ഹോണ്ട ഹോര്‍നെറ്റ് 2.0, ഡിയോ 125 2023 റെപ്‌സോള്‍ പതിപ്പുകള്‍ വിപണിയിൽ
കൊച്ചി: പ്രഥമ ഭാരത് മോട്ടോജിപിയുടെ പശ്ചാത്തലത്തില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഹോണ്ട ഹോര്‍നെറ്റ് 2.0, ഡിയോ 125 എന്നിവയുടെ 2023 റെപ്‌സോള്‍ പതിപ്പുകള്‍ പുറത്തിറക്കി. രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിങ് ഡീലര്‍ഷിപ്പുകളിലും പുതിയ ലിമിറ്റഡ് എഡിഷന്‍ റെപ്‌സോള്‍ മോഡലുകള്‍ ലഭ്യമാകും. രണ്ട് മോഡലുകള്‍ക്കും പ്രത്യേക 10 വര്‍ഷത്തെ വാറന്റി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. ഹോണ്ട ഡിയോ 125 റെപ്‌സോള്‍ എഡിഷന് 92,300 രൂപയും, ഹോണ്ട ഹോര്‍നെറ്റ് 2.0 റെപ്‌സോള്‍ എഡിഷന് 1,40,000 രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.
റോസ് വൈറ്റ്, വൈബ്രന്റ് ഓറഞ്ച് നിറങ്ങളിലാണ് പുതിയ ഹോണ്ട ഡിയോ 125 റെപ്‌സോള്‍ എഡിഷന്‍ വരുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, ബ്ലാക്ക്ഡ്-ഔട്ട് ഡ്യുവല്‍ ടിപ്പ് മഫു, സ്പ്ലിറ്റ് ഗ്രാബ് റെയിലോടുകൂടിയ മോഡേണ്‍ ടെയില്‍ ലാമ്പ്, ഓറഞ്ച് അലോയ് വീലുകള്‍ക്കൊപ്പം വേവ് ഡിസ്‌ക് ബ്രേക്ക്, ഹോണ്ടയുടെ സ്മാര്‍ട്ട് കീ, സമ്പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഈക്വലൈസറോടു കൂടിയ കോമ്പിബ്രേക്ക് സിസ്റ്റം (സിബിഎസ്), ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനോടുകൂടിയ 12 ഇഞ്ച് ഫ്രണ്ട് വീല്‍, മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന റിയര്‍ സസ്‌പെന്‍ഷന്‍ എന്നീ ഫീച്ചറുകളും പുതിയ എഡിഷനിലുണ്ട്. 123.92 സിസി, 4 സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ ബിഎസ്5 ഒബിഡി2 അനുസൃത പിജിഎം-എഫ്‌ഐ എഞ്ചിനാണ് ഡിയോ 125 റെപ്‌സോള്‍ എഡിഷന് കരുത്ത് നല്‍കുന്നത്.
ആദ്യമായി മോട്ടോജിപി ഇന്ത്യയില്‍ അരങ്ങേറുമ്പോള്‍ ഇന്ത്യന്‍ റേസിങ് ആരാധകര്‍ക്കിടയില്‍ വളരെയധികം ആവേശമുണ്ട്. ഈ ആവേശം വര്‍ധിപ്പിക്കാനാണ് തങ്ങള്‍ ഹോര്‍നെറ്റ് 2.0, ഡിയോ 125 എന്നിവയുടെ 2023 റെപ്‌സോള്‍ പതിപ്പുകള്‍ പുറത്തിറക്കുന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും, പ്രസിഡന്റും, സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.