കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹീറോ മോട്ടോകോര്‍പ്പും തമ്മിൽ ധാരണാപത്രം
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഓട്ടോമോട്ടീവ് രംഗത്തെ പ്രമുഖരായ ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡ് (എച്ച്എംസിഎല്‍) കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി (കെഎസ് യുഎം) പങ്കാളിത്തത്തില്‍. ഇതു സംബന്ധിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയും ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡിന്‍റെ എമര്‍ജിംഗ് മൊബിലിറ്റി ചീഫ് ബിസിനസ് ഓഫീസര്‍ സ്വദേശ് കുമാര്‍ ശ്രീവാസ്തവയും ധാരണാപത്രം ഒപ്പുവച്ചു. ഐടി-ഇലക്ടോണിക്സ് സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കറിന്‍റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സംസ്ഥാനത്ത് നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് ഈ കരാര്‍. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് കൂട്ടായ സഹകരണം പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം കാണിക്കുന്നതെന്ന് അനൂപ് അംബിക പറഞ്ഞു. ഇത് സംസ്ഥാനത്ത് കൂടുതല്‍ ശക്തവും ചലനാത്മകവുമായ ഒരു സംരംഭകത്വ അവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരാറിലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനും പരിപോഷിപ്പിക്കാനും കെഎസ് യുഎമ്മിനും എച്ച്എംസിഎല്ലിനും സാധിക്കും. എച്ച്എംസിഎല്ലിന്‍റെ ആവശ്യകതകളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പുകളെ കെഎസ് യുഎം തിരിച്ചറിഞ്ഞ് ശുപാര്‍ശ ചെയ്യും. ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ വിഭവങ്ങളും പിന്തുണയും നല്‍കുകയും ചെയ്യും. വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് അറിവും ഉള്‍ക്കാഴ്ചയും നല്‍കുന്നതിനായി കെഎസ് യുഎമ്മും എച്ച്എംസിഎല്ലും ചേര്‍ന്ന് ശില്‍പ്പശാലകളും വിജ്ഞാന സെഷനുകളും സംഘടിപ്പിക്കും. എച്ച്എംസിഎല്ലിന്‍റെ നൂതന സംരംഭങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കെഎസ് യുഎം നേതൃത്വം നല്‍കും. സംസ്ഥാന, ദേശീയ തലങ്ങളില്‍ എച്ച്എംസിഎല്ലിന്‍റെ ബ്രാന്‍ഡും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി പരിപാടികളും റോഡ് ഷോകള്‍ സംഘടിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. എച്ച്എംസിഎല്‍ തിരഞ്ഞെടുത്ത സംരംഭങ്ങള്‍ക്ക് സംസ്ഥാന സ്റ്റാര്‍ട്ടപ്പ് സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ കെഎസ് യുഎം നല്‍കും. സാമ്പത്തിക സഹായം, ഗ്രാന്‍റുകള്‍, ഇന്‍കുബേഷന്‍ സൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. എച്ച്എംസിഎല്ലിന്‍റെ ബ്രാന്‍ഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുക.