ജെന്‍റോബോട്ടിക്സിന്‍റെ ബാന്‍ഡികൂട്ട് ദാവോസ് ഉച്ചകോടിയില്‍
തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവെഞ്ചറായ ബാന്‍ഡികൂട്ട് ദാവോസില്‍ നടന്ന ലോകസാമ്പത്തിക ഉച്ചകോടി 2023 ല്‍ പ്രദര്‍ശിപ്പിച്ചു. കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെന്‍റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ച ബാന്‍ഡികൂട്ട് ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയമാണ് തിരഞ്ഞെടുത്തത്. ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (എസ്ഡിജി) ഒന്‍പതും കൈവരിക്കാന്‍ ബാന്‍ഡികൂട്ടിന് കഴിഞ്ഞിട്ടുണ്ട്.
മനുഷ്യസഹായമില്ലാതെ മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡികൂട്ട് റോബോട്ടിനെ 2017ലാണ് കേരളത്തില്‍ ആദ്യമായി ജെന്‍റോബോട്ടിക്സ് വികസിപ്പിച്ചത്. ഫെബ്രുവരിയോടെ കേരളത്തിലെ മുഴുവന്‍ മാന്‍ഹോളുകളും മനുഷ്യപ്രയത്നം കൂടാതെ വൃത്തിയാക്കാന്‍ ബാന്‍ഡിക്കൂട്ടിന്‍റെ സേവനം പ്രയോജനപ്പെടുത്താനാകും. ഇതിലൂടെ റോബോട്ടിക് സാങ്കേതികവിദ്യയില്‍ ലോകത്തിന് മുന്നില്‍ മാതൃകയാവാന്‍ കേരളത്തിന് കഴിയും.