സതേണ്‍ സ്റ്റാര്‍ ആര്‍മി അക്കാദമിയ ഇന്‍ഡസ്ട്രി ഇന്‍റര്‍ഫേസ് എക്സ്പോ
തിരുവനന്തപുരം: കേരളത്തിലെ ഐടി ആവാസവ്യവസ്ഥ ഇന്ത്യന്‍ സൈന്യത്തിന്‍റെ സഹകരണത്തോടെ സതേണ്‍ സ്റ്റാര്‍ ആര്‍മി അക്കാദമിയ ഇന്‍ഡസ്ട്രി ഇന്‍റര്‍ഫേസ് എക്സ്പോ സംഘടിപ്പിച്ചു. ടെക്നോപാര്‍ക്കിലെ ഐടി, ഐടി ഇതര കമ്പനികള്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, അക്കാദമിക് രംഗത്തുള്ളവര്‍ എന്നിവര്‍ ചേര്‍ന്ന് കരുത്താര്‍ന്ന പ്രതിരോധ-വ്യവസായ അക്കാദമിക് ബന്ധം കെട്ടിപ്പടുക്കുന്നതിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 7, 8 തീയതികളിലായി പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ നടന്ന എക്സ്പോയില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, അമൃത വിശ്വ വിദ്യാപീഠം, ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവ അക്കാദമിക് വിഭാഗത്തെ പ്രതിനിധീകരിച്ചും ഐടി, ഐടി ഇതര കമ്പനികള്‍, വിവിധ സ്റ്റര്‍ട്ടപ്പുകള്‍ എന്നിവ വ്യവസായ വിഭാഗത്തെ പ്രതിനിധീകരിച്ചും പങ്കെടുത്തു. പ്രതിരോധ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ (സ്വയംപര്യാപ്ത) ഭാരതം കെട്ടിപ്പടുക്കുന്നതിന് ഊന്നല്‍ നല്‍കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. വ്യവസായ അക്കാദമിക് രംഗത്തെ പ്രാഗത്ഭ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവ ഇന്ത്യന്‍ സൈന്യത്തിന് മുതല്‍ക്കൂട്ടാകുന്നതിനും തദ്ദേശീയവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. കൂടാതെ എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു.
പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സലില്‍ എം പിയുടെ മുഖ്യപ്രഭാഷണത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് സംസാരിച്ച ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) ഐഡിഇഎക്സ് പ്ലാറ്റ് ഫോമിലൂടെ പ്രതിരോധ സംരംഭകത്വം വളര്‍ത്തിയെടുക്കുന്നത് സംബന്ധിച്ചും ഐഡിഇഎക്സിന് കീഴില്‍ അടുത്തിടെ ആരംഭിച്ച അതിഥി, ഡിസ്ക് 11 എന്നീ സംരംഭങ്ങളെ പറ്റിയും സംസാരിച്ചു. ടെക്നോപാര്‍ക്കിലെ ഐടി, ഐടി ഇതര കമ്പനികള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയുടെ നൂതന ആശയങ്ങളിലൂടയും നവീന ഉത്പന്നങ്ങളിലൂടെയും പ്രതിരോധ സാങ്കേതിക മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍മി വ്യവസായ അക്കാദമിയ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം ഊന്നിപ്പറഞ്ഞു.
നവീന സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രതിരോധ മേഖലയില്‍ പരമാവധി പ്രയോജനപ്പെടുത്തി വരികയാണെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ഗുരുപ്രസാദ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പ്രതിരോധ വ്യവസായങ്ങള്‍, എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയിലൂടെ നവീനവും തദ്ദേശവത്കരണവും പ്രോത്സാഹിപ്പിച്ചുകൊണ്ട് ആത്മനിര്‍ഭരത സംരംഭത്തിന് സൈന്യം നേതൃത്വം നല്‍കുന്നതിനെ പറ്റി ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും സതേണ്‍ കമ്മാന്‍ഡ് റീജിയണല്‍ ടെക്നോളജിക്കല്‍ നോഡ് (ആര്‍ടിഎന്‍) ല്‍ നിന്നുമെത്തിയവര്‍ വിശദീകരിച്ചു. സൈന്യത്തിനൊപ്പം ഐടി കമ്പനികള്‍, കിന്‍ഫ്ര ഡിഫന്‍സ് പാര്‍ക്ക്, എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വ്യവസായ മേഖലകളില്‍ നിന്നുള്ളവര്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ജിഒസി 54 ഇന്‍ഫര്‍ട്രി ഡിവിഷന്‍ മേജര്‍ ജനറല്‍ അഖിലേഷ് കുമാര്‍ (എസ് എം) എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു.
‘ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ വ്യവസായങ്ങളും അക്കാദമികളും നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍ സുരേന്ദ്രന്‍ കേരള സിജിറ്റല്‍ യൂണിവേഴ്സിറ്റി അക്കാദമിക്സ് ഡീന്‍ ഡോ. അലക്സ് ജെയിംസ്, സ്പേസ് ലാബ്സ് അനലിറ്റിക്കല്‍ ആന്‍ഡ് ഡൈനാമിക്സ് സഹസ്ഥാപക ഷീല ഡി എസ്, പ്രോഫേസ് സഹസ്ഥാപകയും സിഒഒയുമായ ലക്ഷ്മി ദാസ്, അഭിലാഷ് ഗോപാലകൃഷ്ണന്‍ (അമൃത വിശ്വ വിദ്യാപീഠം) എന്നിവര്‍ പങ്കെടുത്തു. ആദ്യമായാണ് പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ ഇത്തരത്തിലുള്ള എക്സ്പോ സംഘടിപ്പിക്കുന്നത്. രണ്ട് ദിവസം നീണ്ടുനിന്ന എക്സ്പോയില്‍ പ്രതിരോധ വ്യവസായ അക്കാദമിയ രംഗങ്ങളുടെ സമന്വയത്തിന്‍റെ അനന്ത സാധ്യതകള്‍ പ്രകടിപ്പിക്കാനായി. കൂടാതെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാങ്കേതിക സ്ഥാപനങ്ങള്‍ക്കും പ്രതിരോധ മന്ത്രാലയത്തിന്‍റെ മുന്‍നിര പരിപാടിയായ ഇന്നോവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സ് (ഐഡിഇഎക്സ്) ടെക്നോളജി ഡെവലപ്മെന്‍റ് ഫണ്ട് എന്നിവയില്‍ നിന്നുള്ള പ്രയോജനം ലഭിക്കുന്നതിനും സാധിച്ചു.