December 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളം നിക്ഷേപക വര്‍ഷത്തിലേക്ക്

1 min read
തിരുവനന്തപുരം: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കു പിന്നാലെ കേരളം സംരംഭക വര്‍ഷത്തിന്‍റെ മാതൃകയില്‍ നിക്ഷേപക വര്‍ഷത്തിലേക്ക് (ഇയര്‍ ഓഫ് ഇന്‍വെസ്റ്റ്മെന്‍റ്സ്) പ്രവേശിക്കുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്. വലിയ മാനുഫാക്ചറിങ് കമ്പനികളേക്കാള്‍ കേരളത്തിന്‍റെ മനുഷ്യവിഭവം, ഉയര്‍ന്ന നൈപുണ്യ ശേഷി, സാങ്കേതിക ആവാസവ്യവസ്ഥ എന്നിവ പ്രയോജനപ്പെടുത്തി കൊണ്ടുള്ള നിക്ഷേപത്തിനാണ് പ്രാധാന്യം നല്‍കുകയെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കു മുന്നോടിയായി സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷനും (കെഎസ്ഐഡിസി) കേരള സ്റ്റാര്‍ട്ടപ് മിഷനും (കെഎസ് യുഎം) സംയുക്തമായിട്ടാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. മികച്ച സാങ്കേതിക ആവാസവ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും നൈപുണ്യ ശേഷിയും കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നുവെന്നും ഈ സാധ്യത പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകും. സംരംഭക വര്‍ഷത്തിന്‍റെ ഭാഗമായി 3.25  ലക്ഷത്തിലേറെ സംരംഭങ്ങള്‍ തുടങ്ങാനും 22000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനുമായി. ഈ അനുകൂല സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് നിക്ഷേപക വര്‍ഷത്തിലേക്ക് കടക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ നിലവിലുള്ള ഓര്‍ഡറുകള്‍ അടിസ്ഥാനമാക്കിയുള്ള വായ്പകള്‍ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എമര്‍ജിങ് ടെക്നോളജി ഹബ്ബ് എന്ന നിലയില്‍ ഇന്നൊവേഷന്‍ മേഖലയില്‍ എല്ലാ സേവനങ്ങളും നല്‍കുന്ന ആവാസവ്യവസ്ഥയായി കേരളം മാറുകയാണെന്ന് ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍കര്‍ പറഞ്ഞു. സ്പേസ് ടെക്, അഗ്രിടെക്, എനര്‍ജി, ഹെല്‍ത്ത്ടെക്, അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്, ഗെയിമിംഗ്, കോമിക്സ് ആന്‍ഡ് എക്സ്റ്റന്‍ഡഡ് റിയാലിറ്റി (എവിജിസി-എക്സ്ആര്‍) എന്നിവ സംസ്ഥാനം ഊന്നല്‍ നല്‍കുന്ന പ്രധാന മേഖലകളാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ് മേഖലയിലെ സര്‍ക്കാര്‍ നയങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന പിന്തുണാ സംവിധാനങ്ങളുമാണ് കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്തതെന്ന് കെഎസ്ഐഡിസി എംഡി എസ് ഹരികിഷോര്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച, സ്റ്റാര്‍ട്ടപ് ആവാസവ്യവസ്ഥ ശക്തിപ്പെടുത്തല്‍, വിപുലപ്പെടുത്താനുള്ള അവസരങ്ങള്‍, മെന്‍റര്‍ഷിപ്പ്, ഫണ്ടിംഗ്, ബിസിനസ് പങ്കാളിത്തം എന്നിവയും കോണ്‍ക്ലേവ് ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനൂപ് അംബിക ചടങ്ങിന് സ്വാഗതം പറഞ്ഞു. കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് സംസാരിച്ചു.
  എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വന്തമാക്കി ടെക്നോപാര്‍ക്ക്
Maintained By : Studio3