ആസ്റ്റര്‍ ജിസിസിയിൽ നിക്ഷേപം നടത്താന്‍ ഫജര്‍ ക്യാപിറ്റൽ
കൊച്ചി: ഇന്ത്യയിലേയും ജിസിസി രാജ്യങ്ങളിലേയും ആരോഗ്യമേഖലയില്‍ മുൻനിരയിലുള്ള ആസ്റ്റര്‍ ഡിഎം ഹെൽത്ത്കെയര്‍ അതിന്‍റെ ഇന്ത്യാ-ജിസിസി പ്രവർത്തനങ്ങള്‍ വേർതിരിക്കുന്നു. പ്രവർത്തനം വിഭജിക്കുന്ന പദ്ധതി പ്രകാരം ആസ്റ്റര്‍ ജിസിസി ബിസിനസില്‍ നിക്ഷേപിക്കാന്‍ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജര്‍ ക്യാപിറ്റലിന്‍റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കണ്‍സോർഷ്യവുമായി അഫിനിറ്റി ഹോള്‍ഡിംഗ്സ് കരാറില്‍ ഏർപ്പെട്ടു. എമിറേറ്റ്സ് ഇൻവെസ്റ്റ്മെന്‍റ് അഥോറിറ്റി, അൽസെയര്‍ ഗ്രൂപ്പിന്‍റെ നിക്ഷേപ വിഭാഗമായ അല്‍ ദൗ ഹോള്‍ഡിംഗ് കമ്പനി, ഹന ഇൻവെസ്റ്റ്മെന്‍റ് കമ്പനി, വഫ ഇന്‍റർനാഷണല്‍ ഇൻവെസ്റ്റ്മെന്‍റ് കമ്പനി എന്നിവ ഉള്‍പ്പെട്ടതാണ് ഫജര്‍ ക്യാപിറ്റലിന്‍റെ നേതൃത്വത്തിലുള്ള കണ്‍സോർഷ്യം.
1987-ല്‍ ഡോ. ആസാദ് മൂപ്പന്‍ ദുബായില്‍ ഒരൊറ്റ ക്ലിനിക്കായി ആരംഭിച്ചതാണ് ആസ്റ്റര്‍ ഡിഎം ഹെൽത്ത്കെയര്‍. നിലവിൽ ആസ്റ്ററിന് അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 19 ആശുപത്രികള്‍, 13 ക്ലിനിക്കുകള്‍, 226 ഫാർമസികള്‍, 251 പേഷ്യന്‍റ് എക്സ്പീരിയൻസ് സെന്‍ററുകള്‍ എന്നിവയുണ്ട്. ഗള്‍ഫില്‍, 15 ആശുപത്രികളുമായി ആസ്റ്റര്‍ ശക്തമായ സാന്നിധ്യമാണ് വികസിപ്പിച്ചെടുത്തത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, ജോർദാന്‍ എന്നിവിടങ്ങളിലായി 118 ക്ലിനിക്കുകളും 276 ഫാർമസികളും കൂടി ആസ്റ്ററിനുണ്ട്. ഇന്ത്യാ – ജിസിസി പ്രവർത്തനം വേർതിരിക്കുന്നതോടെ ആരോഗ്യ പരിരക്ഷാ മേഖലയില്‍ രണ്ടു വ്യത്യസ്ത മേഖലകളിലും വളരുന്ന വിപണിയുടെ ആവശ്യകതയും രോഗികളുടെ മുൻഗണനകളും അനുസരിച്ചുള്ള സംഭാവനകള്‍ നല്കുന്നതില്‍ ആസ്റ്റർ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യാ, ജിസിസി സ്ഥാപനങ്ങളുടെ പ്രവർത്തനം വ്യത്യസ്ത മാനേജ്മെന്‍റ് ടീമുകള്‍ ആയിരിക്കും നയിക്കുക.
വ്യത്യസ്ത ബിസിനസ് തന്ത്രങ്ങളും വ്യത്യസ്ത വളര്‍ച്ചാ ചലനാത്മകതയും ഉള്‍പ്പെടുന്നതാണ് ജിസിസി, ഇന്ത്യാ ഹെൽത്ത്കെയര്‍ വിപണികള്‍. 1.4 ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യ തന്നെയാണ് ആസ്റ്റര്‍ ഡിഎം ഹെൽത്ത്കെയര്‍ ലിമിറ്റഡിന്‍റെ വളർച്ചാ പാതയിലെ മുഖ്യ വിപണി. ഇന്ത്യയില്‍ 2027 സാമ്പത്തിക വർഷത്തോടെ 1500-ലധികം കിടക്കകള്‍ കൂടി കൂട്ടിച്ചേർത്ത് ബെഡ് കപ്പാസിറ്റി വർധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ജിസിസിയില്‍ യുഎഇ, സൗദി അറേബ്യ തുടങ്ങിയ പ്രധാന വിപണികളില്‍ ആസ്റ്റര്‍ ഡിഎം ഹെൽത്ത്കെയര്‍ അതിന്‍റെ പ്രവർത്തനം വിപുലീകരിക്കും. വിഭജനത്തിനു ശേഷവും ഡോ. ആസാദ് മൂപ്പന്‍ തന്നെ ഇന്ത്യാ, ജിസിസി സ്ഥാപനങ്ങളുടെ സ്ഥാപകനും ചെയർമാനുമായി തുടരും. ജിസിസി ബിസിനസ് ഗ്രൂപ്പ് സിഇഒ ആൻഡ് മാനേജിംഗ് ഡയറക്ടറായി അലീഷാ മൂപ്പനെ നിയമിക്കും. ഇന്ത്യാ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുക ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡോ. നിതീഷ് ഷെട്ടി തന്നെയായിരിക്കും.
അതത് വിപണികളിലെ വളർച്ചാ ആനുകൂല്യം ലഭ്യമാക്കുന്നതിനുും രണ്ടിനും അതിന്‍റെതായ ന്യായമായ മൂല്യം സ്ഥാപിക്കുന്നതിനുമാണ് ആസ്റ്റര്‍ ഇന്ത്യാ-ജിസിസി പ്രവർത്തനം വേർതിരിക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെൽത്ത്കെയര്‍ ഫൗണ്ടര്‍ ആന്‍ഡ് ചെയർമാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഇന്ത്യയില്‍, പ്രൊമോട്ടർമാർ എന്ന നിലയില്‍ ഞങ്ങള്‍ ഞങ്ങളുടെ വളർച്ചാ പദ്ധതികളിൽ പ്രതിജ്ഞാബദ്ധരാണ്. അതിനാല്‍ ഈ വർഷം ആദ്യം ഞങ്ങളുടെ ഓഹരി 42 ശതമാനമായി ഉയർത്തി. ജിസിസി ബിസിനസില്‍ നിക്ഷേപിക്കാന്‍ നിക്ഷേപകരുടെ ഒരു കണ്‍സോർഷ്യം എന്ന നിലയില്‍ അഫിനിറ്റി ബോർഡ് തെരഞ്ഞെടുത്തത് ഫജര്‍ ക്യാപിറ്റലിനെയാണ്. ജിസിസിയിൽ പ്രത്യേകിച്ച് സൗദി അറേബ്യയില്‍ ഞങ്ങളുടെ വിപുലീകരണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് അവരുടെ വൈദഗ്ധ്യം സഹായകമാകുമെന്ന് ആത്മവിശ്വാസമുണ്ട്. ജിസിസി ബിസിനസില്‍ 35 ശതമാനം ഓഫരി മൂപ്പന്‍ കുടുംബം നിലനിർത്തും. ജിസിസിയില്‍ രോഗികള്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ നല്കുന്നത് തുടരുന്ന രീതിയിലാണ് ആസ്റ്റര്‍ അതിന്‍റെ ബിസിനസ് ഭാവി വിഭാവനം ചെയ്തിരിക്കുന്നത്. ഫജര്‍ ക്യാപിറ്റലിന്‍റെ ശക്തമായ വിപണി സാന്നിധ്യവും ശൃംഖലയും അതിന് അടിവരയിടുന്നുണ്ട്. ജിസിസിയിലെ ഞങ്ങളുടെ വളർച്ചാ പാതയുടെ അടുത്ത ഘട്ടത്തിന്‍റെ മേൽനോട്ടം അലീഷ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.