വാഗമണ്‍ ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള വാഗമണ്‍ ഇന്‍റര്‍നാഷണല്‍ ടോപ് ലാന്‍ഡിംഗ് ആക്യുറസി കപ്പ് മാര്‍ച്ച് 19 മുതല്‍ 23 വരെ വാഗമണ്‍ കോലാഹലമേട്ടില്‍ നടക്കും. ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പതിനൊന്ന് രാജ്യങ്ങളില്‍ നിന്നായി 86 മത്സരാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഫെഡറേഷന്‍ ഓഫ് എയ്റോനോട്ടിക് ഇന്‍റര്‍നാഷണല്‍, എയ്റോക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഫ്ളൈ വാഗമണാണ് പരിപാടിയുടെ പ്രാദേശിക സംഘാടകര്‍. പാരാഗ്ലൈഡിംഗ് ആക്യുറസി ഓവറോള്‍, പാരാഗ്ലൈഡിംഗ് ആക്യുറസി വിമന്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ടീം, പാരാഗ്ലൈഡിംഗ് ആക്യുറസി ഇന്ത്യന്‍ ഓവറോള്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ഇന്ത്യന്‍ വിമന്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ജൂനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം, ഒന്നരലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് സമ്മാനം ലഭിക്കുന്നത്. രാജ്യത്തിന്‍റെ സാഹസിക ടൂറിസം ഭൂപടത്തില്‍ സുപ്രധാനമായ സ്ഥാനമാണ് കേരളത്തിനുള്ളതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സാഹസിക ടൂറിസം രംഗത്തെ സാധ്യതകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പൂര്‍ണമായി ഉപയോഗപ്പെടുത്തുകയാണ്. വൈറ്റ് വാട്ടര്‍ കയാക്കിംഗ്, പാരാഗ്ലൈഡിംഗ്, സര്‍ഫിംഗ്, മൗണ്ടന്‍ സൈക്ലിംഗ് തുടങ്ങിയ സാഹസിക ഇനങ്ങളില്‍ കേരളത്തിന് ഏറെ സാധ്യതകളാണെന്നും അദ്ദേഹം പറഞ്ഞു. സാഹസിക ടൂറിസം സാധ്യതയുള്ള സ്ഥലങ്ങളില്‍ അതിനനുയോജ്യമായ അന്താരാഷ്ട്ര സൗകര്യങ്ങളോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരളം ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു പറഞ്ഞു. വാഗമണില്‍ വര്‍ഷം തോറും നടക്കുന്ന പാരാഗ്ലൈഡിംഗ് മത്സരം ഇന്ന് അന്താരാഷ്ട്ര പ്രസിദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹസിക വിനോദ മേഖലയില്‍ ഭൂമിശാസ്ത്രപരമായ ആനുകൂല്യം കേരളത്തിന് ഏറെ ഗുണം ചെയ്തുവെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ പറഞ്ഞു. വെറും 60 കി.മിയ്ക്കുള്ളില്‍ തന്നെ കടല്‍, പുഴ, മലനിരകള്‍, മൊട്ടക്കുന്നുകള്‍ എന്നിവ കേരളത്തിനുണ്ട്. ലോകത്തെ മികച്ച പാരാഗ്ലൈഡര്‍മാര്‍ പോലും കാത്തിരിക്കുന്ന മത്സരമായി വാഗമണ്‍ മാറിയിട്ടുണ്ട്. സാഹസിക ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി വഴി കൂടുതല്‍ മേഖലകള്‍ കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. ഇതിന് എല്ലാ പിന്തുണയും ടൂറിസം വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. വാഗമണില്‍ നിന്നും നാല് കി.മി അകലെ സ്ഥിതി ചെയ്യുന്ന കോലാഹലമേട്ടിലെ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍ നടക്കുന്നത്. 3000 അടി ഉയരത്തില്‍ പത്തു കിമി ദൂരത്തിലുള്ള ഈ സ്ഥലം ടേക്ക ഓഫിനും ലാന്‍ഡിംഗിനും പ്രത്യേകം അനുയോജ്യമാണ്. തണുപ്പ് നിറഞ്ഞ കാലാവസ്ഥ, തേയിലത്തോട്ടങ്ങള്‍, പുല്ലുമേടുകള്‍, ചോലക്കാടുകള്‍ എന്നിവ വാഗമണിന്‍റെ സാധ്യതകള്‍ ഉയര്‍ത്തുന്നു.