണ് ഇന്ന് അംഗീകരിച്ച യൂണിറ്റ്. ഹാർഡ്‌വെയർ വികസിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും എച്ച്‌സിഎല്ലിന് നീണ്ട ചരിത്രമുണ്ട്. ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ ആഗോളതലത്തിൽ ഒരു പ്രധാന സ്ഥാപനമാണ് ഫോക്‌സ്‌കോൺ. യമുന എക്‌സ്‌പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി അഥവാ യെയ്ഡയിലെ ജെവാർ വിമാനത്താവളത്തിന് സമീപം അവർ സംയുക്തമായി ഒരു പ്ലാന്റ് സ്ഥാപിക്കും. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, വാഹനങ്ങൾ, പേഴ്സണൽ കംപ്യൂട്ടറുകൾ, ഡിസ്‌പ്ലേ ഉള്ള മറ്റ് നിരവധി ഉപകരണങ്ങൾ എന്നിവയ്‌ക്കായി ഡിസ്‌പ്ലേ ഡ്രൈവർ ചിപ്പുകൾ ഈ പ്ലാന്റ് നിർമ്മിക്കും. പ്രതിമാസം 20,000 വേഫറുകൾക്കായാണ് പ്ലാന്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഡിസൈൻ ഔട്ട്‌പുട്ട് ശേഷി പ്രതിമാസം 36 ദശലക്ഷം യൂണിറ്റാണ്. രാജ്യത്തുടനീളം സെമികണ്ടക്ടർ വ്യവസായം ഇപ്പോൾ രൂപപ്പെട്ടുവരികയാണ്. രാജ്യത്തുടനീളം പല സംസ്ഥാനങ്ങളിലും ലോകോത്തര ഡിസൈൻ സൗകര്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. സംസ്ഥാന ഗവൺമെന്റുകളും ഡിസൈൻ സ്ഥാപനങ്ങളെ സൂക്ഷ്മമായി പിന്തുടരുന്നു. പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനായി 270 അക്കാദമിക് സ്ഥാപനങ്ങളിലെയും 70 സ്റ്റാർട്ടപ്പുകളിലെയും വിദ്യാർത്ഥികളും സംരംഭകരും ഏറ്റവും പുതിയ ലോകോത്തര ഡിസൈൻ സാങ്കേതികവിദ്യകളുപയോഗിച്ച് പ്രവർത്തിക്കുന്നു. ഈ അക്കാദമിക വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത 20 ഉൽപ്പന്നങ്ങൾ എസ്‌സിഎൽ മൊഹാലി പുറത്തിറക്കിയിട്ടുണ്ട്. ഇന്ന് അംഗീകരിച്ച പുതിയ സെമികണ്ടക്ടർ യൂണിറ്റ് 3,700 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കും. സെമികണ്ടക്ടർ യാത്രയിൽ രാജ്യം മുന്നോട്ട് പോകുമ്പോൾ, ഇക്കോ സിസ്റ്റം പങ്കാളികളും ഇന്ത്യയിൽ അവരുടെ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അപ്ലൈഡ് മെറ്റീരിയൽസും ലാം റിസർച്ചും ഏറ്റവും വലിയ രണ്ട് ഉപകരണ നിർമ്മാതാക്കളാണ്. ഇരുവർക്കും ഇപ്പോൾ ഇന്ത്യയിൽ സ്ഥാപനങ്ങളുണ്ട്. മെർക്ക്, ലിൻഡെ, എയർ ലിക്വിഡ്, ഇനോക്സ് എന്നിവരും മറ്റ് നിരവധി ഗ്യാസ്, കെമിക്കൽ വിതരണക്കാരും നമ്മുടെ സെമികണ്ടക്ടർ വ്യവസായത്തിന്റെ വളർച്ചയ്ക്കായി തയ്യാറെടുക്കുകയാണ്. ഭാരതത്തിൽ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, സെർവർ, മെഡിക്കൽ ഉപകരണങ്ങൾ, പവർ ഇലക്ട്രോണിക്‌സ്, പ്രതിരോധ ഉപകരണങ്ങൾ, ഉപഭോക്തൃ ഇലക്ട്രോണിക്‌സ് നിർമ്മാണം എന്നിവയുടെ ദ്രുതഗതിയിലെ വളർച്ചക്കൊപ്പം സെമികണ്ടക്ടറിനുള്ള ആവശ്യവും വർധിക്കുകയാണ്.