സുഗന്ധ വ്യഞ്ജന വിപണിയിൽ വിലക്കയറ്റം
- അനു വി പൈ
കമ്മോഡിറ്റി റിസര്‍ച്ച് അനലിസ്റ്റ് , ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്
പച്ചക്കറികള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കുമൊപ്പം രാജ്യത്തെ ഭക്ഷ്യ വില വര്‍ധനയില്‍ സുഗന്ധ വിളകളും കാര്യമായ സംഭവന നല്‍കുന്നുണ്ട്. ചിലവയുടെ വില വന്‍ തോതിലാണ് ഉയര്‍ന്നത്. കോവിഡ് -19 നു ശേഷം സുഗന്ധ വിളകള്‍ക്ക് പൊതുവേ വിലക്കയറ്റമുണ്ടായി. 2003ല്‍ ജീരകം, ചതകുപ്പ, മുളക്, കുരുമുളക്, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയവയുടെ വില കൂടി വരികയായിരുന്നു. ജീരകത്തിന്റെ പ്രധാന വിപണിയായ ഗുജറാത്തിലെ ഉന്‍ജയില്‍ 2023ല്‍ കിന്റലിന് വില 62,000 രൂപയായിരുന്നത് വര്‍ഷാവസാനമാണ് അല്‍പം കുറഞ്ഞത്. മുളകിന്റെ കാര്യത്തിലും ഈ വ്യതിയാനമുണ്ടായി. ഇഞ്ചിയുടേയും മഞ്ഞളിന്റേയും വില ജൂലൈ സെപ്തംബര്‍ മാസങ്ങളില്‍ കുതിച്ചുയര്‍ന്നെങ്കിലും വര്‍ഷാവസാനത്തോടെ അല്‍പം കുറഞ്ഞു. ഓഗസ്റ്റില്‍ ഒരു ക്വിന്റല്‍ ഇഞ്ചിക്ക് 40,000 രൂപയായിരുന്നു. പിന്നീടാണ് കുറഞ്ഞത്. കറുത്ത് കുരുമുളക് 100 കിലോയ്ക്ക് 60000 രൂപയ്ക്കു മുകളില്‍ അഞ്ചുവര്‍ഷത്തെ ഏറ്റവും കൂടിയ വില എന്ന റിക്കാഡിലെത്തി. ചെറിയ ഏലത്തിന്റെ വില മൂന്നു വര്‍ഷത്തെ കൂടിയ ഉയരം കണ്ടു. ശരാശരി ലേല വില കിലോയ്ക്ക് 2000 രൂപയായിരുന്നു. വിതരണവും ഡിമാന്റും തമ്മില്‍ പല ഘടകങ്ങള്‍ ചേര്‍ന്നു സൃഷ്ടിച്ച അസന്തുലനമാണ് വില വര്‍ധനയ്ക്കു കാരണം. വന്‍ തോതിലുള്ള കയറ്റുമതിയും ആഭ്യന്തര ഡിമാന്റും മാത്രമല്ല കുറഞ്ഞ വിളവ്, കാലാവസ്ഥാ വ്യതിയാനം, വൈകിയും കാലം തെറ്റിയും വന്ന മഴ, കര്‍ഷകര്‍ സുഗന്ധ വിളകള്‍ക്കു പകരം മറ്റു വിളകള്‍ കൃഷി ചെയ്യാന്‍ തുടങ്ങിയത്, കീട ബാധ തുടങ്ങി അനേകം ഘടകങ്ങള്‍ ഉല്‍പാദനത്തെ ബാധിച്ചു. സുഗന്ധ വിളകള്‍ പൊതുവേ കാലാവസ്ഥയെ ആശ്രയിക്കുന്ന കൃഷിയാണ്. നല്ല ചൂടും മഴയും ശരിയായ കാലാവസ്ഥയുമാണ് നല്ല വിളവ് കൊണ്ടു വരിക.
എക്‌സ്‌ചേഞ്ചിലൂടെ വില്‍ക്കപ്പെടുന്ന സുഗന്ധ വിളകളില്‍ ഏറ്റവും വലിയ വിലക്കയറ്റമുണ്ടായത് ജീരകത്തിനായിരുന്നു. നാഷണല്‍ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ ജീരക വില ക്വിന്റലിന് 64000 രൂപയായിരുന്നു പിന്നീട് വില കുറയുകയും ഇപ്പോള്‍ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില നിലവാരത്തില്‍ എത്തുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷം ഉല്‍പാദനത്തിലുണ്ടായകുറവ്, മോശമായ കാലാവസ്ഥ, സംഭരിക്കപ്പെട്ടതില്‍ മുന്‍ ബാക്കി കുറഞ്ഞത്, ശക്തമായ ഡിമാന്റ് എന്നീ ഘടകങ്ങളായിരുന്നു ജീരകത്തിന്റെ വില കുതിക്കാനിടയാക്കിയത്. എന്നാല്‍ 2023-24 സീസണില്‍ കൂടുതല്‍ ഇടങ്ങളില്‍ കൃഷി ചെയ്യാന്‍ സാധിക്കുകയും പ്രധാന ജീരക കൃഷിയിടങ്ങളായ ഗുജറാത്തിലും രാജസ്ഥാനിലും കാലാവസ്ഥ അനുകൂലമായിത്തീരുകയും ചെയ്തത് വില കുറയാന്‍ ഇടയാക്കി. ഗുജറാത്ത് സംസ്ഥാന കൃഷി വകുപ്പിന്റെ 2024 ജനുവരി 15 നു പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 561306 ഹെക്ടറിലാണ് ജീരക കൃഷി ചെയ്യുന്നത്. നേരത്തേ ഇത് 275830 ഹെക്ടറിലായിരുന്നു. കൃഷിയിട വര്‍ധന 160.07 ശതമാനം. ജനുവരി ഒന്നിന്റെ കണക്കു പ്രകാരം രാജസ്ഥാനില്‍ 687781 ഏക്കറില്‍ ജീരക കൃഷിയുണ്ട്. കയറ്റുമതി കുറഞ്ഞതും ജീരകത്തിന്റെ വിലയെ ബാധിക്കുന്നു. സ്‌പൈസസ് ബോര്‍ഡിന്റെ കണക്കുകളനുസരിച്ച് 2023-24 വര്‍ഷം ആദ്യപകുതിയില്‍ 84475.41 ടണ്‍ ജീരകമാണ് കയറ്റുമതി ചെയ്തത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കയറ്റി അയച്ചതിനേക്കാള്‍ 31 ശതമാനം കുറവാണിത്. വിദേശ വിപണികളില്‍ സിറിയയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും എത്തുന്ന വില കുറഞ്ഞ ജീരകത്തോടു മത്സരിക്കാന്‍ ഇന്ത്യന്‍ ജീരകത്തിനു കഴിയുന്നില്ല.
ദേശീയ ഉല്‍പന്ന എക്‌സ്‌ചേഞ്ചില്‍ മഞ്ഞള്‍ വില 2023ല്‍ 70 ശതമാനം കൂടിയിരുന്നു. 2023 ഓഗസ്റ്റില്‍ മഞ്ഞളിന്റെ വില ക്വിന്റലിന് 16720 രൂപയായി ഉയര്‍ന്നിരുന്നു. ഖാരിഫ് സീസണില്‍ വിത വൈകിയതും കാലം തെറ്റിയെത്തിയ മഴയും വിളവിനെച്ചൊല്ലിയുള്ള ആശങ്കകളും നല്ല കയറ്റുമതി ഡിമാന്റും വിലയ്ക്കു താങ്ങായി. 2023 ഖാരിഫ് സീസണില്‍ മഹാരാഷ്ട്രയില്‍ 10-20 ശതമാനം വരെയും തമിഴ്‌നാട്ടില്‍ 10 മുതല്‍ 15 ശതമാനം വരെയും തെലങ്കാനയിലും ആന്ധ്ര പ്രദേശിലും 18 മുതല്‍ 22 ശതമാനം വരെയും കുറച്ചേ മഞ്ഞള്‍ വിതയ്ക്കാന്‍ പറ്റിയുള്ളു. കൂടുതല്‍ ലാഭം കിട്ടുന്ന എണ്ണക്കുരുക്കള്‍, പരുത്തി എന്നിവയുടെ കൃഷയിലേക്ക് കര്‍ഷകര്‍ തിരിഞ്ഞതാണ് കാരണം. എന്നാല്‍ മഞ്ഞളിന്റെ കയറ്റുമതി ശക്തമാണ്. 2023 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 102162.95 ടണ്‍ മഞ്ഞളാണ് കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി 99545.89 ടണ്‍ ആയിരുന്നു. മല്ലിക്ക് കഴിഞ്ഞ വര്‍ഷത്തെ നഷ്ടത്തിനു ശേഷം ഇപ്പോള്‍ ഡിമാന്റു വര്‍ധിച്ചിട്ടുണ്ട്. 2023 ജൂണില്‍ രണ്ടര വര്‍ഷക്കാലത്തെ ഏറ്റവും കുറവു രേഖപ്പെടുത്തിയ ശേഷം കയറ്റുമതി വര്‍ധിച്ചതോടെ മല്ലി വില കൂടി. സ്‌പൈസസ് ബോഡിന്റെ കണക്കുകളനുസരിച്ച് 2023 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മല്ലിയുടെ കയറ്റുമതി 67120.65 ടണ്‍ ആയിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 18557.72 ടണ്‍ മാത്രമായിരുന്ന കയറ്റുമതി 261 ശതമാനമാണ് വര്‍ധിച്ചത്്. ഈ റാബി സീസണില്‍ കൃഷിയിടത്തിന്റെ അളവില്‍ വന്ന കുറവും വിലയ്ക്കു തുണയായി. ഗുജറാത്തില്‍ കഴിഞ്ഞ വര്‍ഷം 2,22,792 ഹെക്ടറില്‍ മഞ്ഞള്‍ കൃഷി ചെയ്തപ്പോള്‍ 2024 ജനുവരി 15 ലെ കണക്കനുസരിച്ച് അത് 1,27,019 ഹെക്ടറായി ചുരുങ്ങി. രാജസ്ഥാനില്‍ 2024 ജനുവരി 1 ലെ കണക്കനുസരിച്ച് 48675 ഹെക്ടറില്‍ മാത്രമാണ് മഞ്ഞള്‍ കൃഷി ചെയ്തത്.
ജീരകം, മല്ലി, മഞ്ഞള്‍, വെളുത്തുള്ളി, ഇഞ്ചി എന്നിവയുടെ വിളവെടുപ്പ് ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് ആരംഭിക്കുക. പുതിയ വിളവെടുപ്പിനനുസരിച്ച് വിലകളില്‍ കാര്യമായ വ്യതിയാനം പ്രതീക്ഷിക്കാം. നാട്ടിലേയും വിദേശത്തേയും ഡിമാന്റിനും കാലാവസ്ഥയ്ക്കുമനുസരിച്ച് വിപണിയുടെ പ്രതികരണങ്ങള്‍ മാറും. ചെങ്കടലില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയും സുഗന്ധ വ്യഞ്ജന വിപണിയെ ബാധിക്കുന്നതായി കാണുന്നുണ്ട്. വിതരണ ശൃംഖലയിലെ തടസങ്ങള്‍ക്കും വില വര്‍ധനയ്ക്കും ഇത് കാരണമായിത്തീരും.