‘റീജിയണല്‍ ഡയറി കോണ്‍ഫറന്‍സ് – ഏഷ്യ പസഫിക് 2024’ ല്‍ ശ്രദ്ധേയമായി സ്റ്റാര്‍ട്ടപ്പുകള്‍
കൊച്ചി: കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയം, നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡും (എന്‍ ഡി ഡി ബി ) ഇന്റര്‍നാഷണല്‍ ഡയറി ഫെഡറേഷനും (ഐ.ഡി.എഫ്) ചേര്‍ന്ന് രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന ‘റീജിയണല്‍ ഡയറി കോണ്‍ഫറന്‍സ് – ഏഷ്യ പസഫിക് 2024’ ലെ സ്റ്റാര്‍ട്ടപ്പുകളുടെ പവലിയന്‍ ശ്രദ്ധേയമായി. സമ്മേളനത്തോടൊപ്പം മൃഗസംരക്ഷണ, ക്ഷീര വികസന മേഖലയില്‍ നൂതന ആശയങ്ങളും സാങ്കേതിക വിദ്യയും പുതുതലമുറ ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിച്ചാണ് സ്റ്റാര്‍ട്ടപ്പ് പവലിയന്‍ ശ്രദ്ധയാകര്‍ഷിച്ചത്. കേരളത്തില്‍ നിന്നുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 ഓളം കമ്പനികള്‍ പങ്കെടുത്തു. ദേശീയ അവാര്‍ഡ് ജേതാക്കളുള്‍പ്പെടെയുള്ളവര്‍ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യയും അവതരിപ്പിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മേഖലയിലെ പ്രമുഖരുമായി സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ നെറ്റ്വര്‍ക്കിംഗ് നടത്തി.
ക്രംബറി എന്ന ആലുവയില്‍ നിന്നുള്ള ബ്രാന്‍ഡ് ഉള്‍പ്പെടുന്ന വിവിധ കമ്പനികളാണ് പവലിയനില്‍ ഉണ്ടായിരുന്നത്. ആലുവ യു.സി കോളേജിന് സമീപമുള്ള ഫാക്ടറിയില്‍ നിന്ന് ആഗോള പ്രമുഖന്മാര്‍ പങ്കെടുത്ത അംബാനി കുടുംബത്തിലെ വിവാഹ നിശ്ചയ സല്‍ക്കാരത്തില്‍ താരമായ ഫ്‌ളേവേഡ് യോഗര്‍ട്ടിനെക്കുറിച്ച് കുറച്ചു കാലം മുമ്പ് വരെ വാര്‍ത്തകള്‍ വന്നിരുന്നു. പല ഫ്‌ളേവറില്‍ എത്തുന്ന നാച്വറല്‍ യോഗര്‍ട്ട് അതാണ് ക്രംബറി. അനന്ത് അംബാനിയുടെ മകന്റെ വിവാഹ നിശ്ചയച്ചടങ്ങിലേക്ക് 10,000 പാക്കറ്റുകളാണ് ക്രംബറി എത്തിച്ചത്. താരമാണ് ഈ മലയാളി ബ്രാന്‍ഡ്. തൃശൂര്‍ ഒരുമനയൂര്‍ സ്വദേശി നഹാസ് ബഷീര്‍ എന്ന യുവ സംരംഭകന്റെ തലയിലുദിച്ച ഉഗ്രന്‍ സംരംഭമാണിത്.
2020 ല്‍ പ്ലെയ്ന്‍ യോഗര്‍ട്ടോടൊപ്പം സംഭാരത്തിന്റെ രുചിയുള്ള ‘ട്രാവന്‍കൂര്‍’സ്‌പൈസ് യോഗര്‍ട്ടും അവതരിപ്പിച്ചു. ലസ്സി തൈര് എന്നിവയാണ് മറ്റുല്‍പ്പന്നങ്ങള്‍. കേരളത്തിലെ മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റുകളും മാളുകളുമായി ചേര്‍ന്നാണ് നിലവില്‍ വിതരണം. ക്യാന്‍സറും ജീവിതശൈലീ രോഗങ്ങളും നേരത്തെ കണ്ടെത്താനാകുക എന്നത് ഈ കൃത്രിമ ബുദ്ധിയുടെ (എഐ) കാലത്ത് ആരോഗ്യ മേഖലയില്‍ വന്ന വലിയ സാധ്യതയാണ്. മലയാളിയായ രാകേഷ് മേനോനും സുഹൃത്തും സഹപാഠിയുമായിരുന്ന ശ്രീകൃഷ്ണ ഷേഷാദ്രിയും നേതൃത്വം നല്‍കുന്ന കമ്പനിയാണ് ‘പ്രീവ്യു’. 100 പേരോളം വരുന്ന കമ്യൂണിറ്റികളായി തിരിഞ്ഞ് കുറഞ്ഞ ചെലവില്‍ ഈ ടെസ്റ്റുകള്‍ നടത്താന്‍ കഴിയുന്ന പദ്ധതിയാണ് ഈ സംരംഭം അവതരിപ്പിച്ചിരിക്കുന്നത്. ഗ്രാമങ്ങളിലെ കര്‍ഷക കൂട്ടായ്മകളിലും തൊഴിലാളി സംഘങ്ങളിലും ‘പ്രേമധാര’ എന്ന പേരില്‍ റൂറല്‍ ഹെല്‍ത്ത് പ്രോഗ്രാമുകളും പ്രീവ്യൂ അവതരിപ്പിച്ചിട്ടുണ്ട്.
പശുവളര്‍ത്തലില്‍ ഏറെ നിര്‍ണായകവും വെല്ലുവിളി നിറഞ്ഞതുമായ മേഖലയാണ് പ്രത്യുല്‍പ്പാദനരംഗം. കന്നുകാലികളിലെ പ്രജനനത്തിന് വെല്ലുവിളിയാകുന്നത് ഗുണമേന്മ ഉറപ്പാക്കാനാകാത്ത സാംപിള്‍ കളക്ഷനും സംരംക്ഷണവുമാണ്. കന്നുകാലി വളര്‍ത്തലില്‍ വലിയ തോതിലുള്ള പ്രത്യുല്‍പ്പാദനത്തിന് സഹായിക്കുന്ന സാങ്കേതിക വിദ്യ ഉള്‍പ്പെടുന്ന വിവിധ ഉല്‍പ്പന്നങ്ങളും സോഫ്റ്റ് വെയറും നല്‍കുന്ന കമ്പനിയാണ് അത്സൂയ(ATSUYA) ടെക്‌നോളജീസ്. പശുക്കളുടെ പ്രത്യുല്‍പ്പാദനത്തിനായുള്ള സാംപിള്‍ കളിക്ഷനും അവ സുരക്ഷിതമായ, ഗുണമേന്മ ചോരാതെ സംരക്ഷിക്കാനുള്ള ബീജ ബാങ്കുകളും അവ സസൂക്ഷം നിരീക്ഷിക്കാനുള്ള ആപ്പും പുറത്തിറക്കിയാണ് അത്സൂയ എന്ന കമ്പനി ശ്രദ്ധിക്കപ്പെടുന്നത്. കേരളത്തില്‍ നടക്കുന്ന ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സമ്മേളനത്തില്‍ തങ്ങളുടെ മാര്‍ക്കറ്റിംഗ് അവസരങ്ങള്‍ വര്‍ധിപ്പിക്കാനായി എന്ന് അത്സൂയ സി.ഇ.ഒ ആയ രാഹുല്‍ ഗണപതി വ്യക്തമാക്കി.
ഇന്ത്യയുടെ എഴുപത്തി അഞ്ചാമത് റിപബ്ലിക് ദിന പരേഡില്‍ സാങ്കേതിക വിദ്യയിലൂടെ ശ്രദ്ധനേടിയ പൂനെ കമ്പനി അരീതി ബിസിനസ് സൊല്യൂഷന്‍സും കേരളത്തില്‍ നടന്ന ‘റീജിയണല്‍ ഡയറി കോണ്‍ഫറന്‍സ് – ഏഷ്യ പസഫിക് 2024’ ല്‍ശ്രദ്ധ നേടി. ആയുഷ്മാന്‍ കൗഫിറ്റ് എന്ന ഇവരുടെ കാറ്റില്‍ ഹെല്‍ത്ത് ഐഒടി ഉല്‍പ്പന്നമാണ് ഈ കമ്പനിയെ ശ്രദ്ധേയമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ച ഈ ഉല്‍പ്പന്നം മൃഗസംരക്ഷണ,ക്ഷീര സംരക്ഷണ മേഖലയില്‍ വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവന്നിട്ടുള്ളത്.
ചാണകത്തില്‍ നിന്ന് ചന്ദനത്തിരിയും മറ്റ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്ന മധുരയില്‍ നിന്നുള്ള തൊഴുവം എന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, പാലിലെ രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്ന പേപ്പര്‍ സ്ട്രിപ്പുകള്‍ പുറത്തിറക്കി ശ്രദ്ധേയമായ ‘അഗ്രിനോവേറ്റ് ഇന്ത്യ ലിമിറ്റഡ്, കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും പുത്തനാശങ്ങളും ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന’ആക്‌സസ്ട്രാക്ക്’, വീട്ടുപടിക്കലെത്തി കന്നുകാലകിളുടെ രക്തസാമ്പിളുകളും മറ്റും കണ്ടെത്തി പ്രത്യുല്‍പ്പാദനശേഷി തിരിച്ചറിയുന്ന ടെസ്റ്റുകള്‍ നടത്തുന്ന വെറ്റ്‌ലാബ്‌സ് തുടങ്ങി വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ പവലിയന്റെ ശ്രദ്ധാകേന്ദ്രമായി. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയം, നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡും (എന്‍ ഡി ഡി ബി ) ഇന്റര്‍നാഷണല്‍ ഡയറി ഫെഡറേഷനും (ഐ.ഡി.എഫ്) ചേര്‍ന്ന് നടത്തുന്ന ‘റീജിയണല്‍ ഡയറി കോണ്‍ഫറന്‍സ് – ഏഷ്യ പസഫിക് 2024’ ജൂണ്‍ 28ന് അവസാനിക്കും.