February 5, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓട്ടോമോട്ടിവ് ടെക്നോളജി സമ്മിറ്റ് ഫെബ്രുവരി 6ന് തിരുവനന്തപുരത്ത്

1 min read

തിരുവനന്തപുരം: ഓട്ടോമോട്ടീവ് വ്യവസായത്തിലെ ആഗോള ഹബ്ബാകാന്‍ ഒരുങ്ങുന്ന കേരളത്തിന്‍റെ കുതിപ്പിന് ഊര്‍ജ്ജമേകി ഓട്ടോമോട്ടിവ് ടെക്നോളജി സമ്മിറ്റ് (കെഎടിഎസ് 2025) നാളെ (ഫെബ്രുവരി 6) തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ഏകദിന സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്കു മുന്നോടിയായി മേഖലാ നിര്‍ദിഷ്ട കോണ്‍ക്ലേവുകളുടെ ഭാഗമാണ് ഓട്ടോമോട്ടിവ് ടെക്നോളജി സമ്മിറ്റ്. കെഎസ്ഐഡിസിയുമായി സഹകരിച്ച് സിഐഐ കേരള ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓട്ടോമോട്ടീവ് മേഖലയിലെ പ്രമുഖര്‍ സാങ്കേതിക വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം ആഗോള ഓട്ടോമോട്ടീവ് ആവാസവ്യവസ്ഥയില്‍ കേരളത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുന്ന പുതിയ പങ്കാളിത്തങ്ങള്‍, നയ ചര്‍ച്ചകള്‍, നിക്ഷേപ പ്രതിബദ്ധതകള്‍ എന്നിവയ്ക്ക് തുടക്കമിടും. ഓട്ടോമോട്ടീവ് സോഫ്റ്റ് വെയര്‍ നവീകരണങ്ങളെയും മൊബിലിറ്റിയുടെ ഭാവിയില്‍ കേരളത്തിന്‍റെ പങ്കിനെയും കുറിച്ചും ചര്‍ച്ചകള്‍ രൂപപ്പെടും. ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയുടെ മുന്നോടിയായി കേരളത്തിലെ ഓട്ടോമോട്ടീവ് ടെക്നോളജി മേഖലയിലെ നയങ്ങളെയും നിക്ഷേപ അവസരങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ രൂപപ്പെടുത്തുന്നതിലും കെഎടിഎസ് 2025 നിര്‍ണായക പങ്ക് വഹിക്കും. ഓട്ടോമോട്ടീവ് ഗവേഷണ വികസനത്തിനും നവീകരണത്തിനുമുള്ള ആഗോള കേന്ദ്രമായി അടയാളപ്പെടുത്താനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് സമ്മേളനം ഊര്‍ജ്ജം പകരും. ഉദ്ഘാടന സമ്മേളനത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോര്‍, ബിഎംഡബ്ല്യു ഗ്രൂപ്പിന്‍റെ ആര്‍ ആന്‍ഡ് ഡി (ഇ/ഇ) മുന്‍ വൈസ് പ്രസിഡന്‍റും കാറ്റ്സ്-2025 ചെയര്‍മാനുമായ സ്റ്റെഫാന്‍ ജുറാഷെക്, സിഐഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ വിനോദ് മഞ്ഞില, കെപിഎംജി പാര്‍ട്ണറും ബിസിനസ് കണ്‍സള്‍ട്ടിംഗ് മേധാവിയുമായ വിനോദ് കുമാര്‍ ആര്‍, സിഐഐ തിരുവനന്തപുരം സോണ്‍ ചെയര്‍മാന്‍ ജിജിമോന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ഓട്ടോമോട്ടീവ് വ്യവസായത്തില്‍ കേരളത്തിന്‍റെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള കേരളത്തിന്‍റെ അവസരമാണ് കെഎടിഎസ് 2025 എന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഓട്ടോമോട്ടീവ് സോഫ്റ്റ് വെയര്‍ വികസനം, ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകള്‍, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് എന്നിവയ്ക്കുള്ള തന്ത്രപ്രധാന ലക്ഷ്യസ്ഥാനമായി സംസ്ഥാനത്തെ സ്ഥാപിക്കുന്നതിനുള്ള ചവിട്ടുപടിയാണ് ഈ പരിപാടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഓട്ടോമോട്ടീവ് ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ ആഗോള പങ്കാളിയാകാന്‍ കേരളത്തിന് കഴിവുണ്ടെന്ന് കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോര്‍ പറഞ്ഞു. ഈ മേഖലയിലെ മുന്നേറ്റത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും നയപരമായ പിന്തുണയും കേരളത്തിലുണ്ട്. കെഎടിഎസ് 2025 ഇതിന് വലിയ പ്രചോദനമേകുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 9 ന് നടക്കുന്ന ആദ്യ സെഷനില്‍ ഓട്ടോമോട്ടീവ് ഒഇഎമ്മുകളുടെയും ടയര്‍-1 കളുടെയും കേരളത്തിലെ അവസരങ്ങള്‍ എന്ന വിഷയത്തില്‍ എപിഎം മുഹമ്മദ് ഹനീഷ്, എസ്. ഹരികിഷോര്‍, കെഎസ്ഐഡിസി ചെയര്‍മാന്‍ സി. ബാലഗോപാല്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന സെഷനുകളില്‍ സ്റ്റാര്‍ട്ടിംഗ് അപ് കേരള എന്ന വിഷയത്തില്‍ കെഎസ് യുഎം സിഇഒ അനൂപ് അംബിക, മൊബിലിറ്റിയുടെ എസ്ഡിവി ഭാവി പ്രാപ്തമാക്കല്‍ എന്ന വിഷയത്തില്‍ ബിഎംഡബ്ല്യു ടെക് വര്‍ക്സ് ഇന്ത്യ സിഇഒ ആദിത്യ ഖേര, എസ്ഡിവി;അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ മേഴ്സിഡസ് ബെന്‍സ് ഇന്ത്യ എംഡിയും സിഇഒയുമായ സന്തോഷ് അയ്യര്‍, പുതുതലമുറ ഒഇഎമ്മുകള്‍ ഓട്ടോമോട്ടീവ് ലോകത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തില്‍ കെയര്‍സോഫ്റ്റ് ഗ്ലോബല്‍ ടെക്നോളജീസ് സിഇഒ മാത്യു വച്ചാപറമ്പില്‍ എന്നിവര്‍ കാഴ്ചപ്പാടുകള്‍ പങ്കിടും. ഇന്നൊവേഷനിലേക്കുള്ള സഞ്ചാരം; ഇന്ത്യയെന്ന ഓട്ടോമോട്ടീവ് ജിസിസി ഹബ്, എസ്ഡിവി ഭാവിക്കായി തയ്യാറെടുക്കല്‍, ഇ-മൊബിലിറ്റി ടെക്നോളജിയുടെ ഭാവി രൂപപ്പെടുത്തല്‍, കേരളം എന്ന എമര്‍ജിംഗ് ഓട്ടോമോട്ടീവ് ഹബ്ബ് എന്നീ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടക്കും. ടാറ്റാ എല്‍ക്സി സിഎംഒയും സിഎസ്ഒയുമായ നിതിന്‍ പൈ, വിസ്റ്റിയോണിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്‍റ് രാഹുല്‍ സിംഗ്, ഒമേഗ സെയ്കി മൊബിലിറ്റി സ്ഥാപകനും സിഇഒയുമായ ഉദയ് നാരംഗ്, ബോഷ് ഗ്ലോബല്‍ സോഫ്റ്റ് വെയര്‍ ടെക്നോളജീസ് ആര്‍ ആന്‍ഡ് ഡി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് നവേദ് നാരായണ്‍, കോണ്ടിനെന്‍റല്‍ ഓട്ടോമോട്ടീവ് കമ്പോണന്‍റ്സിലെ ടെക്നിക്കല്‍ സെന്‍റര്‍ ഇന്ത്യ വൈസ് പ്രസിഡന്‍റ് ലത ചെമ്പ്രകലം, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് എംഡി നവീന്‍ ഫിലിപ്പ്, സ്വിച്ച് മൊബിലിറ്റി ഗ്ലോബല്‍ സ്ട്രാറ്റജി പ്ലാനിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മേധാവി വിനോദ് കുമാര്‍ രംഗനാഥന്‍, ഹൈക്കണ്‍ ഇന്ത്യ സിഎംഡി ക്രിസ്റ്റോ ജോര്‍ജ്, എഡബ്ല്യുഎസ് ഇന്ത്യ ഗ്ലോബല്‍ വെര്‍ട്ടിക്കല്‍ ആന്‍ഡ് സ്ട്രാറ്റജിക് അക്കൗണ്ട്സ് മേധാവി മധു ഗാംഗുലി, ഡിസ്പേസ് ഇന്ത്യ എംഡി ഫ്രാങ്ക്ലിന്‍ ജോര്‍ജ്, ഫോക്സ്വാഗണ്‍ ഗ്രൂപ്പ് മൊബിലിറ്റി, എംബിറ്റല്‍ ഡയറക്ടര്‍ സുധീര്‍ കുമാര്‍ ലങ്ക എന്നിവര്‍ സമ്മേളനത്തിലെ മറ്റ് പ്രഭാഷകരാണ്.

  നാസ്കോം ഫയ: 80 ഓട്ടോണമസ് സിസ്റ്റങ്ങളെക്കുറിച്ചുള്ള സെമിനാര്‍ ഫെബ്രുവരി 5 ന്
Maintained By : Studio3