January 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രകടന പത്രിക തയ്യാറാക്കല്‍; തരൂര്‍ വിവരങ്ങള്‍ ശേഖരിക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനുമുന്നോടിയായി പാര്‍ട്ടിയുടെ പ്രകടന പത്രിക തയ്യാറാക്കുന്നതിന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ സംസ്ഥാന വ്യാപകമായി പര്യടനം നടത്തും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി സംവദിക്കാനും പ്രകടന പത്രികയ്ക്കായി വിവരങ്ങള്‍ ശേഖരിക്കാനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയാണ് അവശ്യപ്പെട്ടത്. ഇതിനായി അദ്ദേഹം 14 ജില്ലകളിലും സന്ദര്‍ശനം നടത്തി ജനാഭിപ്രായം സ്വരൂപിക്കും.

”കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടി അനുഭാവികളും മാത്രം നല്‍കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാകില്ല പത്രിക തയ്യാറാക്കുക. പകരം ജനങ്ങളില്‍ നിന്ന് ഒരു ഫീഡ്ബാക്ക് നേടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. തയ്യാറെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് പൊതുജനങ്ങളില്‍ നിന്നുള്ള വിവരങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുന്നതിന് ശശി തരൂര്‍ സംസ്ഥാനത്തുടനീളം സഞ്ചരിക്കും,” മാധ്യമങ്ങളോട് സംസാരിക്കവെ ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി നിര്‍ണായക പങ്കാണ് വഹിക്കുന്നത്. തരൂരിന്റെ പുതിയ ഉത്തരവാദിത്തം ലീഗ് നേതൃത്വത്തെ സന്തോഷിപ്പിച്ചിട്ടുണ്ട്. ”യുവാക്കള്‍ക്കും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഇടയില്‍ തരൂരിന് വലിയ സ്വീകാര്യതയുണ്ട്. കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കുന്നതിനുമുമ്പ് പൊതുജനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് ലഭിക്കുന്ന ഫീഡ്ബാക്ക് യുഡിഎഫിന് വളരെയധികം സഹായകരമാകും” ഐയുഎംഎല്‍ അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എംപി ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നു.

Maintained By : Studio3