September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തിരുവനന്തപുരത്തെ ഊര്‍ജ്ജസ്വലമായ സാംസ്കാരിക നഗരമാക്കാന്‍ ടിസിപിഎ

1 min read

തിരുവനന്തപുരം: കൂടുതല്‍ ഊര്‍ജ്ജസ്വലമായ സാംസ്കാരിക നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സ് (ടിസിപിഎ). കോര്‍പ്പറേറ്റ് സാംസ്കാരിക ഉത്തരവാദിത്ത സംരംഭങ്ങളുടെ ഭാഗമായി കേരളത്തിലെ മൂന്ന് പ്രമുഖ വ്യവസായ പ്രമുഖര്‍ ചേര്‍ന്നാണ് തിരുവനന്തപുരത്തെ മുന്‍നിര സാംസ്കാരിക സ്ഥാപനമായ ടിസിപിഎയെ പുനരുജ്ജീവിപ്പിക്കുന്നത്. കേരളത്തിന്‍റെ സമ്പന്നമായ കലാപാരമ്പര്യത്തെയും കലാകാരന്‍മാരെയും പ്രോത്സാഹിപ്പിക്കാനും ആഗോള തലത്തിലുള്ള കലകളുടെ വിനിമയം സാധ്യമാക്കാനും ടിസിപിഎ ലക്ഷ്യമിടുന്നു. വ്യവസായ പ്രമുഖരായ ബാലഗോപാല്‍ ചന്ദ്രശേഖര്‍, വി.കെ മാത്യൂസ്, തോമസ് ജോണ്‍ മുത്തൂറ്റ് എന്നിവര്‍ ചേര്‍ന്നാണ് ടിസിപിഎയെ നയിക്കുന്നത്. ടിസിപിഎ പരമ്പരാഗത സംഗീതം, നൃത്തം, നാടകം, ദൃശ്യകലകള്‍ എന്നിവയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനും സമകാലീന കലാരൂപങ്ങളുമായി ഇടപഴകാന്‍ മുതിര്‍ന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ടെറുമോ പെന്‍പോളിന്‍റെ സ്ഥാപകനും ഫെഡറല്‍ ബാങ്കിന്‍റെ മുന്‍ ചെയര്‍മാനുമാണ് ബാലഗോപാല്‍. വി.കെ മാത്യൂസ് ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ എക്സിക്യൂട്ടീവ് ചെയര്‍മാനും തോമസ് ജോണ്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ ചെയര്‍മാനും എംഡിയുമാണ്. സാംസ്കാരിക സ്ഥാപനങ്ങളുമായും ലോകത്തെമ്പാടുമുള്ള കലാകാരന്‍മാരുമായും സഹകരിച്ച്, അന്താരാഷ്ട്ര കലാ മേളകളിലും സാംസ്കാരിക വിനിമയങ്ങള്‍ക്കുമായുള്ള അന്താരാഷ്ട്ര പ്ലാറ്റ് ഫോമായി ടിസിപിഎ പ്രവര്‍ത്തിക്കുമെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ബാലഗോപാലും വി.കെ മാത്യൂസും തോമസ് ജോണ്‍ മുത്തൂറ്റും പറഞ്ഞു. അഗം ബാന്‍ഡിന്‍റെ മ്യൂസിക്ക് കണ്‍സേര്‍ട്ട് ആണ് ടിസിപിഎ സംഘടിപ്പിക്കുന്ന ആദ്യത്തെ പരിപാടി. കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആഗസ്റ്റ് 24 ന് വൈകിട്ട് 7.30 ന് ആണ് പരിപാടി. ഇതില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ബുക്ക് മൈ ഷോ ആപ് (https://in.bookmyshow.com/events/agam-live/ET00405199) വഴിയാണ് ടിക്കറ്റ് വില്‍പ്പന. 499 രൂപ മുതല്‍ക്കാണ് ടിക്കറ്റ് നിരക്ക്.

  ശ്രദ്ധയാകര്‍ഷിച്ച് 'എന്‍റെ കേരളം എന്നും സുന്ദരം' പ്രചാരണ വീഡിയോ

ടിസിപിഎയുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ തുടക്കം നല്‍കാനാണ് ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി സിനിമാ താരം കുക്കു പരമേശ്വരനെ നിയമിച്ചിട്ടുള്ളത്. കലാ മേഖലയിലും പൊതുമണ്ഡലത്തിലും പരിചയസമ്പത്തുള്ള കുക്കു പരമേശ്വരന്‍റെ വിപുലമായ അനുഭവവും നൂതന ആശയങ്ങളും ടിസിപിഎയ്ക്ക് ഗുണം ചെയ്യും. കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുക, പ്രേക്ഷകരെ പ്രബുദ്ധരാക്കുക, നഗരത്തിന്‍റെ സാംസ്കാരിക മുഖം ആഗോളതലത്തില്‍ ഉയര്‍ത്തുക എന്നിവയാണ് ടിസിപിഎയുടെ ഉദ്ദേശ്യലക്ഷ്യം. വര്‍ഷം മുഴുവനും പ്രത്യേകം രൂപകല്‍പ്പന ചെയ്ത പരിപാടികള്‍ സംഘടിപ്പിക്കുന്നതോടൊപ്പം പ്രതിവര്‍ഷം രണ്ടോ മൂന്നോ പ്രധാന ഷോകളും ടിസിപിഎ നടത്തും.
വളര്‍ന്നുവരുന്ന പ്രതിഭകളെ പിന്തുണയ്ക്കുന്നതിനും സാംസ്കാരിക മേഖലയെ സമ്പന്നമാക്കുന്നതിനും എല്ലാ വിഭാഗങ്ങളിലുമുള്ള കലാകാരന്‍മാ രുടെ സമഗ്രമായ ഡാറ്റാബേസ് സൃഷ്ടിക്കുകയും ചെയ്യുകയെന്നത് ടിസിപിഎയുടെ മുന്‍ഗണനകളാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കലാകാരന്‍മാര്‍ക്ക് പെന്‍ഷനും റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങളും നല്‍കുന്നതിനുള്ള പദ്ധതിയും ടിസിപിഎ ലക്ഷ്യമിടുന്നുണ്ട്. ടിക്കറ്റ് വില്‍പ്പന, അംഗത്വ ഫീസ്, സ്പോണ്‍സര്‍ഷിപ്പുകള്‍, ഗ്രാന്‍റുകള്‍ എന്നിവയാണ് ടിസിപിഎയുടെ സാമ്പത്തിക സ്രോതസ്സ്.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

കലകളിലൂടെ ഊഷ്മളമായ സാംസ്കാരിക അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതില്‍ മുംബൈയിലെ എന്‍സിപിഎ (നാഷണല്‍ പെര്‍ഫോമിംഗ് ആര്‍ട്സ്), ബാംഗ്ലൂരിലെ രംഗശങ്കര തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളെ ടിസിപിഎ മാതൃകയാക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും സാംസ്കാരിക സ്ഥാപനങ്ങളുമായും ടിസിപിഎ സഹകരിച്ചു പ്രവര്‍ത്തിക്കും. 2016 ല്‍ സ്ഥാപിതമായ ടിസിപിഎ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ കലാകാരന്‍മാരെ ഉള്‍പ്പെടുത്തി പാശ്ചാത്യ ക്ലാസിക്കല്‍ സംഗീത പ്രകടനങ്ങള്‍ നടത്തിയാണ് ചുവടുറപ്പിച്ചത്. ടിസിപിഎ പ്രോഗ്രാം ഡയറക്ടര്‍ സതീഷ് കാമത്താണ് ഈ പരിപാടികളുടെ നേതൃത്വം വഹിച്ചത്. 2018 ല്‍ അദ്ദേഹത്തിന്‍റെ ആകസ്മിക മരണവും പിന്നീട് കോവിഡ് പ്രതിസന്ധിയും ടിസിപിഎയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധ നേടുന്നതിനായി വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടാണ് ഇപ്പോള്‍ ടിസിപിഎ രംഗത്തെത്തുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിയിരിക്കും കലാപരിപാടികള്‍ സംഘടിപ്പിക്കുകയും മുന്നോട്ടുപോകുകയും ചെയ്യുക. തുടര്‍ച്ചയായി മികവുറ്റതും വേറിട്ടതുമായ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ തലസ്ഥാനത്തിന്‍റെ സാംസ്കാരിക രംഗത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

  യു-ബോട്ടിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹീലിയോസ്

വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ സംരംഭങ്ങളും ടിസിപിഎയുടെ പരിഗണനയിലുണ്ട്. വളര്‍ന്നുവരുന്ന കലാകാരന്‍മാരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും അവതാരക-പ്രേക്ഷക ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്ത വര്‍ക്ക്ഷോപ്പുകള്‍, മാസ്റ്റര്‍ ക്ലാസുകള്‍, ആര്‍ട്ടിസ്റ്റ് റെസിഡന്‍സികള്‍, കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോജക്റ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആഗോള സാംസ്കാരിക സ്ഥാപനങ്ങളുമായും കലാകാരന്‍മാരുമായും സഹകരിക്കുകയും പ്രാദേശിക കലകളും സാംസ്കാരിക പൈതൃകവും ഉയര്‍ത്തിക്കാട്ടുന്ന പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. ശില്‍പശാലകള്‍, പ്രഭാഷണങ്ങള്‍, വിദ്യാഭ്യാസ പരിപാടികള്‍, സാംസ്കാരിക സംഭാഷണങ്ങള്‍ എന്നിവയിലൂടെ വിവിധ മേഖലകളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നുമുള്ള കലാകാരന്‍മാരുടെ പങ്കാളിത്തം വളര്‍ത്താനും നൂതനവും സഹകരണപരവുമായ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്ന് ടിസിപിഎ വിശ്വസിക്കുന്നു.

Maintained By : Studio3