ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായക പങ്ക് വഹിക്കും: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ഭാവിയുടെ സാങ്കേതിക വിദ്യകള്‍ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ എസ്ടിപിഐ ഇന്‍കുബേഷന്‍ കേന്ദ്രം നേരിട്ടും കൊച്ചി കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ എസ്ടിപിഐ കേന്ദ്രം ഓണ്‍ലൈനായും ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 മുതല്‍ പത്തു വര്‍ഷം കൊണ്ട് മറ്റു രാജ്യങ്ങള്‍ക്കും പ്രചോദനകരമാകുന്ന തരത്തിലാണ് ഇന്ത്യ വളര്‍ന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് സാങ്കേതിക വിദ്യയുടെ മേഖലയില്‍ രാജ്യത്ത് വലിയ നിക്ഷേപമാണ് ഉണ്ടായത്. ഇതിന്റെ തുടര്‍ച്ചയായി ഉല്‍പ്പന്ന നിര്‍മാണം, ബൗദ്ധിക സ്വത്തവകാശം, നിര്‍മ്മിത ബുദ്ധി എന്നീ മേഖലകളില്‍ അടുത്ത 5 വര്‍ഷം കൊണ്ട് വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നതെന്നും ഈ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ പല മേഖലകളിലും നമുക്ക് വലിയ രീതിയില്‍ മുന്നേറാനായി. 2014ല്‍ രാജ്യത്ത് ഉപയോഗിച്ചിരുന്ന 93 ശതമാനം മൊബൈലുകളും ഇറക്കുമതി ചെയ്തിരുന്നവയാണ്. എന്നാല്‍ ഇന്ന് നാം ഉപയോഗിക്കുന്ന 100 ശതമാനം മൊബൈല്‍ ഫോണുകളും രാജ്യത്ത് തന്നെ നിര്‍മ്മിക്കുന്ന തരത്തില്‍ നാം വളര്‍ന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഈ മേഖലയില്‍ 1.3 ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ബഹിരാകാശ രംഗം സ്വകാര്യ മേഖലക്കു കൂടി തുറന്നു കൊടുക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് എടുത്ത തീരുമാനം നിര്‍ണായകമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് അഭിപ്രായപ്പെട്ടു. ആഗോള ബഹിരാകാശ മേഖലയില്‍ നിലവിലെ രണ്ട് ശതമാനമാനം പ്രാതിനിധ്യം പത്തു ശതമാനത്തിലെത്തിക്കുക എന്നതാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിന് ഗവണ്‍മെന്റ് ഇതര, സ്വകാര്യ പങ്കാളിത്തം അനിവാര്യമാണ്. രാജ്യത്തിന്റെ ബഹിരാകാശ പുരോഗതിക്കായി ഈ മേഖലക്ക് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും സോമനാഥ് പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് ശേഷം ഇന്‍കുബേഷന്‍ സെന്ററിലെ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ മന്ത്രി സന്ദര്‍ശിച്ചു. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സൊസൈറ്റിയായ എസ് ടി പി ഐ, ഇന്ത്യന്‍ ഐടി/ഐടി അധിഷ്ഠിത സേവന (ഐ ടി ഇ എസ്) വ്യവസായത്തെ, പ്രത്യേകിച്ച് സംരംഭകർ, സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങിയവയെ പിന്തുണയ്ക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നു. നിയമാനുസൃത സേവനങ്ങള്‍, ഇന്‍കുബേഷന്‍ സേവനങ്ങള്‍, പിഎംസി സേവനങ്ങള്‍, ഹൈ-സ്പീഡ് ഡാറ്റാ കമ്മ്യൂണിക്കേഷന്‍ (എച്ച് എസ് ഡി സി ) സേവനങ്ങള്‍ തുടങ്ങിയവയും ഐടി/ഐ ടി ഇ എസ് /ഇലക്ട്രോണിക്‌സ് സംവിധാനങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും (ഇ എസ് ഡി എം ) തുടങ്ങിയ വ്യവസായങ്ങള്‍ക്കും മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും റിസോഴ്‌സ് സെന്ററുകളായി പുതിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.