91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു
1 min read
ന്യൂഡൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന് ഇതു കൂടുതൽ ഉത്തേജനമേകും. പരിപാടിയിൽ നിരവധി പത്മ പുരസ്കാര ജേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അവരെ സ്വാഗതം ചെയ്യുകയും ചെയ്തു. അഖിലേന്ത്യ എഫ്എം ആകാനുള്ള ദിശയിൽ ആകാശവാണി എഫ്എം സേവനങ്ങൾ വിപുലപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് ഇന്നത്തേതെന്നു പ്രധാനമന്ത്രി പറഞ്ഞു. ആകാശവാണിയുടെ 91 എഫ്എം ട്രാൻസ്മിറ്ററുകളുടെ തുടക്കം 85 ജില്ലകൾക്കും രാജ്യത്തെ രണ്ടു കോടി ജനങ്ങൾക്കും സമ്മാനം പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുതരത്തിൽ, ഇത് ഇന്ത്യയുടെ വൈവിധ്യത്തിന്റെയും വർണങ്ങളുടെയും നേർക്കാഴ്ചയാണു പ്രദാനം ചെയ്യുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. പുതിയ 91 എഫ്എം ട്രാൻസ്മിറ്ററുകളുടെ കീഴിൽ വരുന്ന ജില്ലകൾ വികസനം കാംക്ഷിക്കുന്ന ജില്ലകളും ബ്ലോക്കുകളുമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സുപ്രധാന നേട്ടത്തിന് അദ്ദേഹം ആകാശവാണിയെ അഭിനന്ദിച്ചു. ഇതിന്റെ പ്രയോജനം ലഭിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പൗരന്മാരെയും അദ്ദേഹം അഭിനന്ദിച്ചു.
റേഡിയോയുമായുള്ള തന്റെ തലമുറയുടെ വൈകാരിക ബന്ധം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “എന്നെ സംബന്ധിച്ചിടത്തോളം, അവതാരകൻ എന്ന നിലയിൽ റേഡിയോയുമായി എനിക്ക് ബന്ധമുണ്ടെന്നതിൽ കൂടുതൽ സന്തോഷമുണ്ട്” – വരാനിരിക്കുന്ന ‘മൻ കീ ബാത്തി’ന്റെ 100-ാം എപ്പിസോഡ് പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. “നാട്ടുകാരുമായി ഇത്തരത്തിലുള്ള വൈകാരിക ബന്ധം റേഡിയോയിലൂടെ മാത്രമേ സാധ്യമാകൂ. ഇതിലൂടെ, രാജ്യത്തിന്റെ ശക്തിയുമായും നാട്ടുകാരുടെ കടമയുടെ കൂട്ടായ ശക്തിയുമായും എന്നെ കൂട്ടിയിണക്കാൻ കഴിഞ്ഞു” – അദ്ദേഹം പറഞ്ഞു. ‘മൻ കീ ബാത്തി’ലൂടെ ജനകീയ പ്രസ്ഥാനമായി മാറിയ ശുചിത്വഭാരതയജ്ഞം, ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ, ഹർ ഘർ തിരംഗ തുടങ്ങിയ സംരംഭങ്ങളിൽ പരിപാടി വഹിച്ച പങ്കിന്റെ ഉദാഹരണങ്ങൾ നൽകി അദ്ദേഹം ഇക്കാര്യം വിശദീകരിച്ചു. “അതിനാൽ, ഒരു തരത്തിൽ, ഞാൻ നിങ്ങളുടെ ആകാശവാണി സംഘത്തിന്റെ ഭാഗമാണ്” – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു