ആഡംബര വിവാഹങ്ങള്‍ക്കും അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്കും വേദിയാകാന്‍ കോവളത്തെ ഹോട്ടല്‍ സമുദ്ര
തിരുവനന്തപുരം: ആഡംബര വിവാഹങ്ങള്‍ക്കും അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്കും വേദിയാകാന്‍ ലോകോത്തര സവിശേഷതകളോടെ നവീകരിച്ച കോവളത്തെ ഹോട്ടല്‍ സമുദ്ര ഹോട്ടല്‍ ഒരുങ്ങുന്നു. കേരള ടൂറിസം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ(കെ.ടി.ഡി.സി.) ഡെസ്റ്റിനേഷന്‍ പ്രോപ്പര്‍ട്ടികളിലൊന്നായ സമുദ്ര റിസോര്‍ട്ട് ചൊവ്വാഴ്ച (ജനുവരി 30) വൈകുന്നേരം 5.30 ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് തുറന്നു കൊടുക്കും. കേരളം മികച്ച വിവാഹ ഡെസ്റ്റിനേഷനായി മാറുന്ന സാഹചര്യത്തില്‍ നവീകരിച്ച സമുദ്ര റിസോര്‍ട്ട് സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ടാണ്. കേരളത്തിലെ ബീച്ച് ടൂറിസത്തിന്‍റെ മുഖമുദ്രയായ കോവളത്താണ് കെടിഡിസി യുടെ പ്രീമിയം റിസോട്ടായ സമുദ്ര സ്ഥിതി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. 50 മുറികളുമായി 1981 ലാണ് കോവളത്ത് സമുദ്ര പ്രവര്‍ത്തനമാരംഭിച്ചത്. കോവളത്തെത്തുന്ന ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികള്‍ക്ക് ഇവിടുത്തെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാവുന്ന രീതിയിലാണ് സമുദ്രയുടെ രൂപകല്പന. സമുദ്രയിലെ എല്ലാ മുറികളും കടലിന് അഭിമുഖമാണെന്നതും ശ്രദ്ധേയമാണ്. കൂടുതല്‍ വിനോദസഞ്ചാരികളെത്തിയതോടെ 1997-ല്‍ 12 മുറികളുള്ള പുതിയ ബ്ലോക്കും രണ്ട് കോട്ടേജുകളും ഇതിനൊപ്പം ചേര്‍ത്തു. ഇത്തവണ 12.68 കോടി രൂപ ചെലവഴിച്ച് 40 മുറികള്‍ മൂന്നു ഘട്ടമായാണ് നവീകരിച്ചത്.
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിലെ മികച്ച കേന്ദ്രങ്ങളിലൊന്നായ സമുദ്രയിലെ ജി വി രാജ കണ്‍വന്‍ഷന്‍ സെന്‍ററും ബീച്ചിന് അഭിമുഖമായുള്ള പുല്‍ത്തകിടിയും നവീകരണത്തിന്‍റെ ഭാഗമായി മോടി പിടിപ്പിച്ചിട്ടുണ്ട്. ബിസിനസ് ഹൗസുകളുടെ മീറ്റിംഗുകള്‍, ശാസ്ത്ര കോണ്‍ഫറന്‍സുകള്‍, പ്രൊഫഷണല്‍ സംഘടനകളുടെ ഒത്തുചേരല്‍ തുടങ്ങിയവയ്ക്കുള്ള സൗകര്യവും നവീകരിച്ച സമുദ്രയിലുണ്ട്. ഇത്തരത്തിലുള്ള അന്താരാഷ്ട്ര സമ്മേളനങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് നവീകരണം നടത്തിയത്. സീ വ്യൂ കോട്ടേജ്, സുപ്പീരിയര്‍ സീ വ്യൂ, പ്രീമിയം സീ വ്യൂ, പ്രീമിയം പൂള്‍ വ്യൂ, സീ വ്യൂ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി 64 മുറികളാണ് സമുദ്രയിലുള്ളത്. ഇവിടുത്തെ മികച്ച റെസ്റ്റോറന്‍റ്, സ്വിമ്മിംഗ് പൂള്‍, നവീകരിച്ച പുല്‍ത്തകിടി തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമാകും.
നവീകരണത്തിന്‍റെ ഭാഗമായുള്ള പുതിയ എ സി പ്ലാന്‍റ് നിര്‍മ്മാണം, മികച്ച ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, ആകര്‍ഷകമായ യാര്‍ഡ് ലൈറ്റിംഗ്, അപ്രോച്ച് റോഡ് ടാറിങ് തുടങ്ങിയവ സമുദ്രയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തില്‍ ശേഷിക്കുന്ന 20 മുറികള്‍ നവീകരിക്കും. 1965-ല്‍ നാല് ഹോട്ടലുകളുമായി പ്രവര്‍ത്തനം ആരംഭിച്ച കെടിഡിസി പിന്നീട് രാജ്യത്തെ തന്നെ ഏറ്റവും വലുതും പ്രശസ്തവുമായ പൊതുമേഖലാ ഹോസ്പിറ്റാലിറ്റി, ടൂറിസം സംരംഭമായി വളര്‍ന്നു. ആഡംബര റിസോര്‍ട്ടുകള്‍ മുതല്‍ മധ്യനിര ഹോട്ടലുകളും മോട്ടലുകളും ഉള്‍പ്പെടെ 70-ലധികം സ്ഥാപനങ്ങള്‍ കെടിഡിസി യ്ക്കു കീഴിലുണ്ട്.
ബീച്ചുകള്‍, കായലോരങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, ദ്വീപുകള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കെടിഡിസി ഹോട്ടലുകള്‍ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏഴെണ്ണം പ്രീമിയം റിസോര്‍ട്ടുകളാണ്, 11 ബജറ്റ് ഹോട്ടലുകള്‍, എട്ട് ഇക്കോണമി ഹോട്ടലുകള്‍, വഴിയോര വിശ്രമ സൗകര്യങ്ങള്‍ എന്നിവയും കെടിഡിസി സ്ഥാപനങ്ങളുടെ പട്ടികയിലുണ്ട്. കേന്ദ്രീകൃത ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം, ഉപഭോക്താക്കളുടെ താല്പര്യം അനുസരിച്ചുള്ള വൈവിധ്യമാര്‍ന്ന ടൂര്‍ പാക്കേജുകള്‍ എന്നിങ്ങനെയുള്ള വിപുലമായ സാധ്യതകള്‍ കെടിഡിസി യെ വിനോദസഞ്ചാരികളുടെ മുന്‍നിര തിരഞ്ഞെടുപ്പുകളില്‍ ഒന്നാക്കി മാറ്റി. ലോക ടൂറിസം ഭൂപടത്തില്‍ തേക്കടി, മൂന്നാര്‍, കോവളം തുടങ്ങിയ സ്ഥലങ്ങളെ അടയാളപ്പെടുത്തുന്നതിലും കെടിഡിസി സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. റൂം ബുക്കിംഗ്, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്/ കോണ്‍ഫറന്‍സ് വെന്യൂ ബുക്കിംഗ് എന്നിവയ്ക്ക് സമുദ്രയുടെ 0471-2480089, 2481412 എന്നീ നമ്പറുകളിലോ 1800 425 0123 എന്ന നമ്പറില്‍ കെടിഡിസിയുടെ സെന്‍ട്രല്‍ റിസര്‍വേഷന്‍ സെന്‍ററുമായോ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ktdc.com സന്ദര്‍ശിക്കുക.