ബാറ്ററി ഊര്‍ജ്ജ സംഭരണ സംവിധാനങ്ങളുടെ വികസനത്തിനായുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം
ന്യൂ ഡൽഹി: ബാറ്ററികളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റംസ് (ബിഇഎസ്എസ്) വികസിപ്പിക്കുന്നതിനുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വിജിഎഫ്) പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഈ പദ്ധതി മുഖേന 2030-31ഓടെ 4,000 മെഗാവാട്ട് ബിഎസ്എസ്എസ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗിന്റെ രൂപത്തില്‍ മൂലധനച്ചെലവിന്റെ 40% വരെ ബജറ്റ് പിന്തുണയായി നല്‍കും. ഗവണ്‍മെന്റ് സ്വീകരിച്ച പരിസ്ഥിതി അനുകൂല നടപടികളുടെ നീണ്ട പട്ടികയിലെ ഒരു പ്രധാന തീരുമാനമാണ് ഇത്. ഈ നീക്കം ബാറ്ററി സംഭരണ സംവിധാനങ്ങളുടെ ചെലവ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സൗരോര്‍ജ്ജം, കാറ്റ് എന്നിവ പോലുള്ള പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ രൂപകല്‍പ്പന ചെയ്ത ഈ പദ്ധതി പൗരന്മാര്‍ക്ക് ശുദ്ധവും വിശ്വസനീയവും കുറഞ്ഞ വിലയുള്ളതുമായ വൈദ്യുതി നല്‍കുക ലക്ഷ്യമിടുന്നു. ബിഎസ്എസ് പദ്ധതിയുടെ വികസനത്തിനായുള്ള 3,760 കോടി രൂപയുടെ വിജിഎഫ് ബജറ്റ് പിന്തുണ ഉള്‍പ്പെടെ 9,400 കോടി രൂപയുടെ പ്രാരംഭ അടങ്കല്‍, സുസ്ഥിര ഊര്‍ജ്ജ പരിഹാരങ്ങളോടുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. വിജിഎഫ് പിന്തുണ വാഗ്ദാനം ചെയ്യുന്നതിലൂടെ, ഒരു കിലോവാട്ടില്‍ മണിക്കൂറിന് 5.50 രൂപ മുതല്‍ 6.60 രൂപ വരെ ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. സംഭരിച്ച പുനരുപയോഗ ഊര്‍ജ്ജത്തെ രാജ്യത്തുടനീളമുള്ള കൂടുതല്‍ വൈദ്യുതി വേണ്ടി വരുന്ന സമയത്തെ ഉപയോഗം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പ്രായോഗിക സാധ്യതയാക്കി മാറ്റുന്നു. ബിഇഎസ്എസ് പദ്ധതികളുടെ വിവിധ ഘട്ടങ്ങളുമായി ബന്ധിപ്പിച്ച് വിജിഎഫ് അഞ്ച് തവണകളായി വിതരണം ചെയ്യും.
പദ്ധതിയുടെ പ്രയോജനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാന്‍, ബിഎസ്എസ് പദ്ധതി ശേഷിയുടെ 85% എങ്കിലും വിതരണ കമ്പനികള്‍ക്ക് (ഡിസ്‌കോമുകള്‍) ലഭ്യമാക്കും. ഇത് വൈദ്യുതി ഗ്രിഡിലേക്ക് പുനരുപയോഗ ഊര്‍ജത്തിന്റെ സംയോജനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, പ്രസരണ ശൃംഖലകളുടെ ഉപയോഗം ഏകീകരിക്കുമ്പോള്‍ പാഴാകല്‍് കുറയ്ക്കുകയും ചെയ്യും. തല്‍ഫലമായി, ഇത് ചെലവേറിയ അടിസ്ഥാന സൗകര്യ നവീകരണത്തിന്റെ ആവശ്യകത കുറയ്ക്കും. വിജിഎഫ് ഗ്രാന്റുകള്‍ക്കായി ബിഇഎസ്എസ് ഡെവലപ്പര്‍മാരെ തിരഞ്ഞെടുക്കുന്നത് സുതാര്യമായ മത്സരാധിഷ്ഠിത ടെന്‍ഡര്‍ പ്രക്രിയയിലൂടെയാണു നടത്തുക. ഇത് പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് ഒരുപോലഅവസരം നല്‍കും. ഈ സമീപനം ആരോഗ്യകരമായ മത്സരം വളര്‍ത്തുകയും ബിഇഎസ്എസിനുള്ള ശക്തമായ അനുകൂലാന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയും ഗണ്യമായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും അനുബന്ധ വ്യവസായങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ശുദ്ധവും ഹരിതവുമായ ഊര്‍ജ്ജ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര വണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്, ഈ കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ബിഎഎസ്എസ് പദ്ധതി. പുനരുപയോഗ ഊര്‍ജത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നതിലൂടെയും ബാറ്ററി സംഭരണക്ഷമത പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, എല്ലാ പൗരന്മാര്‍ക്കും ശോഭനവും ഹരിതവുമായ ഭാവി സൃഷ്ടിക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.