ഫിന്‍-ജിപിടിയുമായി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ്
കൊച്ചി: ഫിന്‍ടെക് മേഖലയില്‍ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയ ഫിന്‍-ജിപിടി ഡോട് എഐ എന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ച് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഗോരിത്ത്മ ഡിജിടെക്. ദശലക്ഷക്കണക്കിന് സാമ്പത്തികരേഖകള്‍ ഞൊടിയിടയില്‍ വിശകലനം ചെയ്ത് ഉപഭോക്താവിന് ഏറ്റവും മികച്ച സേവനം നല്‍കുമെന്നാണ് ഇതിലൂടെ കമ്പനി നല്‍കുന്ന വാഗ്ദാനം. ഇക്കഴിഞ്ഞ കെഎസ് യുഎമ്മിന്‍റെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഹഡിലിലാണ് ഇത് അവതരിപ്പിച്ചത്. ചാറ്റ് ജിപിടി സേവനങ്ങള്‍ ഡിജിറ്റല്‍ ലോകത്ത് നടത്തിയ ചലനങ്ങള്‍ ഏവരും ശ്രദ്ധിച്ചതാണ്. അതേ മാതൃകയില്‍ ഫിന്‍ടെക് ലോകത്തെ വെല്ലുവിളികള്‍ ഏറ്റവും ലളിതവും ദ്രുതഗതിയിലും പരിഹരിക്കുന്ന സേവനമാണ് ഫിന്‍-ജിപിടി. ദശലക്ഷക്കണക്കിന് സാമ്പത്തിക ഡാറ്റ ഒരു സ്രോതസ്സിലേക്ക് കൊണ്ടുവരികയും അത് വഴി ഏതു തരം സേവനമാണോ ആവശ്യം അതിനുതകുന്ന സേവനങ്ങള്‍ നല്‍കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.
ഉപഭോക്താവിന് സെക്കന്‍റുകള്‍ക്കുള്ളില്‍ തീരുമാനമെടുക്കാവുന്ന വിധത്തിലാണ് ഈ സേവനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് അല്‍ഗോരിത്ത്മ സ്ഥാപകന്‍ നിഖില്‍ ധര്‍മ്മന്‍ പറഞ്ഞു. ഓഹരി വിപണിയിലെ നിക്ഷേപകരെ സംബന്ധിച്ച് പെട്ടന്നെടുക്കുന്ന തീരുമാനം നിര്‍ണായകമാണ്. ചെലവേറിയ ബ്ലൂംബര്‍ഗ് ടെര്‍മ്മിനലിന് പകരമായാണ് ഫിന്‍-ജിപിടി എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനികളുടെ വിവരങ്ങള്‍, വ്യവസായ സമ്പ്രദായങ്ങള്‍, പുതിയ ശീലങ്ങള്‍, രേഖകളിലെ ഉള്ളടക്കങ്ങള്‍ എന്നിവ സെക്കന്‍റുകള്‍ക്കുള്ളില്‍ അറിയാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്‍റെ സേവനം. ഓഹരിവിപണിയിലെ കയറ്റിറക്കങ്ങള്‍, അതിലേക്ക് നയിച്ച ഘടകങ്ങള്‍, മീഡിയാ റിപ്പോര്‍ട്ടുകള്‍, സര്‍ക്കാര്‍ നയങ്ങള്‍, എന്നിവയെല്ലാം ഫിന്‍-ജിപിടി അപഗ്രഥിക്കുന്നു.നിലവില്‍ ഇത്തരം ഡാറ്റകള്‍ ഏകീകൃത സ്രോതസ്സിലില്ല, അതിനാല്‍ തന്നെ തീരുമാനമെടുക്കുന്നതില്‍ പലപ്പോഴും പാളിച്ചകള്‍ ഉണ്ടാകാറുണ്ട്. ഇതിനു പുറമെ വിവിധ ഭാഷകളിലും ഫിന്‍-ജിപിടി ലഭ്യമാകും.