Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്വകാര്യ ഉപഗ്രഹം ‘നിള’ വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20

1 min read

തിരുവനന്തപുരം: രാജ്യത്തെ ബഹിരാകാശ മേഖലയില്‍ സുപ്രധാന നേട്ടം കൈവരിച്ചുകൊണ്ട് ടെക്നോപാര്‍ക്കിലെ ചെറുകിട ഉപഗ്രഹ നിര്‍മ്മാണ കമ്പനിയായ ഹെക്സ്20 ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹമായ ‘നിള’ വിജയകരമായി വിക്ഷേപിച്ചു. നാല് മാസത്തെ പ്രവര്‍ത്തനത്തിലൂടെ വികസിപ്പിച്ചെടുത്ത ഉപഗ്രഹം ബെര്‍ലിന്‍ ആസ്ഥാനമായ സാറ്റലൈറ്റ് ഡിപ്ലോയര്‍ കമ്പനിയായ എക്സോലോഞ്ച് വഴി മാര്‍ച്ച് 15 ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12.13 ന് സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടര്‍ -13 ദൗത്യത്തിലാണ് വിക്ഷേപിച്ചത്. ഉച്ചയ്ക്ക് 1.07 ന് വിക്ഷേപണ വാഹനത്തില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. മാര്‍ച്ച് 16 ന് ഹെക്സ്20യുടെ സാറ്റലൈറ്റ് കണ്‍ട്രോള്‍ സെന്‍ററില്‍ ബീക്കണ്‍ സിഗ്നല്‍ ലഭിച്ചതോടെയാണ് ദൗത്യം നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. ഹെക്സ്20 യുടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപസംവിധാനങ്ങളെയും ജര്‍മ്മന്‍ ബഹിരാകാശ കമ്പനിയായ ഡിക്യൂബ്ഡ്ല്‍ നിന്നുള്ള ഇന്‍-ഓര്‍ബിറ്റ് ഡെമോണ്‍സ്ട്രേഷനുള്ള പേലോഡിനെയും നിള ദൗത്യം സാധ്യമാക്കി. സ്വകാര്യ മേഖലയിലെ ഉപഗ്രഹ സാങ്കേതികവിദ്യയിലെയും നവീകരണത്തിലെയും സുപ്രധാന ചുവടുവയ്പാണിത്. കേരളത്തിന്‍റെ സാംസ്കാരിക പ്രാധാന്യമുള്ള നദിയായ നിളയുടെ പേരാണ് ഈ ഉപഗ്രഹത്തിന് നല്‍കിയിരിക്കുന്നത്. ടെക്നോപാര്‍ക്കിലെ ‘നിള’ കെട്ടിടത്തിലാണ് ഹെക്സ്20യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം മേനംകുളത്തെ മരിയന്‍ എഞ്ചിനീയറിംഗ് കോളേജില്‍ സ്ഥാപിച്ച ഗ്രൗണ്ട് സ്റ്റേഷനില്‍ ഹെക്സ്20 ടീം ഉപഗ്രഹത്തിന്‍റെ പ്രവര്‍ത്തനം നിരീക്ഷിക്കും. ഗ്രൗണ്ട് സ്റ്റേഷന്‍ സൗകര്യം പ്രവര്‍ത്തിപ്പിക്കുന്നതില്‍ കോളേജിലെ ഫാക്കല്‍റ്റികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. ബഹിരാകാശ പര്യവേഷണത്തിന്‍റെ വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയില്‍ ഹെക്സ്20 യുടെയും അതിന്‍റെ പങ്കാളികളുടെയും കൂടുതല്‍ അഭിലാഷകരമായ ശ്രമങ്ങളുടെ തുടക്കമാണിതെന്ന് ഹെക്സ്20 സഹസ്ഥാപകനും ഡയറക്ടറുമായ എം ബി അരവിന്ദ് പറഞ്ഞു. ഈ ദൗത്യത്തിനു പിന്നിലുള്ള ഹെക്സ്20യുടെ പരിശ്രമവും അഭിനിവേശവും ഏറെ വലുതായിരുന്നു. ദൗത്യം സാധ്യമാക്കുന്നതില്‍ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്‍ററിന്‍റെ (ഇന്‍സ്പേസ്) പിന്തുണയ്ക്കും ഈ വിജയത്തിന് സംഭാവന നല്‍കിയ എല്ലാ പങ്കാളികള്‍ക്കും ഹെക്സ്20 നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷാവസാനം ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനത്തില്‍ ഹെക്സ്20 യുടെ 50 കിലോഗ്രാം ഉപഗ്രഹം വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നതായി ഹെക്സ്20 സഹസ്ഥാപകനും ഡയറക്ടറുമായ അനുരാഗ് രഘു പറഞ്ഞു. ഉയര്‍ന്ന പ്രകടന ശേഷിയുള്ളതും ഇഷ്ടാനുസൃതമാക്കാവുന്നതുമായ ബഹിരാകാശ പേടകങ്ങളും ഘടകങ്ങളും ഹെക്സ്20 വാഗ്ദാനം ചെയ്യുന്നു. ഫ്ലാറ്റ്സാറ്റുകളിലൂടെയും കപ്പാസിറ്റി ബില്‍ഡിംഗ് പരിപാടികളിലൂടെയും ആഗോളതലത്തില്‍ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഒന്നിലധികം ഉപഗ്രഹങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുന്നതിനായി ലാബ് സൗകര്യങ്ങള്‍ വികസിപ്പിക്കാനും പദ്ധതിയിടുന്നു. സംസ്ഥാനത്തെ ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയിലെ നവീകരണം, സഹകരണം, മികവ് തേടല്‍ എന്നിവയ്ക്ക് വലിയ സംഭാവന നല്‍കാന്‍ ഹെക്സ്20 ന് സാധിക്കും.ബഹിരാകാശ ദൗത്യ സാങ്കേതിക നിര്‍മ്മാണ രംഗത്തെ പ്രമുഖ ജാപ്പനീസ് കമ്പനിയായ ഐസ്പേസ് ഐഎന്‍സിയുമായി ഹെക്സ്20 സഹകരണത്തില്‍ ഏര്‍പ്പെട്ടു. 2023 ഒക്ടോബറില്‍ അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന 74-ാമത് ഇന്‍റര്‍നാഷണല്‍ ആസ്ട്രോനോട്ടിക്കല്‍ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചത്. ഉപഗ്രഹ വിക്ഷേപണത്തില്‍ സംയോജിത സാങ്കേതിക വൈദഗ്ധ്യവും പ്രാദേശിക ശൃംഖലയും പ്രയോജനപ്പെടുത്തുകയാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, യുഎസ്എയിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയുടെ ലബോറട്ടറി ഫോര്‍ അറ്റ് മോസ്ഫെറിക് ആന്‍ഡ് സ്പേസ് ഫിസിക്സ് തുടങ്ങിയ പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുമായും പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ബഹിരാകാശ സാങ്കേതിക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനായി ഹെക്സ്20 2023 മേയ് ഒന്നിന് ടെക്നോപാര്‍ക്കില്‍ അത്യാധുനിക ഗവേഷണ-വികസന സൗകര്യം സ്ഥാപിച്ചു. ഓസ്ട്രേലിയ, യുഎഇ, തായ് വാന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഹെക്സ്20 ഐഎസ്ആര്‍ഒ ദൗത്യങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ആഭ്യന്തര നിര്‍മ്മാണ ശൃംഖലയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

  ഹരിതകേരളം പരിസ്ഥിതി സംഗമം മാർച്ച് 24, 25 തീയതികളിൽ
Maintained By : Studio3