നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
കൊച്ചി: നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സില്‍ ഡെറിവേറ്റീവ് ആരംഭിക്കാന്‍ നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന് സെബിയുടെ അനുമതി ലഭിച്ചു. ഏപ്രില്‍ 24 മുതല്‍ ഇതിന് തുടക്കമാകും. മൂന്ന് സീരിയല്‍ പ്രതിമാസ ഇന്‍ഡക്സ് ഫ്യൂചേഴ്സ്, ഇന്‍ഡക്സ് ഓപ്ഷന്‍സ് കോണ്ടാക്ട് സൈക്കിളുകളാവും എന്‍എസ്ഇ അവതരിപ്പിക്കുക. മാസത്തിലെ അവസാന വെളളിയാഴ്ചയാകും ഡെറിവേറ്റീവ് കരാറുകള്‍ അവസാനിക്കുക. നിഫ്റ്റി 100 സൂചികയില്‍ നിന്ന് നിഫ്റ്റി 50 കമ്പനികളെ ഒഴിവാക്കിയുള്ളതാണ് നിഫ്റ്റി നെക്സ്റ്റ് 50 സൂചിക. 1997 ജനുവരി ഒന്നിനായിരുന്നു ഈ സൂചികയ്ക്ക് തുടക്കം കുറിച്ചത്. എന്‍എസ്ഇയില്‍ ലിസ്റ്റു ചെയ്ത ആകെ ഓഹരികളുടെ 18 ശതമാനത്തോളം വരുന്ന 70 ട്രില്യണ്‍ രൂപയുടെ വിപണി വിഹിതമാണ് ഈ സൂചികയ്ക്കുള്ളതെന്ന് 2024 മാര്‍ച്ച് 29-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.