അച്ചടക്കത്തോടെ നിക്ഷേപിക്കാന്‍ എസ്‌ഐപികള്‍
- നിഖില്‍ റുങ്ത
-കോ സിഐഒ -ഇക്വിറ്റി, എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എഎംസി
ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് വ്യവസ്ഥാപിതമായ സമീപനമാണ് എസ്‌ഐപികള്‍ വാഗ്ദാനം ചെയ്യുന്നത്. സമയ ബന്ധിതമായി സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള സ്ഥിരതയാര്‍ന്ന പദ്ധതിയാണിത്. വിപണിയുടെ അസ്ഥിരതകളിലൂടെ, പ്രത്യേകിച്ച് താഴ്ചകളില്‍ , നിക്ഷേപകനെ മുന്നോട്ടു നയിക്കാനുള്ള കഴിവാണ് ഇതിന്റെ ഏറ്റവും മുഖ്യമായ സവിശേഷതകളിലൊന്ന്. അഭികാമ്യമായ നിക്ഷേപ മാര്‍ഗ്ഗം എന്ന നിലയില്‍ മ്യൂച്വല്‍ഫണ്ട് എസ്‌ഐപികള്‍ നിക്ഷേപകരുടെ ഭാവനയെ കീഴടക്കിയിരിക്കയാണ്. മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ AMFI യുടെ കണക്കുകളനുസരിച്ച് 2024 ജൂലൈയില്‍ എസ്‌ഐപികളിലൂടെയുള്ള പണം വരവ് 23,332 കോടി രൂപയിലെത്തി റിക്കാര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു. 2023 ജൂലൈയില്‍ ഇത് 15,245 കോടി രൂപ മാത്രമായിരുന്നു. നിരന്തരമായ ബോധവല്‍ക്കരണത്തിലൂടെയും പഠനത്തിലൂടെയും ചെറുകിട നിക്ഷേപകര്‍ക്കിടയില്‍ ഉണ്ടായ വന്‍ സ്വീകാര്യതയാണ് ഇതു കാണിക്കുന്നത്.
ഇതര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍: എസ്‌ഐപികള്‍ ഇന്ത്യയില്‍ മാത്രമുള്ളതല്ല. യുഎസിലെ സമാന നിക്ഷേപ പദ്ധതിയായ ഡോളര്‍ കോസ്റ്റ് ആവറേജിംഗ് (DCA) ദീര്‍ഘകാലമായി നിക്ഷേപകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചതാണ്. സ്ഥിരമായ ഇടവേളകളില്‍ ഓഹരികള്‍ വാങ്ങാന്‍ ഡിസിഎ നിക്ഷേപകരെ അനുവദിക്കുന്നു. വിപണിയിലെ വ്യ്ത്യസ്ത സാഹചര്യങ്ങളില്‍ ഇങ്ങനെ ഓഹരി വാങ്ങുന്നതിനാല്‍ ചാഞ്ചാട്ടങ്ങളുടെ അപകടം കുറയുന്നു. ചാഞ്ചാട്ടം കൂടുതലുള്ള വിപണികളില്‍ ഡിസിഎ വളരെ ഫലപ്രദമാണെന്നും ഇടിവു കാലത്ത് കുറഞ്ഞ വിലയുടെ ഗുണം നിക്ഷേപകര്‍ക്ക് ലഭ്യമാക്കുമെന്നും അമേരിക്കയില്‍ ഇതു സംബന്ധിച്ചു നടന്ന പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. യൂറോപ്പില്‍, പ്രത്യേകിച്ച് ജര്‍മ്മനിയില്‍ സ്ഥിര നിക്ഷേപ പദ്ധതികള്‍ ചെറുകിട നിക്ഷേപകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എസ്‌ഐപികള്‍ പോലുള്ള ഈ പദ്ധതികള്‍ സ്ഥിരതയാര്‍ന്ന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നു. വിപണിയിലെ വെല്ലുവിളികള്‍ക്കിടയിലും സമ്പത്തു സൃഷ്ടിക്കാന്‍ ഇത് നിക്ഷേപകരെ പ്രാപ്തരാക്കുന്നു.ലോക വ്യാപകമായ ഈ ഉദാഹരണങ്ങള്‍ എസ്‌ഐപിയുടെ ആഗോള അംഗീകാരമാണ് കാണിക്കുന്നത്. വിപണിയിലെ അസ്ഥിരതകളെ മറി കടക്കാന്‍ അച്ചടക്കത്തോടെയുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയ്ക്കു പിന്തുണയേകുകയും ചെയ്യുന്നു.
നിക്ഷേപകര്‍ക്കു ലഭിക്കുന്ന ഗുണങ്ങള്‍
കോസ്റ്റ് ആവറേജിംഗ്: പല വിലകള്‍ ഉള്ളപ്പോള്‍ ഓഹരികള്‍ വാങ്ങാനും നിക്ഷേപം പല കാലത്തേക്കു നീട്ടാനും എസ്‌ഐപി നിക്ഷേപകരെ അനുവദിക്കുന്നു. വാങ്ങല്‍ ചിലവ് ശരാശരിയാക്കാനും അതു വഴി വിപണിയുമായി ബന്ധപ്പെട്ട ചാഞ്ചാട്ടങ്ങളില്‍ നിന്നുള്ള അപകടം കുറയ്ക്കാനും കഴിയും. എസ്‌ഐപിയിലൂടെ വിപണിയിലെ ഏറ്റക്കുറച്ചിലുകളില്‍ പരിക്കേല്‍ക്കുന്നതു കുറയ്ക്കാനും ഒരുമിച്ചു തുക നിക്ഷേപിക്കുന്നതില്‍ നിന്നു രക്ഷപെടാനും കഴിയും.
ധനപരമായ അച്ചടക്കം : കൃത്യമായ ഇടവേളകളില്‍ നിശ്ചിത തുക അടയ്ക്കുന്നതിന് നിക്ഷേപകരെ പ്രേരിപ്പിക്കുക വഴി എസ്‌ഐപി ധനകാര്യ അച്ചടക്കം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. സമയ നിഷ്ഠമായ ഈ നിക്ഷേപം കൂടുതല്‍ പണം ഒരുമിച്ചടയ്ക്കാതെ തന്നെ വലിയൊരു സമ്പത്തിന് അവരെ ഉടമയാക്കും.
ലഭ്യതയിലെ എളുപ്പവും വഴക്കവും : താരതമ്യേന കുറഞ്ഞ തുകയില്‍ എസ് ഐപികള്‍ തുടങ്ങാന്‍ കഴിയും എന്നത് കുറച്ചു പണം മാത്രം ചിലവഴിക്കാന്‍ കഴിയുന്നവര്‍ ഉള്‍പ്പടെ വലിയ വിഭാഗം നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. ഈ വഴക്കം തുടര്‍ച്ചയായ നിക്ഷേപത്തിനും ഓഹരി വിപണിയിലെ പങ്കാളിത്തത്തിനും അവരെ പ്രാപ്തരാക്കുന്നു.
കോംപൗണ്ടിംഗ് ആനുകൂല്യങ്ങള്‍ : എസ്‌ഐപികളിലൂടെയുള്ള സ്ഥിരമായ നിക്ഷേപം പണം ചേര്‍ത്തു വെയ്ക്കുന്നതിന്റെ (കോംപൗണ്ടിംഗ്) ആനുകൂല്യം ലഭ്യമാക്കുന്നു. കാലം ചെല്ലുമ്പോള്‍, ചെറിയനിക്ഷേപങ്ങള്‍ പോലും പുനര്‍ നിക്ഷേപത്തിന്റേയും കൂട്ടു പലിശയുടേയും നേട്ടങ്ങള്‍ നല്‍കും.
വൈകാരിക അച്ചടക്കം : നിക്ഷേപങ്ങള്‍ യാന്ത്രികമാക്കിത്തീര്‍ക്കുന്നതിലൂടെ എസ്‌ഐപികള്‍ ,വൈകാരികമായി തീരുമാനങ്ങളെടുക്കുകയും വിപണിയില്‍ സമയം കളയുകയും ചെയ്യുന്നതില്‍ നിന്ന് നിക്ഷേപകരെ പിന്തിരിപ്പിക്കുന്നു. ഇത്തരം നടപടികള്‍ പ്രതികൂല ഫലമേ ഉണ്ടാക്കൂ. ധാരണാ പിശകുകള്‍ പലപ്പോഴും നിക്ഷേപകരെ വിപണി താഴ്ചയിലായിരിക്കുമ്പോള്‍ വാങ്ങുന്നത് തടയുകയും കുതിപ്പില്‍ കൂടുതല്‍ പണം മുടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. എന്നാല്‍, മുന്‍വിധികളില്‍ നിന്ന് നിക്ഷേപകരെ രക്ഷപെടുത്താന്‍ എസ്‌ഐപികള്‍ക്കു കഴിയും.
ചുരുക്കത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലെ എസ്‌ഐപികള്‍ നിക്ഷേപത്തില്‍ തന്ത്രപരവും അച്ചടക്കത്തില്‍ അധിഷ്ഠിതവുമായ സമീപനമാണ് കൈക്കൊള്ളുന്നത്. രൂപയുടെ വില ശരാശരി, കോംപൗണ്ടിംഗ് നേട്ടങ്ങള്‍, വൈകാരിക അച്ചടക്കം എന്നീ ഗുണങ്ങളും എസ്‌ഐപികള്‍ നല്‍കുന്നു. മ്യൂച്വല്‍ഫണ്ട് മാനേജര്‍മാരെ സംബന്ധിച്ചേടത്തോള മാണെങ്കില്‍, എസ്‌ഐപികള്‍ സ്ഥിരമായ പണം വരവ് ഉറപ്പു വരുത്തുകയും , കാര്യക്ഷമമായ പോര്‍ട്‌ഫോളിയോ മാനേജ്‌മെന്റിനും നിക്ഷേപകരുടെ വര്‍ധിച്ച് കൂറ് ഉറപ്പാക്കുന്നതിനും സഹായിക്കുന്നു. ഈ ഗുണങ്ങള്‍ എസ്‌ഐപികളെ മറ്റു നിക്ഷേപ മാര്‍ഗങ്ങളെയപേക്ഷിച്ച് അഭികാമ്യമായ നിക്ഷേപ പദ്ധതിയായി മാറ്റുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്തു സൃഷ്ടിക്കുന്നതിനും സാമ്പത്തിക ഭദ്രതയ്ക്കും നിക്ഷേപകരുടേയും ഫണ്ട് മാനേജര്‍മാരുടേയും തല്‍പര്യങ്ങള്‍ ഒരുമിച്ചു ചേര്‍ക്കാന്‍ എസ്‌ഐപികള്‍ക്കു കഴിയും.
(ബാധ്യതാ നിരാകരണം : ലേഖനത്തില്‍ പറയുന്ന കാഴ്ചപ്പാടുകളും ചിന്തകളും അഭിപ്രായങ്ങളും എഴുത്തുകാരന്റേതു മാത്രമാണ്. തൊഴിലുടമയ്‌ക്കോ സംഘടനയ്‌ക്കോ കമ്മിറ്റിക്കോ ഇതര വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ഇതുമായി ബന്ധമില്ല. ഈ ലേഖനത്തിലെ വിവരങ്ങള്‍ മാത്രം ഉപയോഗിച്ച് നിക്ഷേപ തന്ത്രങ്ങള്‍ രൂപപ്പെടുത്താനാവില്ല. മുന്‍കാല പ്രകടനം ഭാവിയില്‍ നില നില്‍ക്കണമെന്നില്ല, ഭാവി നേട്ടങ്ങള്‍ക്ക് ഇത് ഗാരണ്ടി നല്‍കുന്നുമില്ല. ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നുളവാകുന്ന ബാധ്യതകള്‍ക്ക് സിപോണ്‍സര്‍മാരോ, എഎംസി യോ, ട്രഷറി കമ്പനിയോ അവരുടെ കൂട്ടാളികളോ അതുമായി ബന്ധപ്പെട്ട ആരെങ്കിലുമോ ഉത്തരവാദി ആയിരിക്കുന്നതല്ല. )