കേരളത്തിൽ അതിദരിദ്രാവസ്ഥയിലുള്ള 64,000 കുടുംബങ്ങൾ; 2025 ഓടെ ദരിദ്രാവസ്ഥയിലുള്ള ഒരു കുടുംബവും സംസ്ഥാനത്ത് ഇല്ലാതാക്കുക ലക്ഷ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: 2025 ഓടെ പരമ ദരിദ്രാവസ്ഥയിലുള്ള ഒരു കുടുംബവും സംസ്ഥാനത്ത് ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘ഓണം ഒരുമയുടെ ഈണം’ എന്ന പ്രമേയത്തില്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ അതിദരിദ്രാവസ്ഥയിലുള്ള 64,000 കുടുംബങ്ങളാണ് സര്‍ക്കാരിന്‍റെ കണക്കിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് കുറച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുണ്ട്. ഇതിന്‍റെ ആദ്യഘട്ട പ്രഖ്യാപനം ഈ വര്‍ഷം നവംബര്‍ ഒന്നിന് നടത്തും. തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ ദരിദ്രരുടെ എണ്ണം വീണ്ടും കുറയ്ക്കും. 2024 നവംബര്‍ ഒന്നിന് അടുത്ത പ്രഖ്യാപനമുണ്ടാകും. ഇങ്ങനെ ഘട്ടംഘട്ടമായി ദരിദ്രരെ ഇല്ലാതാക്കാനും സമത്വത്തിന്‍റെ സന്ദേശം പ്രാവര്‍ത്തികമാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നവകേരള സങ്കല്‍പ്പം പഴയ ഓണസങ്കല്‍പ്പത്തിലേതിനേക്കാള്‍ മികവുറ്റതും ഐശ്വര്യസമൃദ്ധവുമായ ഒരു പുതുകേരളത്തെ സൃഷ്ടിച്ചെടുക്കാനുള്ളതാണ്. നാല് ലക്ഷത്തോളം വീടുകള്‍ ലഭ്യമാക്കിയ ലൈഫ് പദ്ധതി, ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ ഇതുവരെ ലഭ്യമാക്കിയ മൂന്നുലക്ഷം പട്ടയങ്ങള്‍, 43 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി, അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പ്രത്യേക പദ്ധതി എന്നിവയെല്ലാം നടപ്പാക്കിവരികയാണ്. ഇവയെല്ലാം തന്നെ മാവേലി നാടിന്‍റെ ക്ഷേമസങ്കല്‍പ്പത്തോടു ചേര്‍ന്നു നില്‍ക്കുന്നവയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.