നിര്‍മ്മാണമേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികവു കാട്ടും
– വിനോദ് നായര്‍
ഗവേഷണ വിഭാഗം മേധാവി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്
കഴിഞ്ഞ മാസം ആഗോള ഓഹരി വിപണികളെ ഉലച്ച കാരി ട്രേഡിനു ശേഷം ഇപ്പോള്‍, വിപണി കുതിപ്പിലാണ്. ഹ്രസ്വകാലത്തേക്ക് ഈ ആശ്വാസക്കുതിപ്പ് തുടര്‍ന്നേക്കാമെങ്കിലും ശക്തമായ ചാലകങ്ങളുടെ അഭാവത്തില്‍ അതിന്റെ ഗതിവേഗം നഷ്ടപ്പെട്ടേക്കാം. കാരി ട്രേഡ് പ്രശ്‌നം പരിഹരിച്ചു എന്ന വിശ്വാസം അല്‍പ കാലത്തേക്ക് ശരിയാവാം. സംഗതിയുടെ വൈപുല്യം കണക്കിലെടുക്കുമ്പോള്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ കുതിപ്പുണ്ടാവുകയും ജാപ്പനീസ് യെന്നിന് മൂല്യം വര്‍ധിക്കാനിടയാവുകയും ചെയ്താല്‍ ആശങ്ക നില നില്‍ക്കും. സെപ്തംബറിലെ പണ നയ സമിതി യോഗത്തോടെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് പലിശ നിരക്കു കുറച്ചു തുടങ്ങുമെന്ന കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കുതിപ്പ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇക്കാര്യത്തില്‍ ഒരു ചുവടു മുന്നോട്ടു വെക്കുകയും ചെയ്തു. അവര്‍ പലിശ നിരക്ക് 25 ബിപിഎസ് കുറച്ച് 5 ശതമാനമാക്കി. ഇത്തരം പലിശ കുറയ്ക്കലുകള്‍ കാര്യമാത്ര പ്രസക്തമാക്കുകയും നന്നായി നടപ്പാക്കുകയും വേണം. ഗതിവേഗം നഷ്ടപ്പെടുന്ന സമ്പദ് വ്യവസ്ഥയില്‍ കോര്‍പറേറ്റ് ലാഭം കുറയുന്നത് നിക്ഷേപകരെ ബാധിക്കുകയും ഇന്നത്തെ ഗതിവേഗം നിലനിര്‍ത്താന്‍ ഓഹരി വിപണി ബുദ്ധിമുട്ടുകയും ചെയ്യും.
സര്‍ക്കാരുകള്‍ ചിലവഴിക്കല്‍ വര്‍ധിപ്പിക്കുകയും വികസനത്തിലൂന്നിയ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തത് കഴിഞ്ഞ നാലു വര്‍ഷമായി ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായിത്തീര്‍ന്നിരുന്നു. ഇപ്പോഴാകട്ടെ, പലിശ നിരക്കുകള്‍ കൂടുകയും വിലക്കയറ്റം വര്‍ധിക്കുകയം ചെയ്തതോടെ ചിലവഴിക്കുന്നത് കുറയ്‌ക്കേണ്ടി വന്നു. ഇതിനു പുറമേ, സര്‍ക്കാരുകള്‍ വര്‍ധിച്ച കമ്മി നേരിടേണ്ടി വരുന്നതിനാല്‍ ഉദാരമായ പണ നയങ്ങള്‍ മാറുമെന്നു വേണം വിചാരിക്കാന്‍. സമ്പദ് വ്യവസ്ഥയേയും വരുമാന വളര്‍ച്ചയേയും ഇത് പിന്നോട്ടു വലിക്കും. കൂടിയ വിലകളും ധന കമ്മിയും കാരണം വിപണി നേട്ടങ്ങള്‍ കാര്യമായി കുറയാനിടയില്ല. ലോകമെമ്പാടും കൂടിയ വാല്യുവേഷനില്‍ ട്രേഡിംഗ് നടക്കുന്നതിനാല്‍ നിശ്ചിത സമയത്തില്‍ വിലകളില്‍ തിരുത്തല്‍ ഉണ്ടാകുമെന്നു തന്നെ വേണം കരുതാന്‍. ഇത് ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെയുള്ള കാലയളവില്‍ സംഭവിക്കാം. കാരി ട്രേഡ് പ്രശ്‌നം അവസാനിച്ചു എന്ന മട്ടിലാണ് വിപണി ഇപ്പോള്‍ ട്രേഡിംഗ് നടത്തിക്കൊണ്ടിരിക്കുന്നത്. ഫെഡിന്റേയും ബാങ്ക് ഓഫ് ജപ്പാന്റേയും വ്യ്ത്യസ്ത കാഴ്ചപ്പാടുകള്‍ കണക്കിലെടുക്കുമ്പോള്‍, ജപ്പാന്‍ യുഎസ് ബാങ്ക് നിരക്കുകള്‍ തമ്മിലുള്ള അകലം കുറയുമെന്നാണ് കണക്കാക്കേണ്ടത്. ഇടക്കാലം മുതല്‍ ദീര്‍ഘ കാലയളവു വരെയുള്ള കാരി ട്രേഡുകളേയും പുതിയ വിദേശ നിക്ഷേപങ്ങളേയും അതു ബാധിക്കും, പ്രത്യേകിച്ച് യെന്‍ മൂല്യം മാറ്റി നിര്‍ണയിക്കപ്പെടുമ്പോള്‍. ഇന്നത്തെ 5.5 ശതമാനത്തില്‍ നിന്ന് ഫെഡ് നിരക്കുകള്‍ 2025 നടപ്പു വര്‍ഷത്തോടെ 3.85 ശതമാനം ആയി കുറയുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ബാങ്ക് ഓഫ് ജപ്പാന്‍ നിരക്കുകള്‍ 0.25 ശതമാനത്തില്‍ നിന്ന് 0.5 ശതമാനമായി ഉയരാനാണ് സാധ്യത.
കാരി ടട്രേഡ് പ്രശ്‌നം കഴിഞ്ഞ മാസം ജപ്പാന്‍, തായ്‌വാന്‍, ദക്ഷിണ കൊറിയ, യുഎസ് ടെക് കമ്പനികളെ ബാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെ ഇത് അധികം ബാധിച്ചില്ല. യുഎസ് ഡോളറുമായുള്ള യെന്നിന്റെ വിനിമയ നിരക്ക് 127ല്‍ നിന്ന് 162 ആയി ഇടിഞ്ഞ 2023 ജനുവരി മുതല്‍ തുടങ്ങിയ കാരി ട്രേഡ് ഇന്ത്യയെ കാര്യമായി ബാധിച്ചില്ല. ഇന്ത്യയ്ക്ക് വിദേശത്തു നിന്നുള്ള ഓഹരി പണം വരവില്‍ 23 ശതമാനം യെന്‍ ആയിരുന്നുവെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതില്‍ 25 ശതമാനം നിക്ഷേപിക്കപ്പെട്ടത് ഇടത്തരം ഓഹരികളിലാണ്. ഭാവിയില്‍ യെന്‍ ഓഹരികള്‍ വിറ്റഴിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യയെ ഇതു ബാധിച്ചേക്കാം. എന്നാല്‍ ഇന്ത്യയിലുള്ള ജപ്പാന്‍ ആസ്തികള്‍ 3 ശതമാനം മാത്രമാകയാല്‍ ആഘാതം കുറവായിരിക്കും. ഇടത്തരം ഓഹരികളില്‍ ഇതിന്റെ സ്വാധീനം കൂടുതലായിരിക്കും. ആഗോള ഓഹരി വിപണിയിലെ പ്രവണതകളും ആഭ്യന്തര നിക്ഷേപകരില്‍ നിന്നുള്ള പണം വരവും നിലനില്‍ക്കണം എന്നേയുള്ളു.
2025 നടപ്പുവര്‍ഷം ആഗോള സമ്പദ് വ്യവസ്ഥ വേഗക്കുറവു നേരിടുമെന്ന ആശങ്ക കണക്കിലെടുക്കുമ്പോള്‍, കൂടിയ വിലക്കയറ്റവും പലിശ നിരക്കും കാരണം വിദേശ നിക്ഷേപം കുറയും. അതിനാല്‍ ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ വിപണിയില്‍ ജാഗ്രത പുലര്‍ത്തുന്നതാണ് നല്ലത്. വളര്‍ച്ചാ ഓഹരികളേക്കാള്‍ കഴിഞ്ഞ നാലു വര്‍ഷം നല്ല പ്രകടനം നടത്തിയ ഗുണ നിലവാരമുള്ള ഓഹരികളാണ് പരിഗണിക്കേണ്ടത്. മുന്നോട്ടു പോകുന്തോറും, ഇന്നത്തെ വിപണി സാഹചര്യത്തില്‍ മേഖലകള്‍ മാറ്റിക്കൊണ്ടിരിക്കുന്നതാണ് അഭികാമ്യം. കൂടിയ വിലകള്‍ കാരണം പുതിയ വളര്‍ച്ചാ മേഖലകളില്‍ വിപണിക്ക് ഊര്‍ജ്ജം കുറവായതിനാല്‍ സുരക്ഷിതമെന്നു കരുതപ്പെടുന്ന മേഖലകളായ എഫ്എംസിജി, ഉപഭോഗം, ഫാര്‍മ, ഐടി ടെലികോം മേഖലകള്‍ക്ക് മേല്‍ക്കൈയുണ്ട്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട മേഖലകളാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ല പ്രകടനം നടത്താന്‍ പോകുന്നത്. ഇവയില്‍ ഗുണ നിലവാരമുള്ള ഓഹരികളും വാല്യുവേഷനും കണക്കിലെടുത്ത് ഓഹരികള്‍ ചേര്‍ത്തു വെയ്ക്കുന്ന തന്ത്രം ഗുണം ചെയ്‌തേക്കും.