November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടാറ്റാ പവര്‍ കമ്പനി ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ എംപ്ലോയര്‍ ബ്രാന്‍ഡ്

1 min read

മുംബൈ : ഈ വര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച എംപ്ലോയര്‍ ബ്രാന്‍ഡായി ടാറ്റാ പവര്‍ കമ്പനിയെ റാന്‍സ്റ്റഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് (ആര്‍ഇബിആര്‍) തെരഞ്ഞെടുത്തു. തൊഴില്‍ ദാതാക്കളെ വിലയിരുത്തുന്നതിന് സര്‍വേയില്‍ കണക്കിലെടുത്ത മൂന്നു സുപ്രധാന ഘടകങ്ങളായ സാമ്പത്തിക ആരോഗ്യം, മികച്ച അംഗീകാരം, ജീവനക്കാര്‍ക്ക് വളരാനുള്ള അവസരം തുടങ്ങിയവയുടെ കാര്യത്തില്‍ വളരെ ഉയര്‍ന്ന നില യിലാണ് ടാറ്റാ പവര്‍ കമ്പനി. 2022-ല്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു കമ്പനി. ആമസോണ്‍ ആണ് ഈ വര്‍ഷം രണ്ടാം സ്ഥാനത്തുള്ളത്. ടാറ്റാ സ്റ്റീല്‍ മൂന്നാം സ്ഥാനത്തും. ഓണ്‍ലൈന്‍ മെഗാ സ്റ്റോര്‍ ആയ ബിഗ് ബാസ്ക്കറ്റ് രാജ്യത്തെ ആകര്‍ഷകമായ സ്റ്റാര്‍ട്ട് അപ് എംപ്ലോയര്‍ ബ്രാന്‍ഡ് ആയും തെരഞ്ഞെടുക്കപ്പെട്ടു.

തൊഴിലും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് തൊഴില്‍ സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി തുടരുന്നത്. ഇതിന്‍റെ ആനുപാതികമായ പ്രാധാന്യം കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെറിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. സ്ഥിരം ജോലി സമയത്തിനു ശേഷം പുറത്ത് മറ്റൊരു ജോലി കൂടി ചെയ്യാനുള്ള സാധ്യത തൊഴില്‍ ദാതാവിനെ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ആകര്‍ഷകമായ ഒന്നായിട്ടുണ്ട്. പ്രതികരിച്ച 91 ശതമാനം പേരും ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചത്.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

പ്രതികരിച്ചവരില്‍ 41 ശതമാനം പേര്‍ അടുത്ത ആറു മാസത്തിനുളളില്‍ തൊഴില്‍ സ്ഥാപനം മാറാന്‍ ഉദ്ദേശിക്കുന്നുണ്ട്. 30 ശതമാനം പേര്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ സ്ഥാപനം മാറി. 2022-നെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 56 ശതമാനം പേര്‍ മുന്‍ തൊഴില്‍ സ്ഥാപനത്തിലേക്കു പുനപ്രവേശിക്കുന്നത് പരിഗണിക്കുന്നുണ്ട്. അതൊരു മികച്ച എംപ്ലോയര്‍ ബ്രാന്‍ഡ് ആണെന്നതാണു കാരണം. തങ്ങളുടെ മാനേജര്‍മാരുമായും സഹപ്രവര്‍ത്തകരുമായും ഉള്ള മികച്ച ബന്ധമാണ് ജോലിയില്‍ തങ്ങള്‍ കാണുന്ന ഏറ്റവും മികച്ച സാമ്പത്തികേതര നേട്ടമെന്ന് 73 ശതമാനം പേര്‍ കരുതുന്നു.

രാജ്യത്തെ ഏച്ച്ആര്‍ സേവന മേഖലയിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ റാന്‍സ്റ്റഡ് ഇന്ത്യയുടെ കണ്ടെത്തലുകള്‍ ഏറ്റവും സമഗ്രവും സ്വതന്ത്രവും ആഴത്തിലുള്ളതുമായ ഒന്നായാണ് കണക്കിലാക്കുന്നത്. എംപ്ലോയര്‍ ബ്രാന്‍ഡിങിലെ യഥാര്‍ത്ഥ നിലവാരമായി കണക്കാക്കുന്ന റാന്‍സ്റ്റഡ് ഇന്ത്യയുടെ എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് റിപ്പോര്‍ട്ട് ഈ മേഖലയിലെ പുതിയ പ്രവണതകള്‍ കൃത്യമായി വിവരിക്കുന്നുണ്ട്. ആഗോള തലത്തില്‍ 23 വര്‍ഷങ്ങളായി ആര്‍ഇബിആര്‍ റിപ്പോര്‍ട്ട് സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകുന്നുണ്ട്. ഇന്ത്യയില്‍ ഇത് 13-ാമത്തെ വര്‍ഷമാണ്.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

ആഗോള തലത്തില്‍ 32 വിപണികളില്‍ നിന്നായി 1.63 ലക്ഷം പേരില്‍ നിന്നു പ്രതികരണങ്ങള്‍ സ്വീകരിച്ച് ആഗോള സമ്പദ്ഘടനയുടെ 75 ശതമാനത്തോളം ഉള്‍ക്കൊള്ളിച്ചാണ് ഈ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ തൊഴിലും ജീവിതവും സന്തുലിതമായി കൊണ്ടു പോകുന്നതിന് ഏറെ പ്രാധാന്യമാണ് ജീവനക്കാര്‍ നല്‍കുന്നത്. ജീവിതവും ജോലിയും കൂടുതല്‍ സന്തുലിതമായി കൊണ്ടു പോകാന്‍ 49 ശതമാനം പേര്‍ ജോലിയില്‍ നിന്നു രാജി വെക്കാന്‍ തീരുമാനിക്കുകയോ ഇതിനകം രാജി വെക്കുകയോ ചെയ്തിട്ടുണ്ട്. വനിതകള്‍ ജോലിയും ജീവിതവും സന്തുലിതമായി കൊണ്ടു പോകുന്നതില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പതിവു ജോലിക്കൊപ്പം അധിക വരുമാനത്തിനായി മറ്റൊരു ജോലി കൂടി ചെയ്യുന്നതിന് അനുവദിക്കുന്നത് കൂടുതല്‍ ആകര്‍ഷകമായിരിക്കുമെന്ന് 91 ശതമാനം പേരും ചിന്തിക്കുന്നു. ഇക്കാര്യത്തില്‍ 92 ശതമാനത്തോടെ വനിതകളാണ് മുന്നില്‍. പുരുഷന്‍മാരില്‍ ഇത് 89 ശതമാനം പേരാണ്. 25-34 പ്രായക്കാരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. ടാറ്റാ പവര്‍ കമ്പനി, ആമസോണ്‍, ടാറ്റാ സ്റ്റീല്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, മൈക്രോ സോഫ്റ്റ്, സാംസഗ് ഇന്ത്യ, ഇന്‍ഫോസിസ്, ടാറ്റാ മോട്ടോര്‍സ്, ഐബിഎം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷകമായ പത്തു എംപ്ലോയീ ബ്രാന്‍ഡുകള്‍.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

വെറും മൂലധനം കൊണ്ടു മാത്രമല്ല ജീവനക്കാരുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ബിസിനസ് വിജയിക്കുന്നതെന്ന് ലോകമെമ്പാടുമുള്ള സ്ഥാപനങ്ങള്‍ മനസിലാക്കുകയാണെന്ന് സര്‍വേ ഫലങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് റാന്‍സ്റ്റഡ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ പി എസ് വിശ്വനാഥ് പറഞ്ഞു. ഇന്ത്യയിലെ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന രീതികളെ കുറിച്ചും റിപ്പോര്‍ട്ട് വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. മാറുന്ന കാലം പ്രതീക്ഷകളുടെ കാര്യത്തില്‍ കൂടി മാറ്റങ്ങളുണ്ടാക്കുന്നതായി ഈ വര്‍ഷത്തെ കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടുന്നതായും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിലെ സ്ഥാപനങ്ങള്‍ എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള നീക്കങ്ങളും സൗകര്യപ്രദമായ ജോലിയും അവസരങ്ങള്‍ ലഭ്യമാക്കിയും നിരവധി മാറ്റങ്ങള്‍ക്കു തുടക്കമിട്ടിട്ടുണ്ട്. ആര്‍ഈബിആര്‍ റിപ്പോര്‍ട്ട് സ്ഥാപനങ്ങള്‍ക്ക് വഴികാട്ടിയാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Maintained By : Studio3