രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഒരേ ദിവസം
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിന്റെ പതിനെട്ടാം നമ്പർ പ്ലാറ്റ്‌ഫോമിലെത്തിയ പ്രധാനമന്ത്രി മുംബൈ-സായിനഗർ ഷിർദി വന്ദേ ഭാരത് ട്രെയിൻ പരിശോധിച്ചു. ട്രെയിൻ ജീവനക്കാരുമായും കോച്ചിനുള്ളിലെ കുട്ടികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.
ഇന്ത്യയിലെ റെയിൽവേയെയും മഹാരാഷ്ട്രയിലെ നൂതന സമ്പർക്കസൗകര്യങ്ങളെയും സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ ദിനമാണെന്ന് സദസിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. കാരണം, ഇതാദ്യമായാണ് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഒരേ ദിവസം ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഈ വന്ദേ ഭാരത് ട്രെയിനുകൾ മുംബൈ, പുണെ തുടങ്ങിയ സാമ്പത്തിക കേന്ദ്രങ്ങളെ വിശ്വാസ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുമെന്നും അതുവഴി കോളേജ്, ഓഫീസ്, വ്യവസായം, തീർത്ഥാടനം, കാർഷിക ആവശ്യങ്ങൾ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവർക്ക് പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷിർദി, നാസിക്, ത്ര്യംബകേശ്വർ, പഞ്ചവടി തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്രകൾ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ എളുപ്പമാക്കുമെന്നും ഇത് വിനോദസഞ്ചാരത്തിനും തീർഥാടനത്തിനും ഉത്തേജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.