സൂറത്ത് യുവാക്കളുടെ സ്വപ്നനഗരി: പ്രധാനമന്ത്രി
ന്യൂ ഡൽഹി: ലോകത്തിലെ ഏറ്റവും വലുതും ആധുനികവുമായ വജ്രവാണീജ്യസമുച്ചയം സൂറത്ത് ഡയമണ്ട് ബോഴ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വജ്ര ആഭരണ വ്യാപാരത്തിനായുള്ള അസംസ്‌കൃതവും മിനുക്കിയതുമായ വജ്രങ്ങളുടെയും ആഭരണങ്ങളുടെയും വ്യാപാരത്തിനുള്ള ആഗോള കേന്ദ്രമായിരിക്കും ഇത്. ഇറക്കുമതി – കയറ്റുമതിക്കായി അത്യാധുനിക ‘കസ്റ്റംസ് ക്ലിയറന്‍സ് ഹൗസ്’, ചില്ലറ ആഭരണ വ്യാപാരത്തിനായുള്ള ഒരു ജ്വല്ലറി മാള്‍, അന്താരാഷ്ട്ര ബാങ്കിംഗ്, സുരക്ഷിത വോലറ്റുകള്‍ക്കുള്ള സൗകര്യം എന്നിവ ഉള്‍പ്പെടുന്നതാണ് ഇത്. ഇതോടൊപ്പം സൂറത്ത് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനവേളയിൽ സദസ്സിനെ അഭിസംബോധന ചെയ്യവെ, സൂറത്ത് നഗരത്തിന്റെ പ്രൗഢി വർധിപ്പിക്കാന്‍ പുതിയൊരു വജ്രംകൂടി ചേര്‍ത്തതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “ഇതൊരു സാധാരണ വജ്രമല്ല, മറിച്ച് ലോകത്തിലെ ഏറ്റവും മികച്ച ഒന്നാണ്”. സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രത്തിന്റെ തേജസ്സ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളെ മറയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വിജയത്തിന്റെ ഖ്യാതി, ശ്രീ വല്ലഭായ് ലഖാനിയുടെയും ശ്രീ ലാൽജിഭായ് പട്ടേലിന്റെയും വിനയത്തിനും ഇത്രയും വലിയ ദൗത്യത്തിൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ഉത്സാഹത്തിനും നൽകിയ അദ്ദേഹം, സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രത്തിന്റെ മുഴുവന്‍ സംഘത്തെയും ഈ അവസരത്തില്‍ അഭിനന്ദിച്ചു.
“ലോകത്തിലെ വജ്ര നിക്ഷേപ-വിനിമയകേന്ദ്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇന്ത്യയുടെ അഭിമാനത്തോടൊപ്പം സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രവും ഇപ്പോള്‍ മുന്നിലെത്തും”- അദ്ദേഹം പറഞ്ഞു. “സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രം ഇന്ത്യന്‍ രൂപകൽപ്പന, രൂപകൽപ്പന ചെയ്യുന്നവർ, സാമഗ്രികൾ, ആശയങ്ങള്‍ എന്നിവയുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ കെട്ടിടം നവ ഇന്ത്യയുടെ കഴിവുകളുടെയും ദൃഢനിശ്ചയങ്ങളുടെയും പ്രതീകമാണ്”- അദ്ദേഹം പറഞ്ഞു. സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രത്തിന്റെ ഉദ്ഘാടനവേളയില്‍ വജ്രവ്യവസായത്തെ ആകെയും, സൂറത്തിലെയും ഗുജറാത്തിലെയും ഇന്ത്യയിലെയും ജനങ്ങളെയും ശ്രീ മോദി അഭിനന്ദിച്ചു. സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രത്തിലെ സന്ദർശനം അനുസ്മരിച്ച പ്രധാനമന്ത്രി, അതിന്റെ വാസ്തുവിദ്യ ഉയര്‍ത്തിക്കാട്ടുകയും, ലോകമെമ്പാടുമുള്ള പരിസ്ഥിതിവക്താക്കള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന ഹരിതമന്ദിരത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ മൊത്തത്തിലുള്ള വാസ്തുവിദ്യ, ആര്‍ക്കിടെക്ചര്‍-സ്ട്രക്ചറല്‍ എൻജിനിയറിങ് വിദ്യാർഥികള്‍ക്ക് പഠനത്തിനുള്ള സങ്കേതമാക്കാമെന്നും ഭൂപ്രകൃതിയൊരുക്കുന്നതിനുള്ള പാഠത്തിന് ഉദാഹരണമായി പഞ്ചതത്വ ഉദ്യാനം ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂറത്തിന് നല്‍കിയ മറ്റ് രണ്ട് സമ്മാനങ്ങളെക്കുറിച്ച് സംസാരിക്കവെ, സൂറത്തിലെ പുതിയ വിമാനത്താവള ടെര്‍മിനലിന്റെ ഉദ്ഘാടനത്തെക്കുറിച്ചും സൂറത്ത് വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി ഉയര്‍ത്തിയതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ ആവശ്യം നിറവേറ്റിയതിന് സദസ്സ് എഴുന്നേറ്റ് നിന്ന് കൈയടിച്ചു. സൂറത്ത്-ദുബായ് വിമാനം ആരംഭിക്കുന്നതിനെ ക്കുറിച്ചും, ഹോങ്കോങ്ങിലേക്ക് ഉടന്‍ ആരംഭിക്കാനിരിക്കുന്ന വിമാനസർവീസിനെക്കുറിച്ചും അദ്ദേഹം അറിയിച്ചു. “സൂറത്ത്‌കൂടി ചേർന്നതോടെ, ഗുജറാത്തില്‍ ഇപ്പോള്‍ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂറത്ത് നഗരവുമായുള്ള വ്യക്തിപരമായ ബന്ധങ്ങളിലേക്കും പഠനാനുഭവങ്ങളിലേക്കും വെളിച്ചം വീശിയ പ്രധാനമന്ത്രി, ‘ഏവർക്കുമൊപ്പം, കൂട്ടായ പരിശ്രമം’ എന്ന മനോഭാവത്തെക്കുറിച്ചും പരാമര്‍ശിച്ചു. “സൂറത്തിന്റെ മണ്ണ് അതിനെ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമാക്കുന്നു” – ഈ പ്രദേശത്ത് ഉൽപ്പാദിപ്പിക്കുന്ന പരുത്തി സമാനതകളില്ലാത്തതാണെന്ന് ശ്രീ മോദി പറഞ്ഞു. സൂറത്തിന്റെ ഉയര്‍ച്ചതാഴ്ചകളുടെ യാത്ര എടുത്തുകാട്ടിയ പ്രധാനമന്ത്രി, ബ്രിട്ടീഷുകാര്‍ ആദ്യമായി ഇന്ത്യയിലെത്തിയപ്പോള്‍ സൂറത്തിന്റെ പ്രൗഢി അവരെ ആകര്‍ഷിച്ചുവെന്ന് ചൂണ്ടിക്കാട്ടി. സൂറത്ത് ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളുടെ നിർമാണകേന്ദ്രമായിരുന്ന കാലം അനുസ്മരിച്ച പ്രധാനമന്ത്രി, സൂറത്ത് തുറമുഖത്ത് 84 രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകളുടെ പതാകകള്‍ ഉയര്‍ത്തിയിരുന്നെന്നും പറഞ്ഞു. ഇപ്പോള്‍ അത് 125 ആയി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരം അഭിമുഖീകരിച്ച പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെയും വെള്ളപ്പൊക്കത്തെയും കുറിച്ച് പരാമര്‍ശിക്കുകയും, നഗരത്തിന്റെ മനോഭാവം എങ്ങനെ ചോദ്യം ചെയ്യപ്പെട്ടുവെന്ന് അനുസ്മരിക്കുകയും ചെയ്തു. ഇന്നത്തെ അവസരത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ലോകത്ത് ഏറ്റവും മികച്ച രീതിയിൽ വളരുന്ന 10 നഗരങ്ങളില്‍ ഒന്നായി സൂറത്ത് മാറിയെന്നും സൂചിപ്പിച്ചു. സൂറത്തിലെ മികച്ച വഴിയോരഭക്ഷണം, ശുചിത്വം, നൈപുണ്യവികസനം എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. നേരത്തെ സൂര്യനഗരം എന്നറിയപ്പെട്ടിരുന്ന സൂറത്ത്, ജനങ്ങളുടെ കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും വജ്രനഗരം, പട്ടിന്റെ നഗരം, പാലങ്ങളുടെ നഗരം എന്നിങ്ങനെ രൂപാന്തരപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ന് സൂറത്ത് ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്നനഗരിയാണ്”- അദ്ദേഹം പറഞ്ഞു. ഐടി മേഖലയിലെ സൂറത്ത് കൈവരിച്ച മുന്നേറ്റവും അദ്ദേഹം ചൂണ്ടിക്കാട്ടി. സൂറത്ത് പോലൊരു ആധുനിക നഗരത്തിന് സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രത്തിന്റെ രൂപത്തില്‍ ഇത്രയും മനോഹരമായ കെട്ടിടം ലഭിക്കുന്നത് ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു.
” മോദിയുടെ ഉറപ്പിനെക്കുറിച്ച് വളരെക്കാലമായി സൂറത്തിലെ ജനങ്ങള്‍ക്ക്അറിയാം” പ്രധാനമന്ത്രി പറഞ്ഞു. സൂറത്തിലെ ജനങ്ങള്‍ക്ക് മോദി നല്‍കുന്ന ഉറപ്പിന്റെ ഉദാഹരണമാണ് ഡയമണ്ട് ബോഴ്‌സ് എന്നും അദ്ദേഹം പറഞ്ഞു. വജ്രവ്യാപാരവുമായി ബന്ധപ്പെട്ടവരുമായുള്ള ആശയവിനിമയവും വജ്ര വ്യവസായത്തിനായി പ്രത്യേക വിജ്ഞാപനം ചെയ്ത മേഖലകള്‍ പ്രഖ്യാപിച്ച 2014-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക വജ്ര സമ്മേളനവും അനുസ്മരിച്ച പ്രധാനമന്ത്രി, ആ യാത്ര വജ്ര വ്യാപാരത്തിലെ വിവിധ വശങ്ങളെ ഒരു കുടക്കീഴിലാക്കുന്നത് സാദ്ധ്യമാക്കുന്ന സൂറത്ത് ഡയമണ്ട് ബോഴ്‌സിന്റെ രൂപത്തിലുള്ള ഒരു വലിയ വജ്ര കേന്ദ്രത്തിലേക്ക് നയിച്ചതായും പറഞ്ഞു. ”കരകൗശലത്തൊഴിലാളികള്‍ക്കും തൊഴിലാളികള്‍ക്കും വ്യവസായികള്‍ക്കും എല്ലാവര്‍ക്കും സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഒരു ഏകജാലക ഷോപ്പായി മാറിയിരിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1.5 ലക്ഷം പുതിയ തൊഴിലവസരങ്ങളിലേക്ക് നയിക്കുന്ന അന്താരാഷ്ട്ര ബാങ്കിംഗ്, സുരക്ഷിത നിലവറകള്‍, ജ്വല്ലറി മാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ബോഴ്‌സില്‍ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സൂറത്തിന്റെ കാര്യശേഷികളെക്കുറിച്ച് കുറിച്ച് കൂടുതല്‍ വിവരിച്ച പ്രധാനമന്ത്രി, ലോക സമ്പദ്‌വ്യവസ്ഥയില്‍ 10-ല്‍ നിന്ന് 5-ാം സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ കുതിപ്പിനെക്കുറിച്ചും പരാമര്‍ശിച്ചു. ”മൂന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാകുമെന്ന ഉറപ്പ് ഇപ്പോള്‍ മോദി നല്‍കുന്നു”, അദ്ദേഹം പറഞ്ഞു. അടുത്ത 25 വര്‍ഷത്തേക്ക് ഗവണ്‍മെന്റിന് ഒരു പ്രവര്‍ത്തന രൂപരേഖ ഉണ്ട്, 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ, 10 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കയറ്റുമതി വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങളെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, രാജ്യത്തെ വജ്ര വ്യവസായത്തിന് ഇതില്‍ വലിയ പങ്ക് വഹിക്കാനുണ്ടെന്നും പറഞ്ഞു. രാജ്യത്തിന്റെ കയറ്റുമതി ഉയര്‍ത്തുന്നതില്‍ സൂറത്തിന്റെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യാന്‍ അദ്ദേഹം വ്യവസായ പ്രമുഖരോട് ആവശ്യപ്പെട്ടു. വജ്രാഭരണ കയറ്റുമതിയിലും സില്‍വര്‍ കട്ട് ഡയമണ്ടുകളിലും ലാബ് ഗ്രോവണ്‍ ഡയമണ്ടുകളിലും ഇന്ത്യയുടെ മുന്‍നിര സ്ഥാനത്തെക്കുറിച്ച് പ്രസ്താവിച്ച അദ്ദേഹം, മൊത്തത്തിലുള്ള ആഗോള രത്‌ന-ആഭരണ കയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം വെറും 3.5 ശതമാനമാണെന്നും ചൂണ്ടിക്കാട്ടി. ”സൂറത്ത് തീരുമാനിക്കുകയാണെങ്കില്‍, രത്‌ന-ആഭരണ കയറ്റുമതിയിലെ നമ്മുടെ വിഹിതം രണ്ടക്കത്തിലെത്തിക്കാന്‍ കഴിയും”, ഈ മേഖലയ്ക്കുള്ള ഗവണ്‍മെന്റിന്റെ പിന്തുണ ആവര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കയറ്റുമതി പ്രോത്സാഹനത്തിനുള്ള കേന്ദ്രീകൃത മേഖലയായി ഈ മേഖലയെ പ്രഖ്യാപിക്കല്‍, പേറ്റന്റുള്ള ഡിസൈനിന്റെ പ്രോത്സാഹനം, കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ വൈവിദ്ധ്യവല്‍ക്കരണം, മികച്ച സാങ്കേതികവിദ്യയ്ക്കുള്ള സഹകരണം, ബജറ്റിലെ കൃത്രിമ വജ്രങ്ങളുടെ പ്രോത്സാഹനം, കൃത്രിമ വജ്രങ്ങള്‍ക്കുള്ള പ്രത്യേക വ്യവസ്ഥകള്‍ എന്നിവ അദ്ദേഹം പരാമര്‍ശിച്ചു. ആഗോളതലത്തില്‍ ഇന്ത്യയോടുള്ള സകാരാത്മക കാഴ്ചപ്പാടില്‍ നിന്നും മെയ്ക്ക് ഇന്‍ ഇന്ത്യ ബ്രാന്‍ഡിന്റെ വളര്‍ന്നുവരുന്ന നിലയില്‍ നിന്നും ഈ മേഖലയ്ക്ക് പ്രയോജനം ലഭിക്കുമെന്ന് ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
നഗരത്തില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് ജനങ്ങള്‍ക്കുള്ള സ്രോതസ്സുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സൂറത്തിന്റെ ശേഷി ഗവണ്‍മെന്റ് വര്‍ധിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൂറത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ എടുത്തുകാട്ടി, സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളം, മെട്രോ റെയില്‍ സര്‍വീസ്, ഹസീറ തുറമുഖം, ഡീപ് വാട്ടര്‍ എല്‍എന്‍ജി ടെര്‍മിനല്‍, ബഹുതല ചരക്കു തുറമുഖം എന്നിവയുള്‍പ്പെടെ സൂറത്തിലെ സൗകര്യങ്ങളേക്കുറിച്ച് ശ്രീ മോദി പരാമര്‍ശിച്ചു. ”അന്താരാഷ്ട്ര വ്യാപാര കേന്ദ്രങ്ങളുമായി സൂറത്ത് തുടര്‍ച്ചയായി ബന്ധപ്പെടുന്നു. ലോകത്തിലെ വളരെ കുറച്ച് നഗരങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ അന്താരാഷ്ട്ര ഗതാഗത സൗകര്യങ്ങള്‍ ഉള്ളത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായുള്ള സൂറത്തിന്റെ കണക്റ്റിവിറ്റിയും വടക്കന്‍, കിഴക്കന്‍ ഇന്ത്യയിലേക്കുള്ള സൂറത്തിന്റെ റെയില്‍ ബന്ധം ശക്തിപ്പെടുത്തുന്ന വെസ്റ്റേണ്‍ കിഴക്കന്‍ സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയും സൂറത്തിന്റെ വ്യവസായത്തിന് പുതിയ അവസരങ്ങള്‍ നല്‍കാന്‍ പോകുന്നു. നഗരത്തിന്റെ ആധുനിക കണക്റ്റിവിറ്റി പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി, ”സൂറത്ത് മുന്നോട്ട് പോകുകയാണെങ്കില്‍, ഗുജറാത്ത് മുന്നോട്ട് പോകും. ഗുജറാത്ത് മുന്നോട്ട് പോയാല്‍ രാജ്യം മുന്നോട്ട് പോകും” എന്നു വ്യക്തമാക്കി പ്രസംഗം അവസാനിപ്പിച്ച്, അടുത്ത മാസം നടക്കാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു.