February 5, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്

1 min read

തിരുവനന്തപുരം: നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) 2024 ലെ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന് ലഭിച്ചു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം ഔദ്യോഗിക വാട്സാപ് ചാറ്റിലൂടെ നടത്തിയ ഒരു മാസം നീണ്ട ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം കാമ്പയിന്‍ പരിഗണിച്ചാണ് പുരസ്കാരം.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിന്‍ വിഭാഗത്തിലെ പുരസ്കാരമാണ് കേരളത്തിന് ലഭിച്ചത്. വിജയികളാകുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധിദിനങ്ങള്‍ ചെലവിടാന്‍ അവസരമൊരുക്കുന്നതായിരുന്നു ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കാനൊരുങ്ങുന്ന ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഗെയിം സംഘടിപ്പിച്ചത്.

പാറ്റ ട്രാവല്‍ മാര്‍ട്ട് 2024 ന്‍റെ ഭാഗമായി ആഗസ്റ്റ് 28 ന് തായ് ലന്‍റിലെ ബാങ്കോക്ക് ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. രാജ്യത്തെ ടൂറിസം മേഖലയില്‍ ‘ഹോളിഡേ ഹീസ്റ്റ്’ തികച്ചും വ്യത്യസ്തമായ പരിപാടിയായിരുന്നെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹോളിഡേ ഹീസ്റ്റ് ഗെയിമില്‍ പങ്കെടുക്കുന്നവരില്‍ തന്ത്രപരമായ ചിന്തയും സര്‍ഗാത്മകതയും സാഹസികതയും പ്രചോദിപ്പിച്ച് ടൂര്‍ പാക്കേജ് പ്രമോഷനുകള്‍ പുനര്‍നിര്‍വചിക്കാന്‍ കേരള ടൂറിസത്തിനായെന്നും അദ്ദേഹം പറഞ്ഞു.

  നാസ്കോം ഫയ: 80 ഓട്ടോണമസ് സിസ്റ്റങ്ങളെക്കുറിച്ചുള്ള സെമിനാര്‍ ഫെബ്രുവരി 5 ന്

സഞ്ചാരികളുടെ ശ്രദ്ധയും ആവേശവും ആകര്‍ഷിക്കുന്നതിനായി നടത്തിയ പ്രമോഷണല്‍ കാമ്പയിനുള്ള സുപ്രധാന അംഗീകാരമാണ് അവാര്‍ഡ്. കോവിഡിന് ശേഷം വിനോദസഞ്ചാരികളെ കേരളത്തിലേക്ക് വന്‍തോതില്‍ ആകര്‍ഷിക്കാന്‍ കാമ്പയിനിലൂടെ സാധിച്ചു. മികച്ചതും നവീനവുമായ ഇത്തരം മാര്‍ഗങ്ങളിലൂടെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജൂലൈയില്‍ സംഘടിപ്പിച്ച ബിഡ്ഡിംഗ് ഗെയിമില്‍ 80,000 ലധികം ബിഡ്സുകളാണ് നടന്നത്. 45 ദശലക്ഷത്തിലധികം ഇംപ്രഷനുകള്‍ സൃഷ്ടിച്ചു. 13 ദശലക്ഷത്തിലധികം കാണികളെയും നേടി. കാമ്പയിന്‍ കാലയളവില്‍ 5.2 ലക്ഷം ചാറ്റുകളാണുണ്ടായത്. ‘ലോവസ്റ്റ് യുണിക് ബിഡ്ഡിംഗ്’ എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള ഗെയിം ഏറ്റവും കുറഞ്ഞ ബിഡ്ഡുകളുപയോഗിച്ച് മികച്ച ടൂര്‍ പാക്കേജുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്നതാണ്.

  വിം വെന്‍ഡേഴ്സ് ഫിലിം ഫെസ്റ്റ് തിരുവനന്തപുരത്ത്

കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ ‘മായ’ (7510512345) ആണ് കാമ്പയിനിന് നേതൃത്വം നല്‍കിയത്. 2022 മാര്‍ച്ചില്‍ ആരംഭിച്ച മായ 1.5 ലക്ഷത്തോളം കോണ്‍ടാക്റ്റുകളുള്ള ജനപ്രിയ പ്ലാറ്റ് ഫോമാണ്. മൂന്ന് ലക്ഷത്തിലധികം സജീവ ചാറ്റുകളുമുണ്ട്. കാമ്പയിന്‍ കാലയളവില്‍ എല്ലാ ദിവസവും പുതിയ ടൂര്‍ പാക്കേജുകളും പങ്കെടുക്കുന്നവര്‍ക്ക് വിജയിക്കാനുള്ള പുതിയ അവസരങ്ങളും നല്‍കി. ആകര്‍ഷകമായ 30 പാക്കേജുകളോടെ ഭാഗ്യശാലികള്‍ക്ക് കേരളത്തില്‍ അവധിക്കാലം സ്വന്തമാക്കാനുള്ള അവസരവും മുന്നോട്ടുവച്ചു. സമര്‍ഥമായ ബിഡ്ഡുകളിലൂടെ വെറും 5 രൂപയ്ക്ക് 30,000 രൂപയിലധികം വിലമതിക്കുന്ന ടൂര്‍ പാക്കേജുകള്‍ സ്വന്തമാക്കിയവരുണ്ട്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കാന്‍ കാമ്പയിന്‍ പ്രധാന പങ്കുവഹിച്ചതായി ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവ് ക്രമാതീതമായി വര്‍ധിക്കുന്ന സമയത്താണ് കേരള ടൂറിസത്തിന് ഈ അവാര്‍ഡ് ലഭിച്ചതെന്നത് ശ്രദ്ധേയമാണെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.

  റെയിൽ വികസനപദ്ധതികൾക്കായി കേരളത്തിന് 3042 കോടി രൂപ

ഏഷ്യ-പസഫിക് മേഖലയിലെ ട്രാവല്‍ വ്യവസായത്തില്‍ നിന്നുള്ള മികച്ച സംഭാവനകള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുന്ന പാറ്റ 1984 ലാണ് സ്ഥാപിതമായത്.

Maintained By : Studio3