Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓട്ടമൊബീല്‍ വ്യവസായത്തിന്‍റെ മൂല്യം 15 ലക്ഷം കോടിയിലെത്തിക്കാനാണ് കേന്ദ്ര പദ്ധതി: നിതിന്‍ ഗഡ്കരി

1 min read

തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ദേശീയപാതകളെ യുഎസ് റോഡുകളോടു കിടപിടിക്കുന്നവയാക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതോടെ രാജ്യത്തെ മെട്രോ നഗരങ്ങളിലെ തിരക്ക്, യാത്രാസമയം, റോഡപകടങ്ങള്‍ എന്നിവ കുറയ്ക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2024 ലെ മനോരമ ഇയര്‍ബുക്കിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ സ്വപ്ന പദ്ധതിയെക്കുറിച്ചു വിശദീകരിച്ചത്. കഴിഞ്ഞ ഒന്‍പതു വര്‍ഷം കൊണ്ട് 50 ലക്ഷം കോടി രൂപയുടെ റോഡ് പദ്ധതികള്‍ക്കാണ് ഗതാഗതമന്ത്രാലയം അനുമതി നല്‍കിയത്. ഇതിനു പുറമേ നിലവിലുള്ള നയങ്ങള്‍ മെച്ചപ്പെടുത്തി കരാറുകള്‍ നല്‍കുന്നതിലെ സങ്കീര്‍ണതകള്‍ ലളിതമാക്കി.

‘ഒരു കരാറുകാരനും എന്‍റെ അടുക്കല്‍ വരേണ്ടതില്ല. സുതാര്യവും സമയബന്ധിതവുമായാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. മന്ത്രാലയം, കരാറുകാര്‍, ബാങ്കുകള്‍ എന്നിവ ഒരു കുടുംബമാണ്. മികച്ച ജോലിയെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണ് അടിസ്ഥാന സൗകര്യവികസനത്തില്‍ ഗതാഗതമന്ത്രാലയത്തിന് ഏഴ് ലോക റെക്കോര്‍ഡുകളുള്ളത്. ഇതൊരു വലിയ നേട്ടമാണ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ റോഡുകള്‍ യുഎസ് നിലവാരത്തിലെത്തും’. രാജ്യത്തെ ഓട്ടമൊബീല്‍ വ്യവസായത്തെ ലോകത്ത് ഒന്നാമതെത്തിക്കാനാണ് ശ്രമം. ജപ്പാനെ മറികടന്ന ഇന്ത്യ ഇപ്പോള്‍ ചൈനയ്ക്കും യുഎസിനും പിന്നില്‍ മൂന്നാമതാണ്. ഏഴര ലക്ഷം കോടി രൂപയുടെ വ്യവസായമാണിത്. സംസ്ഥാനങ്ങള്‍ക്ക് ഏറ്റവുമധികം ചരക്ക് സേവന നികുതി ലഭിക്കുന്ന മേഖല. ഇതിനകം നാലരക്കോടി തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഓട്ടമൊബീല്‍ വ്യവസായത്തിന്‍റെ മൂല്യം 15 ലക്ഷം കോടിയിലെത്തിക്കാനാണ് പദ്ധതി. ഇതിലൂടെ എല്ലാ മേഖലയിലും കുതിപ്പുണ്ടാകും.

  ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഉടൻ നിലവിൽ വരും; പ്രൊഫ. ജഗത് ഭൂഷൺ നദ്ദ

വൈദ്യുതിസമാന്തര ഇന്ധന വാഹനങ്ങള്‍ വ്യാപകമാക്കേണ്ടത് അത്യാവശ്യമാണ്. 16 ലക്ഷം കോടി രൂപയാണ് പെട്രോളിയം ഇറക്കുമതിക്കായി രാജ്യം ചെലവാക്കുന്നത്. പെട്രോളിനു പകരം എഥനോള്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ ഇറങ്ങിത്തുടങ്ങി. 60 രൂപ മാത്രം വിലയുള്ള എഥനോള്‍ ഉപയോഗിച്ചുള്ള ഇന്ധനത്തിന് വില കുറവാണ്. അതില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനും സാധിക്കും. എഥനോള്‍ പമ്പുകള്‍ ഉടന്‍ ആരംഭിക്കും. ഇതോടെ രാജ്യത്തെ കര്‍ഷകര്‍ അന്നദാതാക്കളില്‍നിന്ന് ഊര്‍ജദാതാക്കളായി മാറും. കരിമ്പില്‍നിന്നും നെല്ലില്‍ നിന്നുമാണ് എഥനോള്‍ വേര്‍തിരിക്കുന്നത്. രാജ്യത്തിന്‍റെ ഭാവി തന്നെ മാറ്റിമറിക്കാന്‍ പോകുന്ന സഹകരണമാണ് വ്യവസായികളും കര്‍ഷകരും തമ്മിലുണ്ടാകാന്‍ പോകുന്നത്. ഗ്രാമീണ ആദിവാസി മേഖലകള്‍ക്ക് ഇതു മൂലം മെച്ചമുണ്ടാകും. സ്മാര്‍ട് സിറ്റി പോലെ സ്മാര്‍ട് ഗ്രാമങ്ങളും വികസനത്തില്‍ പ്രധാനമാണ്.

  സ്റ്റാര്‍ട്ട് അപ്പുകൾക്കായി ആമസോണ്‍ ഇന്ത്യ പ്രൊപ്പല്‍ എസ് 4

പൊതുഗതാഗതത്തിന്‍റെ ഭാവിയെന്ന നിലയില്‍ റോപ് വേ, കേബിള്‍ കാര്‍, വൈദ്യുതി ഉപയോഗിച്ചുള്ള പൊതുഗതാഗതം എന്നിവ രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ നഗരങ്ങളിലേക്ക് വൈദ്യുതി ബസുകള്‍ എത്തിക്കാനാണ് ശ്രമം. അഞ്ചു വര്‍ഷം കൊണ്ട് പൊതുഗതാഗതം അടിമുടി മാറും. കുറഞ്ഞ മലിനീകരണവും കുറഞ്ഞ ചെലവുമാകും ഇതിന്‍റെ മുഖമുദ്ര. ദ്വാരക എക്സ്പ്രസ് വേ (9,000 കോടി രൂപ), ആറുവരി നഗരപാത (8,000 കോടി രൂപ), ഈസ്റ്റേണ്‍ പെരിഫെറല്‍ എക്സ്പ്രസ് വേ (12,000 കോടി രൂപ), ഡല്‍ഹിമീററ്റ് എക്സ്പ്രസ് വേ (8,000 കോടി രൂപ) തുടങ്ങി 65,000 കോടി രൂപയുടെ പദ്ധതികളിലൂടെ നഗരങ്ങളിലെ തിരക്ക് കുറയ്ക്കാനാകും.

  ഐബിഎസിന് ടിഎംഎ സിഎസ്ആര്‍ അവാര്‍ഡ്

റോഹ്താങ് മുതല്‍ സ്പിതി താഴ്വരയിലെ ലാഹുല്‍ വരെ മൂന്നു മണിക്കൂര്‍ യാത്രാ സമയം എട്ടു മിനിറ്റായി. കട്ര ഡല്‍ഹി എക്സ്പ്രസ് വേയിലൂടെ അമൃത്സറിലേക്കുള്ള ദൂരം നാല് മണിക്കൂറും ഡല്‍ഹിയില്‍നിന്ന് ശ്രീനഗറിലേക്കുള്ളത് എട്ടു മണിക്കൂറുമായി ചുരുങ്ങും. സോജില ചുരത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കത്തിന്‍റെ പണിയാരംഭിച്ചു. രാജ്യത്ത് 30 അതിര്‍ത്തി റോഡുകള്‍ പോര്‍വിമാനങ്ങള്‍ ഇറങ്ങാന്‍ തക്കവണ്ണമാണ് തയാറാക്കിയിരിക്കുന്നത്. 670 ഇടങ്ങളില്‍ ആളില്ലാ വിമാനങ്ങള്‍ക്കും ഹെലികോപ്ടറുകള്‍ക്കും ഇറങ്ങാന്‍ സൗകര്യമൊരുക്കും. റോഡപകടങ്ങള്‍ പകുതിയാക്കാനുള്ള ശ്രമം മാത്രം ഫലം കണ്ടിട്ടില്ലെന്ന് നിതിന്‍ ഗഡ്കരി സമ്മതിച്ചു. എല്ലാ വര്‍ഷവും അഞ്ച് ലക്ഷം റോഡപകടങ്ങളില്‍ ഒന്നരലക്ഷം പേര്‍ മരിക്കുന്നു. രാജ്യത്തിന്‍റെ ജിഡിപിയില്‍ മൂന്ന് ശതമാനത്തിന്‍റെ കുറവാണ് ഇതിലൂടെ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Maintained By : Studio3