സിഎസ്ബി ബാങ്കിന് 415 കോടി രൂപ അറ്റാദായം
കൊച്ചി: സിഎസ്ബി ബാങ്ക് 2023 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ 415 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 391 കോടി രൂപയായിരുന്നു. ഡിസംബര്‍ 31-ന് അവസാനിച്ച ത്രൈമാസത്തിലെ അറ്റാദായം 150 കോടി രൂപയാണ്. ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിലെ 506 കോടി രൂപയെ അപേക്ഷിച്ച് 9 ശതമാനം നേട്ടത്തോടെ 552 കോടി രൂപ പ്രവര്‍ത്തന ലാഭവും കൈവരിച്ചിട്ടുണ്ട്. ഒന്‍പതു മാസങ്ങളിലെ അറ്റ പലിശ വരുമാനം 11 ശതമാനം വര്‍ധിച്ച് 1090 കോടി രൂപയിലെത്തി. ഇക്കാലയളവിലെ പലിശ ഇതര വരുമാനം 104 ശതമാനം വര്‍ധിച്ച് 388 കോടി രൂപയിലുമെത്തി. ബാങ്കിന്‍റെ അറ്റ നിഷ്ക്രിയ ആസ്തികള്‍ മൂന്നാം ത്രൈമാസത്തില്‍ 0.31 ശതമാനമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ത്രൈമാസത്തില്‍ തങ്ങള്‍ നിക്ഷേപങ്ങളുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രലായ് മൊണ്ടല്‍ പറഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്തുണ്ടായത്. ഈ വ്യവസായ രംഗത്തെ വളര്‍ച്ച 13 ശതമാനം മാത്രമായിരുന്നപ്പോഴാണ് ഈ നേട്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.