Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഭരണം എന്നതു സംവിധാനങ്ങൾ കൈകാര്യം ചെയ്യലല്ല, സാധ്യതകൾ വർധിപ്പിക്കലാണ്: പ്രധാനമന്ത്രി

1 min read

PM attends 17th Civil Services Day programme, in New Delhi on April 21, 2025.

ന്യൂഡൽഹി: ​പതിനേഴാം സിവിൽ സർവീസസ് ദിനത്തോടനുബന്ധിച്ചു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്നു നടന്ന ചടങ്ങിൽ പ്രധാനമന്ത്രി സിവിൽ സർവീസസ് ജീവനക്കാരെ അഭിസംബോധന ചെയ്തു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങൾ അദ്ദേഹം സമ്മാനിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, സിവിൽ സർവീസസ് ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഭരണഘടനയുടെ 75-ാം വാർഷികവും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികവും ആഘോഷിക്കുന്നതിനാൽ ഈ വർഷത്തെ ആഘോഷത്തിനു പ്രാധാന്യമേറെയാണെന്ന് എടുത്തുപറഞ്ഞു. 1947 ഏപ്രിൽ 21നു സിവിൽ സർവീസുകാരെ ‘ഇന്ത്യയുടെ ഉരുക്കുചട്ടക്കൂട്’ എന്നു വിശേഷിപ്പിച്ച സർദാർ പട്ടേലിന്റെ ഐതിഹാസിക പ്രസ്താവന അനുസ്മരിച്ച പ്രധാനമന്ത്രി, അച്ചടക്കം, സത്യസന്ധത, ജനാധിപത്യ മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്ന, അങ്ങേയറ്റം സമർപ്പണത്തോടെ രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെക്കുറിച്ചുള്ള പട്ടേലിന്റെ കാഴ്ചപ്പാാടിന് ഊന്നൽ നൽകി. വികസ‌ിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പശ്ചാത്തലത്തിൽ സർദാർ പട്ടേലിന്റെ ആദർശങ്ങളുടെ പ്രസക്തിക്ക് അദ്ദേഹം അടിവരയിട്ടു. സർദാർ പട്ടേലിന്റെ കാഴ്ചപ്പാടിനും പാരമ്പര്യത്തിനും അദ്ദേഹം ഹൃദയംഗമമായ ആദരമർപ്പിച്ചു. വരുന്ന ആയിരം വർഷത്തേക്ക് ഇന്ത്യയുടെ അടിത്തറയ്ക്കു കരുത്തേകേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി ചുവപ്പുകോട്ടയിൽനിന്നുള്ള മുൻ പ്രസ്താവന പരാമർശിച്ച്, പുതിയ നൂറ്റാണ്ടിന്റെ 25-ാം വർഷവും പുതിയ സഹസ്രാബ്ദവും അടയാളപ്പെടുത്തി, ഈ സഹസ്രാബ്ദത്തിൽ 25 വർഷങ്ങൾ കടന്നുപോയി എന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. “ഇന്നും നാം പ്രവർത്തിക്കുന്ന നയങ്ങളും എടുക്കുന്ന തീരുമാനങ്ങളുമാണ് വരാനിരിക്കുന്ന ആയിരം വർഷങ്ങളുടെ ഭാവി രൂപപ്പെടുത്താൻ പോകുന്നത്” – അദ്ദേഹം പറഞ്ഞു. പുരാതന വിശുദ്ധ ഗ്രന്ഥങ്ങൾ ഉദ്ധരിച്ച്, രഥത്തിന് ഒറ്റച്ചക്രത്താൽ നീങ്ങാനാകില്ല എന്നതുപോലെ, പരിശ്രമമില്ലാതെ വിധിയെ മാത്രം ആശ്രയിച്ചു വിജയം കൈവരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ കൂട്ടായ പരിശ്രമത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രാധാന്യം അടിവരയിട്ട അദ്ദേഹം, പൊതുവായ ഈ കാഴ്ചപ്പാടിനായി എല്ലാ ദിവസവും, ഓരോ നിമിഷവും അക്ഷീണം പ്രവർത്തിക്കാൻ ഏവരോടും അഭ്യർഥിച്ചു. ആഗോളതലത്തിൽ സംഭവിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളെക്കുറിച്ചു പരാമർശിക്കവേ, മാറ്റത്തിന്റെ വേഗത കാരണം കുടുംബങ്ങൾക്കുള്ളിൽ പോലും, യുവതലമുറകളുമായുള്ള ഇടപെടലുകൾ ഒരാളെ എങ്ങനെ കാലഹരണപ്പെട്ടതായി തോന്നിപ്പിക്കുമെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഓരോ രണ്ടോ മൂന്നോ വർഷത്തിലുമുണ്ടാകുന്ന ഗാഡ്‌ജെറ്റുകളുടെ ദ്രുതഗതിയിലുള്ള പരിണാമത്തെയും ഈ പരിവർത്തനങ്ങൾക്കിടയിൽ കുട്ടികൾ എങ്ങനെ വളരുന്നുവെന്നതും എടുത്തുപറഞ്ഞു. ഇന്ത്യയുടെ ഉദ്യോഗസ്ഥവൃന്ദം, തൊഴിൽപ്രക്രിയകൾ, നയരൂപീകരണം എന്നിവ കാലഹരണപ്പെട്ട ചട്ടക്കൂടുകളിൽ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 2014-ൽ ആരംഭിച്ച സുപ്രധാന പരിവർത്തനത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. വേഗതയേറിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാനുള്ള മഹത്തായ ശ്രമമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയിലെ സമൂഹത്തിന്റെയും യുവാക്കളുടെയും കർഷകരുടെയും സ്ത്രീകളുടെയും വികസനസ്വപ്നങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടി. അവരുടെ സ്വപ്നങ്ങൾ അഭൂതപൂർവമായ ഉയരങ്ങളിലെത്തിയെന്നും ഈ അസാധാരണമായ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് അസാധാരണമായ വേഗത അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഊർജസുരക്ഷ, സംശുദ്ധ ഊർജം, കായികരംഗത്തെ പുരോഗതി, ബഹിരാകാശ പര്യവേക്ഷണത്തിലെ നേട്ടങ്ങൾ എന്നിവയുൾപ്പെടെ വരുംവർഷങ്ങളിലെ ഇന്ത്യയുടെ വികസന ലക്ഷ്യങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. എല്ലാ മേഖലകളിലും ഇന്ത്യയുടെ പതാക ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യത്തിന് അദ്ദേഹം ഊന്നൽ നൽകി. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി എത്രയും വേഗം മാറുന്നുവെന്ന് ഉറപ്പാക്കുന്നതിൽ സിവിൽ സർവീസുകാർക്കുള്ള വലിയ ഉത്തരവാദിത്വം ചൂണ്ടിക്കാട്ടി, ഈ നിർണായക ലക്ഷ്യം കൈവരിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം തടയണമെന്ന് അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ഈ വർഷത്തെ സിവിൽ സർവീസസ് ദിനത്തിന്റെ പ്രമേയമായ ‘ഇന്ത്യയുടെ സമഗ്ര വികസനം’ എന്നതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഇതു വെറും പ്രമേയമല്ലെന്നും, രാജ്യത്തെ ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയും വാഗ്ദാനവുമാണെന്നും വ്യക്തമാക്കി. “ഇന്ത്യയുടെ സമഗ്രവികസനം എന്നാൽ ഒരു ഗ്രാമമോ, ഒരു കുടുംബമോ, ഒരു പൗരനോ പിന്നാക്കം പോകാതിരിക്കുക എന്ന് ഉറപ്പാക്കുക എന്നാണർഥമാക്കുന്നത്” – അദ്ദേഹം പറഞ്ഞു. യഥാർഥ പുരോഗതി എന്നാൽ ചെറിയ മാറ്റങ്ങളല്ല; മറിച്ച്, പൂർണ തോതിലുള്ള സ്വാധീനം എന്നാണ് അർഥമാക്കുന്നത്. എല്ലാ വീട്ടിലും ശുദ്ധജലം, ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഓരോ സംരംഭകനും സാമ്പത്തിക ലഭ്യത, ഓരോ ഗ്രാമത്തിനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ നേട്ടങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര വികസനത്തിന്റെ കാഴ്ചപ്പാട് അദ്ദേഹം വിശദീകരിച്ചു. പദ്ധതികൾ ആരംഭിക്കുന്നതിലൂടെ മാത്രമല്ല, ഈ പദ്ധതികൾ എത്രത്തോളം ജനങ്ങളിലേക്ക് എത്തുന്നു എന്നതും അവയുടെ യഥാർഥ സ്വാധീനവും അനുസരിച്ചാണു ഭരണത്തിലെ ഗുണനിലവാരം നിർണയിക്കപ്പെടുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സ്കൂൾ ഹാജർ വർധിപ്പിക്കുന്നതിൽമുതൽ സൗരോർജം സ്വീകരിക്കുന്നതിൽവരെ ഗണ്യമായ പുരോഗതി കൈവരിച്ച രാജ്കോട്ട്, ഗോമതി, തിൻസുകിയ, കോരാപുട്ട്, കുപ്‌വാര തുടങ്ങിയ ജില്ലകളിൽ ദൃശ്യമായ സ്വാധീനം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സംരംഭങ്ങളുമായി ബന്ധപ്പെട്ട ജില്ലകളെയും വ്യക്തികളെയും അവരുടെ മികച്ച പ്രവർത്തനങ്ങളെയും നിരവധി ജില്ലകൾക്കു പുരസ്കാരം ലഭിച്ചതിനെയും അദ്ദേഹം അഭിനന്ദിച്ചു. ​കഴിഞ്ഞ 10 വർഷമായി ഇന്ത്യ വർധിച്ചുവരുന്ന മാറ്റത്തിൽനിന്നു ഫലപ്രദമായ പരിവർത്തനത്തിലേക്കു പുരോഗമിച്ചുവെന്ന് എടുത്തുകാട്ടിയ പ്രധാനമന്ത്രി, രാജ്യത്തിന്റെ ഭരണമാതൃക ഇപ്പോൾ അടുത്തതലമുറ പരിഷ്കാരങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു പറഞ്ഞു. ഗവണ്മെന്റും പൗരന്മാരും തമ്മിലുള്ള അന്തരം നികത്തുന്നതിനു സാങ്കേതികവിദ്യയും നൂതനരീതികളും പ്രയോജനപ്പെടുത്തുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒ‌റ്റപ്പെട്ട പ്രദേശങ്ങളിലും ഈ പരിഷ്കാരങ്ങളുടെ സ്വാധീനം ഒരുപോലെ പ്രകടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ വിജയത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകളുടെ ശ്രദ്ധേയ നേട്ടങ്ങളും അദ്ദേഹം എടുത്തുകാട്ടി. 2023 ജനുവരിയിൽ ആരംഭിച്ച ഈ പരിപാടി വെറും രണ്ടുവർഷത്തിനുള്ളിൽ അഭൂതപൂർവമായ ഫലങ്ങൾ കാണിച്ചു. ഈ ബ്ലോക്കുകളിലുടനീളമുള്ള ആരോഗ്യം, പോഷകാഹാരം, സാമൂഹ്യവികസനം, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ സൂചകങ്ങളിൽ ഗണ്യമായ പുരോഗതി എടുത്തുകാട്ടിയെന്നും അദ്ദേഹം ഓർമിപ്പിച്ചു. പരിവർത്തനാത്മക മാറ്റങ്ങളുടെ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ പീപ്‌ലു ബ്ലോക്കിൽ, അങ്കണവാടി കേന്ദ്രങ്ങളിലെ കുട്ടികളുടെ അളവെടുക്കൽ കാര്യക്ഷമത 20 ശതമാനത്തിൽനിന്ന് 99% ആയി വർധിച്ചുവെന്നും ബിഹാർ ഭാഗൽപുരിലെ ജഗദീഷ്പുർ ബ്ലോക്കിൽ, ആദ്യ മൂന്നുമാസങ്ങളിൽ ഗർഭിണികളുടെ രജിസ്ട്രേഷൻ 25 ശതമാനത്തിൽനിന്ന് 90% ആയി വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ മർവ ബ്ലോക്കിൽ ആശുപത്രി പ്രസവങ്ങൾ 30 ശതമാനത്തിൽനിന്ന് 100% ആയും ഝാർഖണ്ഡിലെ ഗുർദി ബ്ലോക്കിൽ ടാപ്പിലൂടെയുള്ള കുടിവെള്ള കണക്ഷനുകൾ 18 ശതമാനത്തിൽനിന്ന് 100% ആയും വളർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവ വെറും സ്ഥിതിവിവരക്കണക്കുകൾ മാത്രമല്ല, സാർവത്രിക വിതരണത്തിലെ ഗവൺമെന്റിന്റെ ദൃഢനിശ്ചയത്തിന്റെ തെളിവുകളാണെന്നും അദ്ദേഹം പറഞ്ഞു. “ശരിയായ ഉദ്ദേശ്യം, ആസൂത്രണം, നിർവഹണം എന്നിവ ഉണ്ടെങ്കിൽ, ഒറ്റപ്പെട്ട മേഖലകളിൽപോലും പരിവർത്തനം സാധ്യമാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദശകത്തിലെ ഇന്ത്യയുടെ നേട്ടങ്ങൾ അടിവരയിട്ട്, പരിവർത്തനാത്മക മാറ്റങ്ങളും രാജ്യം പുതിയ ഉയരങ്ങൾ കൈവരിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യ ഇപ്പോൾ അതിന്റെ വളർച്ചയ്ക്കു മാത്രമല്ല, ഭരണം, സുതാര്യത, നവീകരണം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിനും അംഗീകരിക്കപ്പെട്ടിരിക്കുന്നു” – അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജി-20 അധ്യക്ഷപദം ഈ പുരോഗതികളുടെ സുപ്രധാന ഉദാഹരണമായി അദ്ദേഹം വിലയിരുത്തി. ജി-20യുടെ ചരിത്രത്തിൽ ഇതാദ്യമായി 60-ലധികം നഗരങ്ങളിലായി 200-ലധികം യോഗങ്ങൾ നടന്നു. ഇതു വിശാലവും സമഗ്രവുമായ പാദമുദ്ര സൃഷ്ടിച്ചു. പൊതുജനപങ്കാളിത്തസമീപനം ജി-20യെ ജനകീയ പ്രസ്ഥാനമാക്കി മാറ്റിയതെങ്ങനെയെന്നും അദ്ദേഹം പറഞ്ഞു. “ലോകം ഇന്ത്യയുടെ നേതൃത്വത്തെ അംഗീകരിച്ചു; ഇന്ത്യ പങ്കെടുക്കുക മാത്രമല്ല, നയിക്കുകയും ചെയ്യുന്നു” – അദ്ദേഹം പറഞ്ഞു. ഗവൺമെന്റിന്റെ കാര്യക്ഷമതയെക്കുറിച്ച് ഉയർന്നുവരുന്ന ചർച്ചകൾ പ്രധാനമന്ത്രി എടുത്തുകാട്ടി. ഇക്കാര്യത്തിൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് 10-11 വർഷം മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. കാലതാമസം ഇല്ലാതാക്കാനും പുതിയ പ്രക്രിയകൾ അവതരിപ്പിക്കാനും സാങ്കേതികവിദ്യയിലൂടെ ചരക്കുനീക്കസമയം കുറയ്ക്കാനും കഴിഞ്ഞ 11 വർഷമായി നടത്തിയ ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യവസായം സുഗമമാക്കുന്നതിന് 40,000-ത്തിലധികം ന‌ിബന്ധനകൾ നീക്കം ചെയ്തതായും 3400-ലധികം നിയമവ്യവസ്ഥകളിൽ നിയമപരമായ വിലക്ക് ഒഴിവാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പരിഷ്കാരങ്ങൾക്കിടെ നേരിട്ട എതിർപ്പുകൾ അദ്ദേഹം അനുസ്മരിച്ചു. അത്തരം മാറ്റങ്ങളുടെ ആവശ്യകതയെ വിമർശകർ ചോദ്യം ചെയ്തു. എന്നിരുന്നാലും, പുതിയ ഫലങ്ങൾ കൈവരിക്കുന്നതിനു പുതിയ സമീപനങ്ങൾ അനിവാര്യമാണെന്ന് ഉറപ്പിച്ചു പറഞ്ഞ ഗവണ്മെന്റ് സമ്മർദത്തിനു വഴങ്ങിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ശ്രമങ്ങളുടെ ഫലമായി ഇന്ത്യയുടെ വ്യവസായനടത്തിപ്പു റാങ്കിങ്ങിൽ വന്ന പുരോഗതി അദ്ദേഹം എടുത്തുകാട്ടി. ഇന്ത്യയിൽ നിക്ഷേപിക്കുന്നതിനുള്ള ആഗോള ആവേശവും അദ്ദേഹം ചൂണ്ടിക്കാട്ടി. നിശ്ചിത ലക്ഷ്യങ്ങൾ ഫലപ്രദമായി കൈവരിക്കുന്നതിനു സംസ്ഥാന-ജില്ല-ബ്ലോക്ക് തലങ്ങളിലെ ചുവപ്പുനാട ഒഴിവാക്കി ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. “കഴിഞ്ഞ പത്തു പതിനൊന്നുവർഷത്തെ വിജയങ്ങൾ വികസിത ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ പാകിയിട്ടുണ്ട്”, ശ്രീ മോദി പറഞ്ഞു. മുന്നിലുള്ള പ്രധാന വെല്ലുവിളികൾ അംഗീകരിച്ചുകൊണ്ട് തന്നെ ഈ ഉറച്ച അടിത്തറയിൽ, രാജ്യം ഇപ്പോൾ വികസിത ഇന്ത്യ എന്ന മഹത്തായ സൗധം നിർമ്മിക്കാൻ തുടങ്ങിയിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ വ്യാപിപ്പിക്കുന്നതിന് മുൻഗണന നൽകിക്കൊണ്ട്, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനത്തിൽ ഉൾച്ചേർക്കൽ ഉറപ്പാക്കാൻ സേവനം അവസാന തലംവരെയും എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യങ്ങളും അഭിലാഷങ്ങളും ഉയർത്തിക്കാട്ടിയ അദ്ദേഹം സിവിൽ സർവീസ് സമകാലീന വെല്ലുവിളികൾക്ക് അനുയോജ്യമായി മാറേണ്ടതുണ്ടെന്നും അങ്ങനെയായാൽ മാത്രമേ അതിന്റെ പ്രസക്തി നിലനില്ക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മുൻ മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്തുന്നതിന് അപ്പുറം പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ശ്രീ മോദി ഊന്നിപ്പറഞ്ഞു. 2047ഓടെ വികസിത ഇന്ത്യ എന്ന ദർശനത്തെ അടിസ്ഥാനമാക്കി പുരോഗതിയെ വിലയിരുത്തണമെന്നും, എല്ലാ മേഖലകളിലും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നിലവിലെ വേഗത പര്യാപ്തമാണോ എന്നത് പരിശോധിക്കണമെന്നും, ആവശ്യമുള്ളിടത്തെല്ലാം ശ്രമങ്ങൾ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഭ്യമായ സാങ്കേതികവിദ്യയിലെ പുരോഗതി അടിവരയിട്ട അദ്ദേഹം അതിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങൾ എടുത്തുകാണിച്ചുകൊണ്ട്, ദരിദ്രർക്കായി 4 കോടി വീടുകളുടെ നിർമ്മാണവും, 3 കോടി ഭാവനകൾ കൂടി നിർമ്മിക്കുക എന്ന ലക്ഷ്യവും, അടുത്ത അഞ്ച്-ആറ് വർഷത്തിനുള്ളിൽ 12 കോടിയിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് വെള്ളം ലഭ്യമാക്കിക്കൊണ്ട്, എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും പൈപ്പ് കണക്ഷൻ ഉറപ്പാക്കുക എന്ന ലക്ഷ്യവും ശ്രീ മോദി പരാമർശിച്ചു. മാലിന്യ സംസ്കരണത്തിൽ പുതിയ ലക്ഷ്യങ്ങൾ നിശ്ചയിച്ചിരിക്കുന്നതായി വ്യക്തമാക്കിയ പ്രധാനമന്ത്രി ദശലക്ഷക്കണക്കിന് നിരാലംബരായ വ്യക്തികൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്നതും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പിന്നാക്കം നിൽക്കുന്നവർക്കായി 11 കോടിയിലധികം ശൗചാലയങ്ങൾ നിർമ്മിച്ചതും പരാമർശിച്ചു. ജനങ്ങളുടെ പോഷണ നില മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത പുതുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ശ്രീ മോദി അതിന്റെ ആത്യന്തിക ലക്ഷ്യം 100% കവറേജും 100% ഫലപ്രാപ്തിയുമാണെന്ന് പ്രഖ്യാപിച്ചു. ഈ സമീപനം കഴിഞ്ഞ ദശകത്തിൽ 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതായി അദ്ദേഹം എടുത്തുപറയുകയും ഇത് ദാരിദ്ര്യരഹിത ഇന്ത്യയിലേക്ക് നയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. വ്യവസായവൽക്കരണത്തിന്റെയും സംരംഭകത്വത്തിന്റെയും വേഗത നിയന്ത്രിക്കുന്ന ഒരു സംവിധാനമെന്ന നിലയിലുള്ള ഉദ്യോഗസ്ഥവൃന്ദത്തിന്റെ മുൻകാല പങ്കിനെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്, രാജ്യം ഈ മാനസികാവസ്ഥയ്ക്ക് അപ്പുറം പൗരന്മാർക്കിടയിൽ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും തടസ്സങ്ങൾ മറികടക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം ഇപ്പോൾ വളർത്തിയെടുക്കുകയാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “സിവിൽ സർവീസ് ഒരു സഹായിയായി മാറണം, നിയമങ്ങളുടെ സൂക്ഷിപ്പുകാരൻ എന്നതിൽ നിന്ന് വളർച്ചയുടെ സഹായിയായി മാറുന്നതിലേക്ക് അതിന്റെ പങ്ക് വികസിപ്പിക്കണം”, അദ്ദേഹം പറഞ്ഞു. MSME മേഖലയുടെ ഉദാഹരണത്തിലൂടെ, മിഷൻ മാനുഫാക്ചറിംഗിന്റെ പ്രാധാന്യവും MSME-കളുടെ വിജയത്തിൽ ഈ മിഷന്റെ നിർണായക സ്വാധീനവും അദ്ദേഹം എടുത്തുപറഞ്ഞു. ആഗോള മാറ്റങ്ങൾക്കിടയിൽ, ഇന്ത്യയിലെ എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, യുവ സംരംഭകർ എന്നിവയ്ക്ക് അഭൂതപൂർവമായ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള വിതരണ ശൃംഖലയിൽ കൂടുതൽ മത്സരക്ഷമതയുള്ളവരാകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം എംഎസ്എംഇകൾ ചെറുകിട സംരംഭകരിൽ നിന്ന് മാത്രമല്ല ആഗോളതലത്തിലും മത്സരം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഒരു ചെറിയ രാജ്യം അതിന്റെ വ്യവസായങ്ങൾക്കുള്ള നിയമങ്ങളും നിബന്ധനകളും എളുപ്പത്തിലും സൗകര്യപ്രദവുമാക്കിയാൽ അത് ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ മറികടക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരത്തിൽ ആഗോള മികച്ച രീതികളുമായി ഇന്ത്യയുടെ സ്ഥാനം തുടർച്ചയായി വിലയിരുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഗോളതലത്തിൽ മികച്ച ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇന്ത്യൻ വ്യവസായങ്ങളുടെ ലക്ഷ്യമെങ്കിൽ, ഇന്ത്യയിലെ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ലക്ഷ്യം ലോകത്തിലെ ഏറ്റവും മികച്ച നിയമസഹായ അന്തരീക്ഷം നൽകുക എന്നതായിരിക്കണമെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. സിവിൽ സർവീസ് ഉദ്യോഗസ്ഥർ സാങ്കേതികവിദ്യ മനസ്സിലാക്കുന്നതിൽ മാത്രമല്ല സമർത്ഥവും സമഗ്രവുമായ ഭരണത്തിനായി അതിന്റെ ഉപയോഗം പ്രാപ്തമാക്കുന്നതിനുള്ള കഴിവുകൾ നേടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് , “സാങ്കേതികവിദ്യയുടെ യുഗത്തിൽ, ഭരണം എന്നത് സമ്പ്രദായങ്ങൾ കൈകാര്യം ചെയ്യുന്നതിന് മാത്രമല്ല, പുതിയ സാധ്യതകൾ കണ്ടെത്തുകയും അവയെ നാം എങ്ങനെ പ്രയോജനപ്പെടുത്തി വളർച്ച കൈവരിക്കാമെന്നതുമാണ് മുഖ്യലക്ഷ്യം.” എന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. നയങ്ങളും പദ്ധതികളും സാങ്കേതികവിദ്യയിലൂടെ കൂടുതൽ കാര്യക്ഷമവും പ്രാപ്യവുമാക്കുന്നതിന് സാങ്കേതിക വിദഗ്ദ്ധരാകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. കൃത്യമായ നയ രൂപകൽപ്പനയും നടപ്പാക്കലും ഉറപ്പാക്കുന്നതിന് ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കലിൽ വൈദഗ്ധ്യത്തിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. ഡിജിറ്റൽ, വിവര യുഗത്തെ മറികടക്കുന്ന സാങ്കേതികവിദ്യയിൽ വരാനിരിക്കുന്ന വിപ്ലവം പ്രവചിച്ചുകൊണ്ട്, നിർമ്മിത ബുദ്ധി, ക്വാണ്ടം ഫിസിക്സ് എന്നിവയിലെ ദ്രുതഗതിയിലുള്ള പുരോഗതി അദ്ദേഹം പരാമർശിക്കുകയും, മികച്ച സേവനങ്ങൾ നൽകുന്നതിനും പൗരന്മാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും പ്രയോജനകരമായ സാങ്കേതിക വിപ്ലവത്തിന് തയ്യാറെടുക്കാൻ സിവിൽ ഉദോഗസ്ഥരോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഭാവിക്കായി സജ്ജമായ ഒരു സിവിൽ സർവീസ് സംവിധാനം കെട്ടിപ്പടുക്കുന്നതിന് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കഴിവുകൾ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, ഈ ലക്ഷ്യം കൈവരിക്കുന്നതിൽ മിഷൻ കർമ്മയോഗിയുടെയും സിവിൽ സർവീസ് ശേഷി വികസന പരിപാടിയുടെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആഗോള വെല്ലുവിളികളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, തുടർച്ചയായ സംഘർഷങ്ങൾ പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിൽ, ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുകയും ദൈനംദിന ജീവിതത്തെയും ഉപജീവനമാർഗ്ഗത്തെയും ബാധിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആഭ്യന്തരവും ബാഹ്യവുമായ ഘടകങ്ങൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന പരസ്പരബന്ധം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം കൂടുതൽ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങൾ, പകർച്ചവ്യാധികൾ, സൈബർ കുറ്റകൃത്യ ഭീഷണികൾ എന്നിവ മുൻകരുതൽ നടപടി ആവശ്യമുള്ള നിർണായക മേഖലകളായി പരാമർശിച്ച അദ്ദേഹം, ഈ വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യ പത്ത് ചുവട് മുന്നിൽ നിൽക്കണമെന്ന് ആവശ്യപ്പെട്ടു. ഉയർന്നുവരുന്ന ഇത്തരം ആഗോള പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടുന്നതിന് പ്രാദേശിക തന്ത്രങ്ങൾ വികസിപ്പിക്കുകയും പ്രതിരോധശേഷി വളർത്തിയെടുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം അടിവരയിട്ടു. ന്യൂ ഡൽഹിയിലെ ചുവപ്പു കോട്ടയിൽ നിന്ന് പ്ര്യഖ്യാപിച്ച “പഞ്ച് പ്രാൺ” എന്ന ആശയം ആവർത്തിച്ചുകൊണ്ട്, വികസിത ഇന്ത്യയ്ക്കായുള്ള ദൃഢനിശ്ചയം, അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്നുള്ള മോചനം, പൈതൃകത്തിലുള്ള അഭിമാനം, ഐക്യത്തിന്റെ ശക്തി, കടമകളുടെ സത്യസന്ധമായ പൂർത്തീകരണം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് സിവിൽ സർവീസുകാർ ഈ തത്വങ്ങളുടെ പ്രധാന വാഹകരാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. “സൗകര്യത്തേക്കാൾ സമഗ്രതയ്ക്കും, ആലസ്യതയേക്കാൾ നവീകരണത്തിനും, പദവിയേക്കാൾ സേവനത്തിനും മുൻഗണന നൽകുമ്പോഴെല്ലാം, നിങ്ങൾ രാജ്യത്തെ മുന്നോട്ട് നയിക്കുകയാണ് ” അദ്ദേഹം പറഞ്ഞു. സിവിൽ സർവീസുകാരിൽ പ്രധാനമന്ത്രി തന്റെ പൂർണ്ണ വിശ്വാസം പ്രകടിപ്പിച്ചു. പ്രൊഫഷണൽ യാത്ര ആരംഭിക്കുന്ന യുവ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെ, വ്യക്തിഗത വിജയത്തിന് സമൂഹം നൽകുന്ന സംഭാവനകൾ അദ്ദേഹം എടുത്തുപറഞ്ഞു. എല്ലാവരും അവരവർക്ക് കഴിയുന്ന രീതിയിൽ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിന് ഗണ്യമായ സംഭാവന നൽകാൻ കഴിയുന്നതിൽ സിവിൽ സർവീസുകാർക്കുള്ള സ്ഥാനം അദ്ദേഹം ഊന്നിപ്പറയുകയും രാഷ്ട്രവും അവിടുത്തെ ജനങ്ങളും നൽകുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. പരിഷ്കരണങ്ങൾ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പുനർവിചിന്തനം ചെയ്യേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞുകൊണ്ട് വിവിധ മേഖലകളിൽ പരിഷ്കാരങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കണമെന്നും വിപുലീകരിക്കണമെന്നും ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ, പുനരുപയോഗ ഊർജ്ജ ലക്ഷ്യങ്ങൾ, ആഭ്യന്തര സുരക്ഷ, അഴിമതി നിർമാർജനം, സാമൂഹിക ക്ഷേമ പദ്ധതികൾ, കായികം, ഒളിമ്പിക്സ് എന്നിവയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ തുടങ്ങിയ പ്രധാന മേഖലകൾ അദ്ദേഹം ഉയർത്തിക്കാട്ടി. എല്ലാ മേഖലകളിലും പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവരെയുള്ള നേട്ടങ്ങൾ പലമടങ്ങ് മറികടക്കണമെന്നും, പുരോഗതിക്ക് ഉയർന്ന മാനദണ്ഡങ്ങൾ സൃഷ്ടിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ നയിക്കുന്ന ഒരു ലോകത്ത് മനുഷ്യർ വിധികല്പിക്കുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സിവിൽ സർവീസുകാർ സംവേദനക്ഷമതയുള്ളവരായിരിക്കാനും, പിന്നാക്കം നിൽക്കുന്നവരുടെ ശബ്ദങ്ങൾ കേൾക്കാനും, അവർ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കാനും, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകാനും അദ്ദേഹം ആഹ്വാനം ചെയ്തു. തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, “നാഗരിക് ദേവോ ഭവ” എന്ന തത്വം അദ്ദേഹം ഉദ്‌ബോധിപ്പിക്കുകയും അതിനെ “അതിഥി ദേവോ ഭവ” എന്ന തത്വത്തോട് ഉപമിക്കുകയും ചെയ്ത പ്രധനമന്ത്രി സിവിൽ സർവീസുകാർ സ്വയം ഭരണാധികാരമുള്ള ഉദ്യോഗസ്ഥരായി മാത്രമല്ല, വികസിത ഇന്ത്യയുടെ ശിൽപ്പികളാണെന്നും ആത്മാർപ്പണത്തോടെയും അനുകമ്പയോടെയും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ അവർ നിറവേറ്റണമെന്നും ആവശ്യപ്പെട്ടു.

  യെസ് ബാങ്കിന്‍റെ അറ്റാദായം 738 കോടി രൂപയിലെത്തി

 

Maintained By : Studio3